Skip to main content

സൂഫിസത്തിന്റെ ആരംഭം

ചില മനുഷ്യരുടെ പുണ്യം നേടാനുള്ള അമിതമായ താല്പര്യം ചൂഷണം ചെയ്തുകൊണ്ടാണ് സൂഫിസം പോലുള്ള ഭക്തി പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നത്. അസ്സൂഫിയ, അത്തസ്വവ്വുഫ്, അല്‍മുതസ്വവ്വിഫ് എന്നിങ്ങനെ സൂഫിസവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ സ്വഹാബത്തിനിടയില്‍ ഉപയോഗിക്കപ്പെട്ടുകാണുന്നില്ല. അതുകൊണ്ട് സൂഫിസമെന്ന ആദര്‍ശവും അത് പ്രതിനിധീകരിക്കുന്ന ആശയവും പ്രസ്ഥാനവും എല്ലാം തന്നെ പില്‍കാലത്തുണ്ടായിത്തീര്‍ന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും (താബിഉകളുടെ കാലത്ത്) മൂന്നാം നൂറ്റാണ്ടില്‍ പരക്കെയും ചിലരുടെ പ്രയോഗങ്ങളില്‍ പ്രസ്തുത പദം ജന്മംകൊള്ളുകയും തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ അതിന് പ്രചാരം സിദ്ധിക്കുകയും ചെയ്തുവെന്നാണ് പണ്ഡിതാഭിപ്രായം.

താബിഉകളില്‍ പ്രമുഖനും പണ്ഡിത ശ്രേഷ്ഠനും ഭക്തനുമായിരുന്നു ഹസന്‍ ബസ്വരി (ഹി. 110ല്‍ മരിച്ചു). ഉമര്‍(റ)ന്റെ ഭരണകാലത്ത് മദീനയിലായിരുന്നു ജനനം. പിന്നീട് അദ്ദേഹം ഉസ്മാന്‍(റ)ന്റെ വധത്തിന് ശേഷം ബസറയില്‍ താമസമാക്കി. മതപാണ്ഡിത്യം, ആരാധന, ഭൗതിക സുഖങ്ങളിലുള്ള വിരക്തി, സൂക്ഷ്മത എന്നീ കാര്യങ്ങളില്‍ പ്രസിദ്ധനായിരുന്ന ഹസനുല്‍ ബസ്വരിയുടെ, താബിഉകളിലും താബിഉത്താബിഉകളിലുംപെട്ട അനുയായികള്‍ കൂടുതല്‍ ഭക്തന്മാരും ആരാധനാ താല്പരരുമായി. കൃഷിയും കച്ചവടവും മറ്റ് തൊഴിലുകളുമെല്ലാം ഉപേക്ഷിച്ച് പള്ളികളിലും മഠങ്ങളിലും മാത്രം ദിക്‌റും ദുആയുമായി കഴിഞ്ഞ് കൂടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ നീങ്ങി. ഈ പശ്ചാത്തലത്തിലാണ്, ജീവിത വിരക്തിയിലൂടെ ആരാധനകളില്‍ മാത്രം മുഴുകി കഴിഞ്ഞുകൂടുന്നതിനെ വിമര്‍ശിക്കുകയും ജോലി ചെയ്ത് ജീവിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്യുന്ന 'കിതാബുല്‍ കസ്ബ്' പോലുള്ള ഗ്രന്ഥങ്ങള്‍ വിരചിതമായത്.

മഹാനായ ഹസന്‍ ബസ്വരിയോ അദ്ദേഹത്തിന്റെ അനുയായികളോ സൂഫികളെന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല. പ്രത്യേക തരം ഭാഷകളോ ധ്യാനമുറകളോ ആരാധനാക്രമങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. മഹാനായ ഹസനുല്‍ ബസ്വരിക്കും(റ) അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ വളര്‍ന്ന നല്ലവരായ ശിഷ്യന്മാര്‍ക്കും ശേഷം വന്ന പിന്‍ഗാമികളില്‍ പിശാചു സൃഷ്ടിച്ചെടുത്ത ബിദ്അത്തുകളാണ് പില്‍കാലത്ത് സൂഫിസമായി രൂപാന്തരപ്പെട്ടത്. മുസ്‌ലിം സമൂഹത്തില്‍ ആശയതലത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയും ഭിന്നിപ്പും കക്ഷിത്വവും ഉണ്ടാക്കിയ സംഘങ്ങള്‍ മഹാനായ ഖലീഫ  അലി(റ)യുടെ നാമം എങ്ങനെ ദുരുപയോഗപ്പെടുത്തിയോ അപ്രകാരം സൂഫികള്‍ തങ്ങളുടെ വികലധാരണകള്‍ക്കും നിരര്‍ത്ഥകവാദങ്ങള്‍ക്കും മഹാനായ ഹസനുല്‍ബസ്വരി(റ)യുടെ പേര്‍ ദുരുപയോഗപ്പെടുത്തിയതായി കാണാം.

ഹസന്‍ബസ്വരിയുടെ ശിഷ്യന്‍ അബ്ദുല്‍ വാഹിദ്ബ്‌നു സൈദിന്റെ അനുയായികളിലൊരാള്‍ ബസ്വറയില്‍ ആദ്യമായി ഒരു സൂഫിമഠം സ്ഥാപിച്ചു. അതോടെ സൂഫിസത്തിന് മേല്‍വിലാസവും കേന്ദ്രവും ഉണ്ടായി. തുടര്‍ന്ന് പ്രസ്തുത മഠത്തിലെ അന്തേവാസികളിലൂടെ സൂഫിസം ബസ്വറയിലും ക്രമേണ ഇതര മുസ്‌ലിം നാടുകളിലും പ്രചരിച്ചു.
 

Feedback
  • Wednesday Feb 12, 2025
  • Shaban 13 1446