Skip to main content

അന്ത്യനാളിന്റെ അടയാളങ്ങള്‍ (6)

അന്ത്യസമയം എപ്പോഴാണ് സംഭവിക്കുകയെന്ന് അല്ലാഹു ഒരാള്‍ക്കും അറിയിച്ചു കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ക്കോ മലക്കുകള്‍ക്കോ പോലും ഇക്കാര്യം അറിയിക്കപ്പെട്ടിട്ടില്ല. ഒരിക്കല്‍ മതകാര്യങ്ങള്‍ സ്വഹാബികള്‍ക്ക് ചോദ്യോത്തര രീതിയില്‍ പഠിപ്പിക്കാന്‍ ജിബ്‌രില്‍(അ) എന്ന മലക്കിനെ പ്രവാചകന്റെ സന്നിധിയിലേക്ക് അല്ലാഹു അയച്ചു. മനുഷ്യരൂപം പൂണ്ട് വന്ന മലക്ക് നബി (സ്വ)യോട് ചോദിച്ചു. ''അന്ത്യനാള്‍ എപ്പോഴാണ്? നബി(സ്വ)യുടെ മറുപടി 'ആ വിഷയത്തില്‍ ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ വിവരമുള്ളവനല്ല'' (മുസ്‌ലിം).

എന്നാല്‍ അന്ത്യനാളിന്റെ കൃത്യമായ സമയം പഠിപ്പിച്ചിട്ടില്ലെങ്കിലും ചില അടയാളങ്ങളെയും സൂചനകളേയും കുറിച്ച് ഇസ്‌ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സത്യ നിഷേധികളെ ലക്ഷ്യം വെച്ച് ചോദിക്കുന്നു. ''ഇനി ആ അന്ത്യസമയം പെട്ടെന്നവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്ക് വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉദ്‌ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും!'' (47:18).
  
ഇവിടെ അന്ത്യനാളിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു എന്ന അല്ലാഹുവിന്റെ അറിയിപ്പ് രണ്ട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. അന്ത്യനാളിന്ന് ചില അടയാളങ്ങളുണ്ട് എന്നും അതില്‍ ചിലത് ഇതിനകം സംഭവിച്ചു കഴിഞ്ഞുവെന്നും മറ്റു ചിലത് വൈകാതെ സംഭവിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് തത്വത്തില്‍ സംഭവിച്ച ഫലം തന്നെയാണതിനെന്നും.

സംഭവിച്ചു കഴിഞ്ഞ ഒരു പ്രധാന അടയാളമാണ് തിരുമേനി(സ്വ)യുടെ നിയോഗം. അതുകൊണ്ടാണ് അവിടുന്ന് ഒരിക്കല്‍ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ച്‌കൊണ്ടു ഇങ്ങനെ അരുളിയത്. ''ഞാനും അന്ത്യസമയവും ഈ രണ്ട് വിരലുകള്‍ പോലെയാണ് (ബുഖാരി, മുസ്‌ലിം).

അന്ത്യനാള്‍ സംഭവിക്കുന്നത് ഒരു വെള്ളിയാഴ്ചയായിരിക്കുമെന്ന് നബി വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ). ഓരോ വെള്ളിയാഴ്ചയും പുലര്‍ച്ച മുതല്‍ അസ്തമയം വരെ ജീവജാലങ്ങളെല്ലാം അന്ത്യനാള്‍ പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യരും ജിന്നു വര്‍ഗവുമൊഴികെ എന്ന് നബി(സ്വ) പറയുകയുണ്ടായി (മുവത്വ, തിര്‍മിദി).

ലോകാവസാനത്തോടനുബന്ധിച്ച് ഭൂമുഖത്ത് പ്രകടമാവുന്ന അടയാളങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലും നബി(സ്വ)യുടെ തിരുവചനങ്ങളിലും കാണാം. അതില്‍ ചിലത് രണ്ടിലുമുണ്ടെങ്കില്‍ മറ്റു ചിലത് ഹദീസില്‍  മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഖുര്‍ആന്‍, ഹദീസ് എന്നീ രണ്ടു പ്രമാണങ്ങളിലും വ്യക്തമായി സൂചിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ 'ദാബ്ബത്തുല്‍ അര്‍ദ്, യഅ്ജൂജ്, മഅ്ജൂജ് എന്നിവയാണ്. പ്രബലമായ ഹദീസുകളില്‍ വ്യക്തമായും ഖുര്‍ആനില്‍ വ്യംഗമായും പരാമര്‍ശിക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ദുഖാന്‍, ഈസാനബിയുടെ പുനരാഗമനം എന്നീ രണ്ടുകാര്യങ്ങളാണ്. എന്നാല്‍ പ്രബലമായ ഹദീസുകളില്‍ മാത്രമായി വെളിവാക്കപ്പെട്ട കാര്യങ്ങള്‍ പലതുമുണ്ട്. അസ്തമന സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ദജ്ജാലിന്റെ വരവ് എന്നീ കാര്യങ്ങളാണ് അവയില്‍ പ്രധാനം.

Feedback