Skip to main content

മരണം (4)

ഭൗതിക ജഡവും അഭൗതികാത്മവും ചേര്‍ന്ന ഒരു സൃഷ്ടിയാണ് മനുഷ്യന്‍. ഇവരണ്ടും തമ്മില്‍ ഒരുതരത്തിലുള്ള വേര്‍പാടാണ് മരണം. അത് സംഭവിക്കുന്നതോടുകൂടി ശരീരപ്രധാനമായ ഐഹികജീവിതത്തില്‍നിന്നും അവന്‍ വിടവാങ്ങുന്നു. ഖുര്‍ആന്‍ പറയുന്നു: ഏതൊരു ദേഹവും മരണം ആസ്വദിക്കുകതന്നെ ചെയ്യും (3:185). 'ആസ്വദിക്കു'മെന്നുള്ള ഖുര്‍ആനിക പ്രയോഗം ഏറെ ശ്രദ്ധേയമാണ്. ആസ്വാദനം പലവിധത്തിലാകാവുന്നതാണ്. വിശ്വാസികള്‍ക്ക് മരണം ഹൃദ്യവും ആസ്വാദ്യകരവുമായിരിക്കുമ്പോള്‍ അവിശ്വാസികള്‍ക്കത് ഭീതിജനകവും കയ്‌പേറിയതുമായ അനുഭവമായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിര്‍ണിതമായ ഐഹികജീവിതത്തില്‍നിന്ന് ഓരോ മനുഷ്യനും നിശ്ചയിക്കപ്പെട്ട അവധി എത്തിയാല്‍ ഭൗതിക ജഡത്തില്‍നിന്ന് ആത്മാവിനെ പിടിച്ചെടുക്കാന്‍ അല്ലാഹു മലക്കുകളെ ഏല്‍പ്പിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു. ''(നബിയേ) പറയുക. നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതാണ്''(32:11). ''അവനത്രെ തന്റെ ദാസന്മാരുടെമേല്‍ പരമാധികാരമുള്ളവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയുംചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല'' (6:61).

 

മലക്കുകള്‍ മനുഷ്യന്റെ ശരീരത്തില്‍നിന്ന് ആത്മാവിനെ പിടിച്ചെടുക്കുന്നതോടുകൂടി ഭൗതിക ജഡത്തില്‍നിന്നും ആത്മാവ് വേര്‍പെട്ട് കഴിഞ്ഞു. ആ വേര്‍പാടാണ് മരണം. മരണത്തോടുകൂടി ശരീരം അതുവരെ വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിത്വം നഷ്ടപ്പെട്ട് നാശമടയാന്‍ തുടങ്ങുകയും ആത്മാവ് ഐഹിക ജീവിതത്തില്‍ നേടിയെടുത്ത അതിന്റെ പൂര്‍ണവ്യക്തിത്വത്തോടുകൂടിയ ആത്മ പ്രധാനമായ ബര്‍സഖ് ലോകത്തേക്ക്, അഥവാ മരണാനന്തര ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. മരണം എന്ന് പറയുന്ന ഈ പ്രതിഭാസം ആത്മാവിനെ വിശുദ്ധമാക്കിയവനെ സംബന്ധിച്ചിടത്തോളം ആനന്ദകരവും ആത്മാവിനെ മലിനപ്പെടുത്തിയവനെ സംബന്ധിച്ചിടത്തോളം ദു:ഖകരവുമായിരിക്കും.
 

Feedback