Skip to main content

പ്രവാചകന്മാര്‍ മനുഷ്യര്‍

അല്ലാഹു തന്റെ നിയമനിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാനായി അവരില്‍ നിന്ന് തന്നെയുള്ള ദൂതന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. മനുഷ്യ സമുദായത്തിന്റെ മാര്‍ഗദര്‍ശനത്തിന് ആ വര്‍ഗത്തില്‍പ്പെട്ടവരെ ദൂതന്മാരായി അയച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് മാതൃക ലഭിക്കുകയില്ല. ജിന്നുകളും മലക്കുകളുമൊക്കെ അല്ലാഹുവിന്റെ ഇതര സൃഷ്ടികളാണെങ്കിലും അവരില്‍പ്പെട്ടവരെ പ്രവാചകന്മാരാക്കിയിരുന്നെങ്കില്‍ മാനുഷികമായ മാതൃകാജീവിതം അവരില്‍നിന്ന് ലഭിക്കുക സാധ്യമാവില്ല. അല്ലാഹു പറയുന്നു: (നബിയേ) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു (17:95) നീ പറയുക എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതി. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു (17:96).

പ്രവാചകന്മാരെ നിഷേധിച്ചുതള്ളിയ ജനങ്ങളുടെ പരിഹാസത്തിലുള്ള ചോദ്യം നിങ്ങളും ഞങ്ങളെ പോലെയുള്ള മനുഷ്യരല്ലേ, പിന്നെങ്ങനെയാണ് ദൈവദൂതരാവുക, എന്നിങ്ങനെയായിരുന്നു. ഇതിന് മറുപടിയായി 'ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരല്ല' എന്ന് പ്രവാചകന്മാര്‍ പറഞ്ഞില്ല. പ്രത്യുത അവര്‍ മറുപടി പറഞ്ഞത് ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു. ''അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു. ഞങ്ങള്‍ നിങ്ങളെപോലെ മനുഷ്യന്മാര്‍ തന്നെയാണ് (14:11).

പ്രവാചകന്മാര്‍ക്ക് മനുഷ്യര്‍ എന്ന നിലക്കുള്ള എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കപ്പെടേണ്ടതായിട്ടുണ്ട്. അവര്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നു. അവര്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. സുഖവും ദു:ഖവും അവരുടെയും ജീവിതത്തിലുണ്ട്. രോഗാവസ്ഥയും ആരോഗ്യാവസ്ഥയും അവര്‍ക്കുണ്ട്. അവര്‍ ഭൂമിയില്‍ ശാശ്വതരല്ല. അവര്‍ക്ക് ഭാര്യമാരും സന്താനങ്ങളും ഉണ്ട്. പ്രസ്തുത കാര്യങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി വിവരിക്കുന്നു. അല്ലാഹു പറയുന്നു: “ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും'' ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്മാരില്‍ ആരേയും നാം അയക്കുകയുണ്ടായിട്ടില്ല (25:20).

“നിനക്ക് മുമ്പ് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരേയും സന്താനങ്ങളേയും നല്‍കിയിട്ടുണ്ട്' (13:38).

“നിനക്ക് മുമ്പ് (മനുഷ്യരായ) ആളുകളെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക. അവരെ (പ്രവാചകന്മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളുമായിരുന്നില്ല” (21:7, 8).

അന്തിമപ്രവാചകന്‍മാര്‍ മുഹമ്മദ് നബി(സ)യോടും ഈകാര്യം സമൂഹത്തിനു മുമ്പില്‍ പ്രഖ്യാപിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നു.
(നബിയേ) പറയുക, ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ (18:110).

തിന്നുകയും കുടിക്കുകയും ചെയ്യുന്ന, മാംസവും രക്തവുമുള്ള, വേദനയും വികാരങ്ങളുമുള്ള ഒരു മനുഷ്യന്‍ തന്നെയാണ് മുഹമ്മദ്‌ നബി(സ)യും. അതോടൊപ്പം അല്ലാഹുവില്‍നിന്ന് വഹ്‌യ് (ബോധനം) ലഭിക്കുന്നുവെന്നതാണ് സാധാരണ മനുഷ്യരില്‍നിന്ന് നബി(സ)യെ ഉയര്‍ത്തുന്ന ഘടകം. അതുകൊണ്ട് ആ വഹ്‌യ് അനുസരിച്ച് ലഭ്യമായ നിയമനിര്‍ദേശങ്ങള്‍ പാലിക്കാനും പ്രവാചകനെ അനുധാവനം ചെയ്യാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തെറ്റുകള്‍ സംഭവിക്കുക മനുഷ്യ സഹജമാണെങ്കിലും അല്ലാഹു പ്രവാചകനെ തെറ്റുകളില്‍നിന്ന് സുരക്ഷിതനാക്കിയിരിക്കുന്നു (മഅ്‌സും). മുഴുവന്‍ സ്ഖലിതങ്ങളും പൊറുക്കപ്പെട്ടിട്ടുള്ള ഉത്തമസൃഷ്ടി എന്ന പദവി അല്ലാഹു നബി(സ)ക്ക് നല്‍കിയതാണ്.

മനുഷ്യരായിരുന്ന പ്രവാചകന്മാര്‍ മനുഷ്യര്‍ ചെയ്തിരുന്ന പ്രവൃത്തികള്‍ ചെയ്തിരുന്നു. പ്രവാചകത്വത്തിന് മുമ്പ് നബി(സ) നല്ല ഒരു വര്‍ത്തകനായിരുന്നു. പ്രവാചന്മാരെല്ലാം ആട്ടിടയജോലി ചെയ്തതായി ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. (ഫത്ഹുല്‍ബാരി 6:438). അതിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടെന്ന് പൂര്‍വ്വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹനം, വിനയം, ഉത്തരവാദിത്തബോധം, ഊര്‍ജസ്വലത, സൂക്ഷ്മത തുടങ്ങി അനേകം സദ്ഗുണങ്ങള്‍ക്കുള്ള ഒരു പരിശീലനമാണ് ഇടയ വൃത്തിയിലൂടെ ലഭിക്കുന്നതെന്ന് ഇബ്‌നുഹിബ്ബാന്‍ പ്രസ്താവിക്കുന്നുണ്ട്. (ഫത്ഹുല്‍ബാരി 6:437) പ്രവാചകനും രാജാവുമായിരുന്ന ദാവുദ് (അ) പടയങ്കി നിര്‍മ്മാണ വിദഗ്ധനും കൊല്ലനുമായിരുന്നു (21:80). നുഹ്‌നബി(അ) സ്വയംകപ്പലുണ്ടാക്കി (11:38). സകരിയ്യാനബി(അ) ആശാരിപ്പണി ചെയ്തിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട് (മുസ്‌ലിം).
 

Feedback