Skip to main content

അന്ത്യനാളിന്റെ ഭീകരത

ഐഹികജീവിതത്തിന് സമാപനം കുറിക്കുന്ന അന്ത്യനാള്‍ അത്യധികം ഭീകരവും ഭയാനകവുമാണ്. ഭൗതിക ലോകത്തിന്റെ പരിണാമ പ്രക്രിയയിലെ സാധാരണവും സ്വാഭാവികവുമായ ഒരു സംഭവമായിട്ടല്ല, പ്രത്യുത ഘോര ശബ്ദവും പ്രകമ്പനവും അട്ടഹാസവുമെല്ലാമടങ്ങുന്ന അത്യധികം ഭീകരമായ ഒരു പ്രതിഭാസമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ അവതരിപ്പിക്കുന്നത്. അന്ത്യനാളിന്റെ ഭീകരതയും ഭയാനകതയും ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ അന്നേ ദിവസം അനുഭവിക്കുന്ന കടുത്ത ആശങ്കയും ഭയപ്പാടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് കാണുക ''മനുഷ്യരേ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലയൂട്ടുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോവുകയും ചെയ്യും.  ജനങ്ങളെ മത്തു പിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷേ അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു. (22:1-2). അക്രമികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിക്കയേ അരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനക) ദിവസം വരെ അവര്‍ക്കവന്‍ സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (അന്ന്) ബദ്ധപ്പെട്ടു ഓടിക്കൊണ്ടും, തലകളുയര്‍ത്തിപ്പിടിച്ചുകൊണ്ടും (അവര്‍ വരും). അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചു വരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും. (14:42,43).

ഹൃദയങ്ങള്‍ തൊണ്ടക്കുഴിക്ക് സമീപമെത്തിയ നിലയില്‍ ശ്വാസമടക്കിപ്പിടിച്ചവരായി വരുന്നവര്‍ (40:18). വിറക്കുന്ന ഹൃദയങ്ങളും കീഴ്‌പ്പോട്ട് താഴ്ന്ന കണ്ണുകളുമുള്ളവര്‍ (79:8,9). മാറിമറിഞ്ഞു വരുന്ന കണ്ണും ഹൃദയവുമുള്ളവര്‍ (24:37). നര ബാധിതരായിപ്പോയ കൊച്ചുകുട്ടികള്‍ (73:17). തുടങ്ങി ആ ദിവസം മനുഷ്യനുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ പല വചനങ്ങളിലായി ഖുര്‍ആന്‍ വിവരിക്കുന്നു.

അന്ത്യനാളിന്റെ ഭയാനകത സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ തെരഞ്ഞെടുത്ത പദങ്ങളും ശൈലിയും തന്നെ ഏറെ ഗൗരവമുള്ളതാണ്. അന്ത്യനാളിനെ കുറിക്കുന്ന ചില പേരുകള്‍ വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഉപയോഗിച്ചത് ശ്രദ്ധിച്ചാല്‍ തന്നെ അക്കാര്യം നമുക്ക് ബോധ്യപ്പെടും.
 

Feedback