Skip to main content

അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം

ഇസ്തിഗാസ എന്ന പദപ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് അല്ലാഹുവിന്റെ സൃഷ്ടികളോട് പ്രാര്‍ത്ഥിക്കാന്‍ ന്യായം കണ്ടെത്തുന്ന ചിലരെയും കാണാന്‍ സാധിക്കും. ഇസ്തിഗാസ എന്ന പേരില്‍ മരിച്ചുപോയ മഹാന്മാരോട് സഹായം തേടുമ്പോള്‍ അല്ലാഹുവില്‍ അവരെ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്. സമ്പൂര്‍ണമായ കാഴ്ചയും കേള്‍വിയും അറിവും നിയന്ത്രണാധികാരവുമെല്ലാം അല്ലാഹുവിനെ പോലെതന്നെ ഈ മഹാന്മാര്‍ക്കും ഉണ്ടെന്ന് അരോപിക്കുകയാണ് ചെയ്യുന്നത്. ഇത് അല്ലാഹു മഹാ അക്രമം എന്ന് വിശേഷിപ്പിച്ച ശിര്‍ക്ക്(ബഹുദൈവ വിശ്വാസം) ആണ് എന്ന കാര്യത്തില്‍ സംശയമില്ല.  

മഹാന്മാരോട് വിളിച്ചുതേടുന്നവര്‍ (ഇസ്തിഗാസ) തങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണെന്ന സത്യം വിസ്മരിക്കുന്നു. തങ്ങള്‍ ഈ മഹാന്മാരെ ഇലാഹാക്കിക്കൊണ്ട് വിളിക്കുന്നില്ല എന്നാണവരുടെ ന്യായവാദം. ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''മലക്കുകളെ ആരാധിച്ചിരുന്നവര്‍ അവന്‍ ഇലാഹാണെന്നു വാദിച്ചിരുന്നില്ല'' (21-22:23)

ഇമാം തുര്‍മുദി ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: ''ഞങ്ങള്‍ നബിയുടെ കൂടെ ഹുനൈന്‍ യുദ്ധത്തിന് പുറപ്പെട്ടു. അവിശ്വാസത്തില്‍ നിന്നും ഞങ്ങള്‍ അടുത്ത കാലത്ത് മാത്രം ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു. മുശ്‌രിക്കുകള്‍ക്ക് ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിന്റെയടുത്ത് ഭജനമിരിക്കുകയും അതിന്മേല്‍ അവരുടെ ആയുധങ്ങള്‍ കെട്ടിത്തൂക്കുകയും ചെയ്യാറുണ്ട്. 'ദാതുഅന്‍വാത്' എന്ന പേരിലാണ് ആ വൃക്ഷം അറിയപ്പെട്ടിരുന്നത്. ഞങ്ങള്‍ നബി തിരുമേനി(സ)യോട് പറഞ്ഞു.   ''പ്രവാചകരേ അവര്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്ത് അന്‍വാത് ഉണ്ടാക്കി തന്നാലും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : അല്ലാഹുവാണെ സത്യം. അവര്‍ക്ക് പല ഇലാഹുകള്‍ (ദൈവങ്ങള്‍) ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരികയെന്ന് ഇസ്രായീല്യര്‍ മൂസായോട് പറഞ്ഞത് പോലെയാണല്ലോ ഇത്. നിശ്ചയം നിങ്ങള്‍ അറിവില്ലാത്ത ഒരു  സമുദായമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യയെ പിന്തുടരുന്നതാണ.്''

യുദ്ധത്തിന്പുറപ്പെട്ട സ്വഹാബികള്‍ ഇവിടെ തങ്ങള്‍ക്ക് ഒരു ഇലാഹ് വേണമെന്ന് പറഞ്ഞിട്ടില്ല. ബര്‍ക്കത്തിന് വേണ്ടി ഒരു മരം വേണമെന്ന് പറഞ്ഞത് ഇലാഹാക്കല്‍ (ദിവ്യത്വം കല്‍പ്പിക്കല്‍) ആണെന്ന് പ്രവാചകന്‍ വ്യക്തമാക്കി. വദ്ദ്, സുവാഅ്, ലാത്ത, ഉസ്സ തുടങ്ങിയവരെ പ്രാര്‍ഥിച്ചിരുന്നവര്‍ അവരെ ഇലാഹാക്കുന്നു എന്ന് പറഞ്ഞിട്ടില്ല. എങ്കിലും ഇലാഹിന് ചെയ്യേണ്ട കാര്യങ്ങള്‍ ഏതൊന്നിന് ചെയ്തുവോ അതോട് കൂടി അതിനെ ഇലാഹാക്കി എന്നര്‍ത്ഥം. ഈസാ നബി(അ)യെയും കന്യാമര്‍യമിനെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും അയ്യപ്പനോടും കൃഷ്ണനോടും പ്രാര്‍ത്ഥിക്കുന്നവരും അവര്‍ ഇലാഹുകളാണെന്ന് പറയുന്നില്ല. എന്നാല്‍ ഇലാഹിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവരോട് ചെയ്യുന്നതോട് കൂടി അവരെ ആരാധ്യന്മാരാക്കി എന്ന ആശയമാണ് ലഭിക്കുന്നത്. 
 

Feedback