Skip to main content

അന്ത്യനാളിന്റെ പേരുകള്‍

അല്‍യൗമുല്‍ ആഖിര്‍ (അന്ത്യനാള്‍). ഇഹലോകത്തെ സംവിധാനമനുസരിച്ചുള്ള ദിവസങ്ങള്‍ ഇവിടെ അവസാനിക്കുന്നു. തുടര്‍ന്നങ്ങോട്ട് പുതിയ ലോകവും പുതിയ കാലവും നിലവില്‍ വരുന്നു (2:232).

അസ്സാഅ (നിര്‍ണിതമായ ആ സമയം). ഈ ലോകത്തിന്റെ അവസാനം കുറിക്കുന്ന സമയമെപ്പോഴെന്നത് അല്ലാഹുവിന് മാത്രം നിശ്ചയമുള്ള കാര്യമാണ്. എന്നാല്‍ അതിന്റെ സംഭവ്യതയില്‍ സംശയിക്കുകയേ വേണ്ടതില്ല എന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ''തീര്‍ച്ചയായും അന്ത്യസമയം (അസ്സാഅ) വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കും. (20:15)

യൗമുല്‍ ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്പ് നാള്‍). മനുഷ്യരെല്ലാം പ്രപഞ്ചനാഥന്റെ തിരുമുമ്പില്‍ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം, വിശുദ്ധ ഖുര്‍ആനിലെ എഴുപത്തിയഞ്ചാമത്തെ അധ്യായത്തിന് പേര് തന്നെ അല്‍ഖിയാമ എന്നാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു എന്നു പറഞ്ഞാണ് ഈ അധ്യായം ആരംഭിക്കുന്നത്. മറ്റൊരിടത്ത് ഇങ്ങനെ കാണാം. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‍പ്പിക്കപ്പെടുന്നവരാണെന്ന്. അതെ ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം (83:04-06).

യൗമുല്‍ ബഅ്ഥ് (പുനരുത്ഥാന നാള്‍).(22:5,30:56).

യൗമുല്‍ ഖുറൂജ് (പുറപ്പാടിന്റെ ദിവസം) രണ്ടാമത്തെ കാഹളമൂത്തിന്റെ ശേഷം ഖബ്‌റുകളില്‍ നിന്ന് മനുഷ്യരെല്ലാം പുറത്തുവരുന്നതിന്നാലാണ് ഈ പേര് സിദ്ധിച്ചത്. അതായത് ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം അതത്രെ (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്റെ ദിവസം (50:42).

അല്‍ഖാരിഅ (വിനാശകരമായ ആപത്ത്), (ഭയങ്കരസംഭവം). വിശുദ്ധ ഖുര്‍ആനിലെ 101-ാം അധ്യായത്തിന്റെ പേര് തന്നെ അല്‍ഖാരിഅ എന്നാണ്. ആ ദിവസത്തിലെ ഭീകരതയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന കാര്യങ്ങളും പര്‍വതങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളും മറ്റും ഇതില്‍ പ്രതിപാദിക്കുന്നു (101:1,2).

യൗമുല്‍ഫസ്വ്ല്‍ (വിധി തീര്‍പ്പിന്റെ ദിവസം). അല്ലാഹു പറയുന്നു: തീര്‍ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു (78:17).

യൗമുദ്ദീന്‍ (പ്രതിഫല നടപടിയുടെ നാള്‍). പ്രതിഫല നടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? വീണ്ടും പ്രതിഫല നടപടിയുടെ ദിവസമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരുദിവസം. അന്നേ ദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിനായിരിക്കും (82:17, 18, 19).

അസ്സ്വാഖ്ഖ (ചെകിടടക്കുന്ന ശബ്ദം). ഘോരശബ്ദത്താല്‍ മനുഷ്യന്‍ ഭയവിഹ്വലനായി ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ നിമിത്തം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനോ ഇതരരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ തുനിയാതെ ഓടിപ്പോവുന്ന ദിവസം (80:33-37).

അത്ത്വാമ്മത്തുല്‍ കുബ്‌റാ (ഏറ്റവും വലിയവിപത്ത്). (79:34).

യൗമുല്‍ഹസ്‌റത്ത് (നഷ്ടബോധത്തിന്റെ ദിനം). അവിശ്വാസികള്‍ക്ക് ഈമാന്‍ സ്വീകരിക്കാത്തതിന്റെ പേരിലും വിശ്വാസികള്‍ക്ക് കര്‍മങ്ങള്‍ കുറഞ്ഞ് പോയതിന്റെ പേരിലും അന്ന് നഷ്ടബോധമുണ്ടാകും (39:56-58).

അല്‍ഗാശിയ (ആകെ മൂടുന്ന സംഭവം). ഭയവും അമ്പരപ്പും എല്ലാവരേയും ആവരണം ചെയ്യുന്നത് കൊണ്ടാണ് അന്ത്യദിനത്തിന് ആ പേര് വന്നത്. അല്‍ഗാശിയ എന്ന വിശുദ്ധ ഖുര്‍ആനിലെ 88-ാം അധ്യായത്തില്‍ ഈ ദിവസത്തിന്റെ ഭയവിഹ്വലതയെ പരാമര്‍ശിക്കുന്നു (88:2).

യൗമുല്‍ ഖുലൂദ് (ശാശ്വതത്വത്തിന്റെ ദിനം). വിശ്വാസികള്‍ സ്വര്‍ഗത്തിലും അവിശ്വാസികള്‍ നരകത്തിലും ശാശ്വത വാസികളായിരിക്കും (50:34).

യൗമുല്‍ ഹിസാബ് (കണക്ക് നോക്കുന്ന ദിവസം). (38:26).

യൗമുല്‍ വഈദ് (താക്കീതിന്റെ ദിവസം). അല്ലാഹു പറയുന്നു. കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം. ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയും കൂടെയുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത് (50:20,21).

യൗമുല്‍ ആസിഫ (ആസന്നമായ ആ സംഭവത്തിന്റെ ദിവസം). ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റ ബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല (40:18).

യൗമുത്തലാഖ് (പരസ്പരം കണ്ടുമുട്ടുന്ന ദിവസം). (40:15).

യൗമുത്തനാദ് (പര്‌സപരം വിളിച്ചു കേഴുന്ന ദിനം). എന്റെ ജനങ്ങളേ, (നിങ്ങള്‍ പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു (40:32).

യൗമുത്തഗാബുന്‍ (നഷ്ടം വെളിപ്പെടുന്ന ദിവസം). വിശുദ്ധ ഖുര്‍ആനിലെ 64-ാം അധ്യായത്തിന്റെ പേരാണ് അത്തഗാബുന്‍. അവിശ്വാസികള്‍ക്ക് നഷ്ടം വെളിപ്പെടുന്ന ന്യായവിധി നാളിനെക്കുറിച്ച് ഈ അധ്യായത്തിലെ 92-ാം സൂക്തത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു. ആ സമ്മേളന ദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ച്കൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു). അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം (64:9).

അല്‍ഹാഖ്ഖ (ആ യഥാര്‍ഥ സംഭവം). വിശുദ്ധ ഖുര്‍ആനിലെ 69-ാം അധ്യായത്തിന്റെ പേരാണ് അല്‍ഹാഖ്ഖ. യഥാര്‍ഥമായി സംഭവിക്കുന്നതും വിചാരണ, പ്രതിഫലം മുതലായ കാര്യങ്ങള്‍ യഥാര്‍ഥ്യങ്ങളായിത്തീരുന്നതുമായ ദിനമായതിനാല്‍ ഖിയാമത്തു നാളിനെ അല്‍ഹാഖ്ഖ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (69:1-3).

അല്‍വാഖിഅ (സംഭവം). വിശുദ്ധ ഖുര്‍ആനിലെ 56-ാം അധ്യായത്തിന്റെ പേരാണ് അല്‍വാഖിഅ. ലോകത്ത് സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലയ്ക്കും അതിന് ആ പേര് വന്നിരിക്കുന്നു. ആ സംഭവം സംഭവിച്ചാല്‍. അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നുംതന്നെ ഇല്ല (56:1,2).

ഇതു കൂടാതെ അനേകം വിശേഷണങ്ങളിലൂടെ അന്ത്യദിനത്തിന്റെ പ്രത്യേകതകളും സ്വഭാവങ്ങളും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇത്രയേറെ നാമങ്ങളും വിശേഷണങ്ങളുമുണ്ടായി എന്നത് ഈ ദിവസത്തിന്റെ ഗൗരവവും ഭീകരതയും എടുത്തു കാണിക്കുകയാണ് ചെയ്യുന്നത്.
 

Feedback