Skip to main content

ഹദീസുകളും വഹ്‌യ് തന്നെ

അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ക്കാണ് സാങ്കേതികമായി ദിവ്യബോധനം (വഹ്‌യ്) എന്നു പറയുന്നത്. നബിമാര്‍ക്ക് നല്‍കപ്പെടുന്ന ദിവ്യജ്ഞാനങ്ങള്‍ക്കെല്ലാം വഹ്‌യ് എന്ന് പറയുന്നു. അവയില്‍ ചിലത് പരിശുദ്ധ വേദഗ്രന്ഥങ്ങളും മറ്റു ചിലത് വേദവചനങ്ങളല്ലാത്ത ദിവ്യബോധനങ്ങളുമാണ്. വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടില്ലാത്ത പ്രവാചകന്മാരുടെ ദിവ്യബോധനങ്ങളെല്ലാം വഹ്‌യുകളാകുന്നു. നബിയേ, നൂഹിനും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാര്‍ക്കും നാം സന്ദേശം നല്‍കിയതുപോലെത്തന്നെ നിനക്കും ഞാന്‍ സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി (4:163). ഉപരിസൂചിത സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാരില്‍ മുഹമ്മദ്, ഈസാ, ദാവൂദ്, എന്നിവര്‍ക്കു മാത്രമേ വേദഗ്രന്ഥങ്ങള്‍ ലഭ്യമായിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് ലഭ്യമായ വഹ്‌യുകളെല്ലാം വേദഗ്രന്ഥങ്ങളല്ലാത്ത സന്ദേശങ്ങളായിരുന്നു. അവ പ്രമാണമായംഗീകരിച്ച് തദനുസാരം പ്രവര്‍ത്തിക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിക നിയമങ്ങളുടെ മൗലിക സ്രോതസ്സ് ഖുര്‍ആനാണ്. ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിലേ പ്രവാചകന്‍(സ്വ) സംസാരിക്കുകയുള്ളുവെന്ന് ഖുര്‍ആനില്‍ സംശയലേശമന്യേ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (53:3). അതിനാല്‍ ഖുര്‍ആനിക തത്ത്വങ്ങളെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പ്രവാചകന്‍(സ്വ)  പറയുന്നതും പ്രവര്‍ത്തിച്ചതുമെല്ലാം ദിവ്യവെളിപാടുതന്നെയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനാല്‍ വഹ്‌യ് രണ്ടിനങ്ങളുണ്ട് എന്ന് വ്യക്തമാവുന്നു. അമാനുഷികമായ ഘടനയുള്ളതും, പാരായണം ചെയ്യല്‍ പുണ്യമുള്ളതുമായ (മത്‌ലുവ്വ്)  ഖുര്‍ആനാണ് അവയിലൊന്ന്. നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതും പാരായണം പുണ്യമായിഗണിക്കാത്ത (വഹ്‌യ് ഗൈറു മത്‌ലുവ്) ചര്യയാണ് മറ്റൊന്ന്-അവയ്ക്ക് ഹദീസ് എന്നു പറയുന്നു. മതപരമായ ഏതു വിഷയത്തിലും നബി(സ്വ) സംസാരിച്ചത് വഹ്‌യാണ്. നബി(സ്വ) പറഞ്ഞു: ''അറിയുക എനിക്ക് വേദഗ്രന്ഥവും അത്ര തന്നെ വേറെയും നല്‍കപ്പെട്ടിരിക്കുന്നു'' (അബൂദാവൂദ്: 4604). 

ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''നബി(സ്വ)യെ നിരുപാധികം അനുസരിക്കല്‍ നിര്‍ബന്ധമാണ്. അദ്ദേഹം ആജ്ഞാപിച്ച കാര്യം ഖുര്‍ആനിലുള്ളതായാലും ഇല്ലെങ്കിലും ശരി. അദ്ദേഹത്തിന് ഖുര്‍ആനും അതിനോട് തുല്യമായതും നല്‍കപ്പെട്ടിട്ടുണ്ട്.'' (ഇഅ്‌ലാമുല്‍ മുവഖിഈന്‍: 1:45)

മൂസാ(അ)ക്ക് തൗറാത്ത് ലഭിച്ചത് സീനായിലെ പ്രവാസകാലത്തായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ഒട്ടേറെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ചര്യകളും ജനങ്ങള്‍ക്ക് നല്‍കി. അവയെല്ലാം അനുസരിക്കാന്‍ അദ്ദേഹത്തിന്റെ ജനത ബാധ്യസ്ഥരായിരുന്നു. മുഹമ്മദ്(സ്വ)ക്കും ഇതുപോലെ ഖുര്‍ആനല്ലാത്ത വെളിപാട് അവതരിച്ചുകിട്ടിയിരുന്നെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മസ്ജിദുല്‍ ഹറം ഖിബ്‌ലയാക്കുന്നതിന് മുന്‍പ് നബി(അ)യും അനുയായികളും ബൈതുല്‍ മുഖദ്ദസിന്റെ നേരെ തിരിഞ്ഞായിരുന്നു നമസ്‌കരിച്ചിരുന്നത്. അത് അല്ലാഹുവന്റെ നിശ്ചയപ്രകാരമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാന്‍ ആജ്ഞാപിക്കുന്ന സൂക്തങ്ങളൊന്നും ഖുര്‍ആനില്‍ കണ്ടെത്താനാവില്ലതാനും. അല്ലാഹുവിന്റെ കല്പനപ്രകാരം ആദ്യത്തെ ഖിബ്‌ലയായി ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിയാന്‍ ഉള്ള നിര്‍ദേശം ഖുര്‍ആന്‍ കൂടാതെയുള്ള വെളിപാടിലൂടെയായിരുന്നുവെന്ന് വ്യക്തമാണ്. പ്രവാചകന്റെ വളര്‍ത്തുപുത്രനായ സൈദ് (റ) വിവാഹമോചനം ചെയ്ത സ്ത്രീയെ നബിക്ക് വിവാഹം ചെയ്ത് കൊടുത്തത് നടന്നുകഴിഞ്ഞ സംഭവമായി ഖുര്‍ആനില്‍ (33:37) വിവരിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത കല്പന ഖുര്‍ആനിലില്ല. ഈ കല്‍പന ഖുര്‍ആനല്ലാത്ത വെളിപാടിലൂടെയായിരുന്നുവെന്ന് വ്യക്തമാണ്.

ദിവ്യബോധനം മൂന്നു വിധത്തിലുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''വെളിപാട് രൂപത്തിലോ, മറയ്ക്കു പിന്നിലായോ, ഒരു ദൂതനെ അയച്ച് താനുദ്ദേശിക്കുന്നത് തന്റെ അനുമതിയോടെ ബോധനം നല്‍കിക്കൊണ്ടോ അല്ലാതെ അല്ലാഹു ഒരു മനുഷ്യനോടും സംസാരിക്കുന്നില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു'' (42:51). ഖുര്‍ആന്‍ വ്യക്തമാക്കിയ ഈ മൂന്ന് രൂപങ്ങളില്‍ ദൂതന്‍ (ജിബ്‌രീല്‍) മുഖേനയുള്ള വെളിപാട് മാത്രമാണ് ഖുര്‍ആനിലുള്ളത്. എന്നാല്‍ സ്വപ്നങ്ങളിലൂടെയും ദൈവം സന്മാര്‍ഗ ദര്‍ശനം നല്‍കുമെന്നതിന് ഖുര്‍ആന്‍ പിന്‍ബലം നല്‍കുന്നുണ്ട്. മക്കയില്‍ പ്രവേശിക്കുന്നതും കഅ്ബ ത്വവാഫ് ചെയ്യുന്നതും മദീനയില്‍വെച്ച് പ്രവാചകന്‍ സ്വപ്നം കാണുകയുണ്ടായി. ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. പ്രസ്തുത സ്വപ്നം പ്രവാചകനെ അല്ലാഹു കാണിച്ചതാണെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ''നിസ്സംശയം അല്ലാഹു തന്റെ ദൂതന് സ്വപ്നം സത്യസന്ധമായി സാക്ഷാത്കരിച്ചിരിക്കുന്നു. അതായത് നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ തീര്‍ച്ചയായും പ്രവേശിക്കണമെന്ന സ്വപ്നം''(48:27). ഹദീസുകളും ദൈവിക വെളിപാട് തന്നെയാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.

Feedback