Skip to main content

മരണചിന്ത

നശ്വരമായ ഐഹിക ജീവിതത്തിലെ ആഹ്ലാദത്തിമിര്‍പ്പും സുഖാനുഭൂതികളുമെല്ലാം ഞൊടിയിടയില്‍ നിലച്ചുപോകുന്ന സന്ദര്‍ഭമാണ് മരണം. മനുഷ്യന്‍ ഏറ്റവുമധികം നിസ്സഹായനാവുന്ന ഒരവസരവുമാണത്. എപ്പോള്‍, എവിടെവെച്ച്, ഏത് വിധേന സംഭവിക്കുമെന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആ അവസ്ഥ ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ടതാണ്. ഏത് നിമിഷവും മരണം വന്നണയുമെന്ന ചിന്തയുണ്ടായാല്‍ ജീവിതം സൂക്ഷ്മതയോടെയും ദൈവസ്മരണ നിലനിര്‍ത്തിയും മുന്നോട്ട് പോകും. നബി(സ) ഇബ്‌നു ഉമറി(റ)നെ ഒരിക്കല്‍ ഉപദേശിച്ചത് ഇങ്ങനെയാണ്. നീ ഇഹലോകത്ത് ഒരു പരദേശിയെപ്പോലെയാവുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ, പുലര്‍ന്നാല്‍ അസ്തമിക്കുമെന്നോ അസ്തമിച്ചാല്‍ പുലരുമെന്നോ നീ കാത്തിരിക്കരുത് (ബുഖാരി). സുഖലോലുപതയില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് മരണസ്മരണ മുന്നറിയിപ്പാണ്. നബി(സ) പറഞ്ഞു. ആസ്വാദനങ്ങളെ മുറിച്ചുകളയുന്ന മരണത്തെക്കുറിച്ചുള്ള സ്മരണ നിങ്ങള്‍ വര്‍ധിപ്പിക്കുക. കാരണം ജീവിത പ്രയാസങ്ങളുണ്ടാകുമ്പോള്‍ മരണത്തെ ഓര്‍ക്കുന്നവന് അത് വിശാലത നല്‍കും. വിശാലതയില്‍ നിന്ന് അത് ഒതുക്കവും നല്‍കും. (ബൈഹഖി)

മരണസ്മരണ നിലനിര്‍ത്താനും പരലോക ചിന്തയുണര്‍ത്താനും വേണ്ടിയാണ് നബി(സ) ഖബ്ര്‍ സന്ദര്‍ശിക്കുന്നത് സുന്നത്തായി പഠിപ്പിച്ചുതന്നിട്ടുള്ളത്. ഖബ്‌റില്‍ ഉള്ള മയ്യിത്തിന്റെ നന്മക്കും രക്ഷക്കും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതോടൊപ്പം ഖബറിടം സന്ദര്‍ശിക്കുന്ന വ്യക്തിക്ക് താനും മണ്ണോടു ചേരേണ്ടവനും ഖബ്‌റില്‍ ഏകനായി കഴിച്ചുകൂട്ടേണ്ടവനുമാണെന്ന ചിന്തയുണ്ടാക്കാന്‍ ഖബ്ര്‍ സന്ദര്‍ശനം കാരണമാകുന്നു.
 

Feedback