Skip to main content

സൂഫികളുടെ വിശ്വാസം

മുസ്‌ലിം ലോകത്ത് മുഴുവന്‍ അറിയപ്പെടുകയും പൊതുവില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങള്‍ നാലെണ്ണമാണ്. പരിശുദ്ധ ഖുര്‍ആനും നബിചര്യയും സ്ഥിരപ്പെട്ട ഇജ്മാഉം സുവ്യക്തമായ ക്വിയാസും. പക്ഷേ സൂഫിസത്തില്‍ മൂലപ്രമാണങ്ങളായി ഇതിലുമെത്രയോ കാര്യങ്ങളുണ്ട്. സ്വപ്നങ്ങള്‍, ആത്മീയവെളിപാടുകള്‍, മലക്കുകളുമായുള്ള സംസാരം, അല്ലാഹുവുമായി നേരിട്ടുള്ള സംഭാഷണങ്ങള്‍, പ്രവാചകന്മാരുമായുള്ള കൂടിക്കാഴ്ചകള്‍, അശരീരിയുടെ സംസാരങ്ങള്‍, ഖദിര്‍ നബി നേരിട്ടു നല്‍കുന്ന ഉപദേശങ്ങള്‍, ലൗഹുല്‍ മഹ്ഫൂദില്‍ അപ്പപ്പോള്‍ കുറിക്കപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍, ആത്മാവുകളുടെ ആകാശാരോഹണങ്ങള്‍ എന്നിവയെല്ലാം മൂലപ്രമാണങ്ങളായി അംഗീകരിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങള്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു. 

ബല്‍ഖ് രാജാവായിരുന്ന ഇബ്‌റാഹീമുബ്‌നുഅദ്ഹമിനെ ചുറ്റിപ്പറ്റിയുള്ള ഒരു കെട്ടുകഥയാണ് സൂഫി പ്രസ്ഥാനത്തിന്റെ അടിസ്ഥാനധാര. വേട്ടക്ക് പുറപ്പെട്ട രാജകുമാരന്‍ 'നീ ഇതിന്ന് വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടത് എന്ന അശരീരി കേട്ട് തന്റെ സിംഹാസനത്തിലേക്ക് പുറപ്പെട്ടു. വഴിയില്‍വെച്ച് ദാവൂദ്(അ) ഖദിര്‍(അ) എന്നീ പ്രവാചകന്മാരെ കണ്ടുമുട്ടി ചില ദിക്‌റുകളും മററും വശത്താക്കി അവസാനം ശൈഖായിത്തീര്‍ന്നു (ത്വബകാത്തു സ്വൂഫിയ്യ). ഇതാണ് ആ കഥ.

സൂഫിവിശ്വാസ പ്രകാരം ശൈഖുമാര്‍, പ്രവാചകന്മാരേക്കാള്‍ ഉന്നതരാണ്. ചിലര്‍ ശൈഖുമാരെ ദൈവത്തേക്കാള്‍ ഉയര്‍ത്തി പറഞ്ഞതായും കാണാം. ശൈഖ് പറയുന്നതിനപ്പുറം മുരീദിന് (അനുയായികള്‍ക്ക്) മതമില്ല. സൂഫികള്‍ വിശ്വസിക്കുന്നത് അവരുടെ ശൈഖുമാര്‍ക്ക് തെറ്റുകള്‍ പറ്റുകയില്ലെന്നും അവര്‍ മഹ്ഫൂള് (സംരക്ഷിക്കപ്പെട്ടവര്‍) ആണെന്നുമാണ്. അതിനാല്‍ അവരുടെ സ്വപ്നദര്‍ശനങ്ങള്‍ ദൈവികമാണെന്നും അവര്‍ വാദിക്കുന്നു. അസസമത്വുല്‍ മജീദ് എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

സൂഫി ശൈഖുമാരില്‍ ചിലര്‍ ആകാശാരോഹണം നടത്തി അല്ലാഹുവും മലക്കുകളുമായി സംഭാഷണം നടത്തുകയും പുതിയ കാര്യങ്ങള്‍ അറിയുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. അബ്ദുല്‍ കരീമില്‍ കജലി എന്ന സൂഫിവര്യന്‍ തന്റെ ആകാശാരോഹണ യാത്രയില്‍ അല്ലാഹു, മലക്കുകള്‍, പ്രവാചകന്മാര്‍ എന്നിവര്‍ക്ക് പുറമെ, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, അലക്‌സാണ്ടര്‍ തുടങ്ങിയവരെ കണ്ട് സംഭാഷണം നടത്തിയെന്ന് പറയുന്നു. ആ സൂഫിവര്യന്റെ ആകാശരോഹണയാത്രയെ അടിസ്ഥാനമാക്കി രചിച്ചതാണത്രെ ''അല്‍ഇന്‍സാനുല്‍ കാമില്‍'' (പൂര്‍ണ്ണ മനുഷ്യന്‍) എന്ന ഗ്രന്ഥം.

ഔലിയാക്കളില്‍ അല്ലാഹുവിന്റെ ആത്മാവ് (റൂഹ്) ഇറങ്ങുകയും അല്ലാഹുവും ഔലിയാക്കളും ഏകമാകുന്ന ഒരവസ്ഥ സംജാതമാവുകയും ചെയ്യുമെന്നും ഈ അവസ്ഥയില്‍ അല്ലാഹുവിന്റെ അറിവും കഴിവും മറ്റു ഗുണവിശേഷണങ്ങളും ഔലിയാക്കളില്‍ ദൃശ്യമാകുമെന്നുള്ള  അവതാരവാദത്തില്‍ (ഹൂലുല്‍) സൂഫികള്‍ വിശ്വസിക്കുന്നു. താന്‍ ദൈവരൂപത്തില്‍ അവതരിച്ചിരിക്കുന്നു എന്നും താന്‍ ദൈവം തന്നെയാണെന്നും സമര്‍ത്ഥമായി പ്രചരിപ്പിച്ച സൂഫിയാണ് 'ഹല്ലാജ്' എന്നറിയപ്പെടുന്ന അല്‍ഹുസൈനുബ്‌നുമന്‍സ്വൂര്‍. ദൈവത്തിന്റെ പ്രത്യക്ഷപ്പെടല്‍ (തജല്ലി) വാദിക്കുന്ന മറ്റൊരു വിഭാഗവുണ്ട് സൂഫികളില്‍. ഇബ്‌നുല്‍ ഫാരിദ് എന്ന മനുഷ്യന്‍ വേശ്യകളില്‍ പോലും ദൈവം പ്രത്യക്ഷപ്പെടുമെന്ന് സിദ്ധാന്തിക്കുന്നു. ഇസ്‌ലാമിലെ പ്രാഥമിക പ്രതിജ്ഞാവചനമായ ലാഇലാഹഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല) എന്നതിന് പകരം സൂഫികളുടെ പ്രതിജ്ഞാവചനം 'ലാമൗജൂദഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ മറ്റൊരു അസ്തിത്വവുമില്ല) എന്നത്രെ. അല്ലാഹുവും മനുഷ്യനും ഒന്നാണെന്ന വാദത്തിലൂടെ നന്മതിന്മകളുടെ രക്ഷാ ശിക്ഷകള്‍ നിരര്‍ത്ഥകമായിത്തീരുന്നു. ഹൈന്ദവരുടെ അദ്വൈതവാദത്തിന് സമാനമായ വിശ്വാസം തന്നെയാണ് സൂഫികളും വെച്ചുപുലര്‍ത്തുന്നത്.

ഔലിയാക്കള്‍ എന്ന് വിളിക്കപ്പെടുന്ന പുണ്യാത്മാക്കളുടേതില്‍ നിന്നും താഴെയാണ് സൂഫി വീക്ഷണ പ്രകാരം പ്രവാചകന്മാരുടെ സ്ഥാനം. ഔലിയാക്കള്‍ക്ക് ലഭിക്കുന്ന ആന്തരികജ്ഞാനം (അല്‍ ഇല്‍മുല്‍ഹഖീഖി) പ്രവാചകന്മാര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് ബാഹ്യമായ ശരീഅത്ത് മാത്രമേയുള്ളൂ. ഔലിയാക്കളെ സൂഫികള്‍ ദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുന്നു. ഔലിയാക്കള്‍ തെറ്റുപറ്റാത്തവര്‍ (മഅ്‌സൂമുകള്‍) ആണ് എന്നും സൃഷ്ടികര്‍തൃത്വത്തില്‍ പോലും അവര്‍ക്ക് പങ്കുണ്ടെന്നും സൂഫികള്‍ ജല്പിക്കുന്നു. പ്രപഞ്ചഭരണം നടത്തുന്ന വലിയ്യിന് ഖുതുബുല്‍ അക്ത്വാബ്, അല്‍കുതുബുല്‍ അക്ബര്‍, അല്‍ഔസുല്‍അഅ്ദം എന്നൊക്കെ പേര്  നല്‍കപ്പെട്ടിരുന്നു. അതിന് കീഴില്‍ അക്ത്വാബുകളും അബ്ദാലുകളും സങ്കല്പിക്കപ്പെട്ടിരുന്നു. ഈ സാങ്കല്പിക പ്രപഞ്ച ഭരണത്തില്‍ ഔലിയാക്കളുടെ സ്ഥാന പദവികള്‍ വിചിത്രമാണ്. ക്വതുബ്, നുവ്വാബ്, അഇമ്മത്ത്, ഔതാദ്, അബ്ദാല്‍, നുഖബാഅ്, നുജബാഅ്, ഹവാരിയൂന്‍, രജബിയൂന്‍ എന്നിങ്ങനെ പോകുന്നു ഔലിയാക്കളുടെ പദവികള്‍.

ബഹുദൈവാരാധകരെപ്പറ്റി അല്ലാഹു പറഞ്ഞത് സൂഫികളെ സംബന്ധിച്ചും അര്‍ത്ഥവത്താണ്. ''അത് അവരും അവരുടെ പിതാക്കളും ചമച്ചുണ്ടാക്കിയ പേരുകള്‍ മാത്രമാണ്. അല്ലാഹു അതിന്ന് യാതൊരു രേഖയുമിറക്കിയിട്ടില്ല. അവര്‍ വെറും ഊഹത്തെയും അവരുടെ മനസ്സുകള്‍ ഇഷ്ടപ്പെടുന്നതിനെയും മാത്രം പിന്തുടരുകയാണ്. അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്ക് സന്മാര്‍ഗം വന്നുകിട്ടിയുട്ടുമുണ്ട് (53:23).

Feedback