Skip to main content

അന്ത്യനാള്‍ (4)

സജീവവും ചലനാത്മകവുമായ ഈ ലോകം മുഴുവന്‍ ഒരു നാള്‍ അവസാനിക്കും. ഇവിടെ വസിക്കുന്ന മുഴുവന്‍ ജീവജാലങ്ങളും നശിക്കും. സ്രഷ്ടാവായ അല്ലാഹുവിന്റെ 'തിരുമുഖം' ഒഴികെ ഒന്നും അവശേഷിക്കുകയില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (55:26, 27). തുടര്‍ന്ന് പുതിയൊരു ലോകത്തേക്ക് എല്ലാവരേയും ഒരുമിച്ചുകൂട്ടും. കാഹളത്തില്‍ ആദ്യതവണ ഊതുന്നതോടു കൂടി എല്ലാം നശിക്കും. നേരത്തെ മരണമടഞ്ഞിട്ടില്ലാത്തവരെല്ലാം, ഇതോടെ മരിക്കും. അല്ലാഹു പറയുന്നു 'കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ (39:68). ഒന്നാമത്തെ ഊത്തിനെ കുറിച്ച് പരാമര്‍ശിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു ''പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റു നോക്കുന്നു'' (39:68). രണ്ടാമത്തെ ഊത്തോടെ എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്ത് വരുന്നു. അല്ലാഹു പറയുന്നു, ''കാഹളത്തില്‍ ഊതപ്പെടും, അപ്പോള്‍ അവര്‍ ഖബ്‌‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചു ചെല്ലും'' (36:51).  

രണ്ടു തവണയാണ് കാഹളത്തില്‍ ഊത്ത് നടക്കുന്നതെന്ന് ഖുര്‍ആനും ഹദീസും മനസ്സിലാക്കിത്തരുന്നു. കാഹളത്തില്‍ ഊതുന്ന മലക്കിന്റെ പേര് ഹദീസുകളില്‍ വന്നിരിക്കുന്നത് ഇസ്‌റാഫീല്‍ എന്നാണ്. ഇതിന് ഉത്തരവാദപ്പെടുത്തിയത് മുതല്‍ ഈ മലക്ക് അതീവ ജാഗ്രതയോടെ ഊതാനുള്ള കല്പനയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. നബി(സ) പറയുന്നു. ''കാഹളത്തില്‍ ഊതുന്ന മലക്ക് അതിന് ചുമതലപ്പെടുത്തപ്പെട്ടതു മുതല്‍ അര്‍ശിന്റെ നേരെ കണ്ണു നട്ടിരിക്കുകയാണ്, കണ്ണ് ഇമവെട്ടുന്നതിനിടയില്‍ കല്പന വന്നാലോ എന്ന് ഭയന്നുകൊണ്ട്. ജ്വലിച്ച് നില്‍ക്കുന്ന രണ്ട് നക്ഷത്രങ്ങള്‍ പോലെയുണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ (ഹാകിം). ഇതിന്റെ ഗൗരവമോര്‍ത്ത് നബി(സ) പറയുന്നു. 'എനിക്ക് എങ്ങനെയാണ് സുഖലോലുപനായി കഴിച്ചുകൂട്ടാനാവുന്നത്, കാഹളത്തില്‍ ഊതുന്ന മലക്ക് അത് വായില്‍ വെച്ച് നെറ്റി ചുളിച്ച്, ചെവി കൂര്‍പ്പിച്ച്, ഊതാനുള്ള കല്പനയെത്തിയാല്‍ ഊതാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍. അപ്പോള്‍ തങ്ങള്‍ എന്തു പറയണമെന്ന് ചോദിച്ചവരോട് അവിടുന്ന് പറഞ്ഞു. 'ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ അവന്‍ എത്ര നല്ലവന്‍. ഞങ്ങളുടെ രക്ഷകനായ അല്ലാഹുവില്‍ ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു' (തിര്‍മിദി).
 

Feedback