Skip to main content

വഹ്‌യ് പ്രവാചക വചനങ്ങളില്‍

നബി(സ)ക്ക് ലഭിച്ചിരുന്ന വഹ്‌യിന്റെ പ്രാരംഭഘട്ടത്തില്‍ അതിന്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നുവെന്ന് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഹാരിസ്ബ്‌നുഹിശാം നബിയോട് ചോദിച്ചു. എങ്ങനെയാണ് അങ്ങേക്ക് വഹ്‌യ് ലഭിക്കുന്നത്? നബി(സ) പറഞ്ഞു. ചിലപ്പോള്‍ മണിനാദം പോലെയാണ് അതുണ്ടാവുക. എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമുള്ളത് അതാണ്. അതങ്ങനെ അവസാനിക്കും. അപ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. മറ്റു ചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയുംചെയ്യും.  ആഇശ(റ) പറയുന്നു. കഠിന ശൈത്യമുള്ള ദിവസത്തില്‍ തിരുമേനിക്ക് ദിവ്യസന്ദേശം കിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് അവിടുന്ന് വിരമിച്ച് കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാകും(ബുഖാരി).

വഹ്‌യിന്റെ ആരംഭഘട്ടത്തെകുറിച്ച് ആഇശ(റ) പറയുന്നു: നബിക്ക് വഹ്‌യുകളുടെ ആരംഭം ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നങ്ങളൊക്കെ പ്രഭാതോദയം പോലെ പുലരുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഏകാന്തത ഇഷ്ടമായിത്തുടങ്ങി. ഹിറാ ഗുഹയില്‍ അദ്ദേഹം തനിച്ചിരിക്കുമായിരുന്നു. അങ്ങനെ കുടുംബത്തിലേക്ക് വരാതെ ഒട്ടേറെ രാത്രികള്‍ അദ്ദേഹം ആരാധനയില്‍ മുഴുകി കഴിയും. അതിനുള്ള ആഹാരവുമായാണ് പോകുക. (തീരുമ്പോൾ) ഖദീജയുടെ അടുക്കല്‍ വന്ന് പാഥേയമൊരുക്കി തിരിച്ചുപോകും. ഹിറാ ഗുഹയിലായിരിക്കെ അദ്ദേഹത്തിന് സത്യം (വഹ്‌യ്) വന്നെത്തുംവരെ ഇത് തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് മലക്ക് - ജിബ്‌രീല്‍ വന്ന് വായിക്കുക എന്നാവശ്യപ്പെട്ടു. നബി 'എനിക്ക് വായിക്കാനറിയില്ല' എന്ന് മറുപടി നല്‍കി. നബി(സ) പറയുന്നു. അങ്ങനെ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു. ഞാന്‍ പ്രയാസപ്പെടുവോളം. പിന്നീട് പിടിവിട്ട് 'വായിക്കുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് വായിക്കാനറിയില്ല' (നബി പറയുന്നു) അങ്ങനെ മലക്ക് എന്നെ പിന്നെയും പിടിച്ച് ഞാന്‍ പ്രയാസപ്പെടുവോളം ശക്തിയായി ആശ്ലേഷിച്ചു. ശേഷം  മൂന്നാമതും എന്നെ ശക്തിയായി ആശ്ലേഷിച്ചു. പിന്നെ പിടിവിട്ടുകൊണ്ട് പറഞ്ഞു. സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അിറയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(96:1þ5)

ഉടനെ നബി(സ) പേടിച്ചുവിറയ്ക്കുന്ന ഹൃദയത്തോടെ ഈ സൂക്തങ്ങളുമായി ഖദീജബിന്‍ത് ഖുവൈലിദിന്റെ അടുക്കല്‍ ചെന്നു. അദ്ദേഹമപ്പോള്‍ പറഞ്ഞു. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ, അവരദ്ദേഹത്തെ പുതപ്പിച്ചു. ഭയം അദ്ദേഹത്തില്‍നിന്ന് വിട്ടു മാറിയപ്പോള്‍ നബി സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ)യെ ധരിപ്പിച്ചു. എന്നിട്ട് പറഞ്ഞു. എനിക്കെന്തെങ്കിലും ബാധിച്ചോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി. ഖദീജ(റ) പറഞ്ഞു. ഇല്ല അല്ലാഹുവാണ്, അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് (അവകാശങ്ങള്‍) നേടിക്കൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നു. പിന്നീടവര്‍ നബിയെയും കൂട്ടി തന്റെ പിതൃവ്യപുത്രന്‍ വറകത്ബ്‌നുനൗഫലിബ്‌ന് അസദ്ബ്‌നു അബ്ദുല്‍ ഉസ്സയെ സമീപിച്ചു. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്താനിയായിരുന്നു. അദ്ദേഹത്തിന് ഹിബ്രു എഴുത്ത് അറിയാമായിരുന്നു. അന്ധനായ പടുവൃദ്ധനായി കഴിഞ്ഞിരുന്ന അദ്ദേഹത്തോട് ഖദീജ(റ) പറഞ്ഞു. പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേള്‍ക്കുക, വറഖ ചോദിച്ചു നീ കണ്ടെതെന്താണ്? കണ്ട വിശേഷങ്ങളെല്ലാം നബി(സ) പറഞ്ഞു. വറഖ പ്രതിവചിച്ചു. മൂസാ(അ)യുടെ അടുത്തേക്ക് അല്ലാഹു അയച്ച രഹസ്യ സൂക്ഷിപ്പുകാരന്‍ (ജിബ്‌രീല്‍) ആണത്. (താങ്കള്‍ പ്രവാചകാനാവുമ്പോള്‍) ഞാനൊരു യുവാവായിരുന്നെങ്കില്‍? താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നു. ഉടനെ നബി ചോദിച്ചു. അവരെന്നെ പുറത്താക്കുമെന്നോ? വറഖ അതെ താങ്കള്‍ കൊണ്ടുവന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളില്‍ ഞാനുണ്ടെങ്കില്‍ സുശക്തമായ പിന്‍ബലം നല്‍കി സഹായിക്കും. ഏറെ കഴിയുംമുമ്പേ വറഖ മരണമടഞ്ഞു. കുറച്ച് കാലത്തേക്ക് വഹ്‌യും നിലച്ചു.(ബുഖാരി)

പിന്നീട് മൂന്ന് വര്‍ഷത്തോളം (വഹ്‌യ്) നിലച്ചപ്പോള്‍ വന്ന ഇടവേളയെ ഫത്‌റത്തുല്‍ വഹ്‌യ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജാബിര്‍ബ്‌നു അബ്ദുല്ലാഹിന്‍ അന്‍സാരിയില്‍ നിന്ന് ഉദ്ധരിക്കുന്നു. വഹ്‌യ് നിലച്ച ഘട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു. നബി(സ)യെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്നൊരു ശബ്ദം കേട്ടു. മേലോട്ടു കണ്ണുയര്‍ത്തിയപ്പോള്‍  കണ്ടത് നേരത്തെ ഹിറായില്‍ വന്ന മലക്ക് (ജിബ്‌രീല്‍) ആകാശ ഭൂമികള്‍ക്കിടയില്‍ ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്നതാണ്. ഞാന്‍ പേടിച്ചുപോയി. വീട്ടിലേക്ക് മടങ്ങി. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ എന്ന് വിളിച്ചു പറഞ്ഞു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. പുതച്ചുമൂടിയവനേ, എഴുന്നേല്‍ക്കുക, ജനത്തിന് മുന്നറിയിപ്പ് നല്‍കുക, നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക, നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക, അഴുക്കുകളില്‍നിന്ന് അകന്നുനില്‍ക്കുക.

പിന്നീട് വഹ്‌യ് ചൂടു പിടിക്കുകയായിരുന്നു. അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ വേളയില്‍ നബി(സ) വളരെയധികം ക്ലേശം സഹിച്ച് അത് മന:പാഠമാക്കാന്‍ ചുണ്ടുകള്‍ ചലിപ്പിക്കുമായിരുന്നു. അപ്പോഴാണ് ഖുര്‍ആന്‍ പെട്ടെന്ന് മന:പാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും ഓതിത്തരലും നമ്മുടെ ബാധ്യതയാണ്. അങ്ങനെ നാം ഓതിതന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക. തുടര്‍ന്നുള്ള അതിന്റ വിശദീകരണവും നമ്മുടെ ചുമതലതന്നെയാണ് എന്ന ഖുര്‍ആന്‍ സൂക്തം (75:16-19) അവതരിച്ചത്.
 

Feedback
  • Sunday Jul 21, 2024
  • Muharram 14 1446