Skip to main content

മരിച്ചവരോടുള്ള സഹായതേട്ടം

മരിച്ചവര്‍ക്ക് പ്രാര്‍ഥന കേള്‍ക്കാന്‍ കഴിയുമെന്നും അതിനാല്‍ ഭൗതിക ലോകത്ത് വെച്ച് മരിച്ചവരോട് സഹായം തേടാം എന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മരിച്ചവരുടെ കേള്‍വിക്കുള്ള വിദൂരസാധ്യത പോലും അംഗീകരിക്കുന്നില്ല. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണ്? അവരാകട്ടെ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുയും ചെയ്യും. ഇവര്‍ തങ്ങളെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും (46:5,6).

പ്രാര്‍ത്ഥിക്കപ്പെട്ടവര്‍ മഹ്ശറയില്‍ വെച്ച് നിഷേധരൂപത്തില്‍ സംസാരിക്കുമെന്ന് ഈ സൂക്തത്തില്‍ വ്യക്തമാകുന്നതിനാല്‍ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ബിംബങ്ങളല്ല, മരിച്ചവര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ബിംബങ്ങള്‍ സംസാരിക്കുകയോ ബിംബങ്ങളെ അല്ലാഹു വിചാരണ ചെയ്യുകയോ ഇല്ല. മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്നതിന് ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്തവിധം നമ്മെ ബോധ്യപ്പെടുത്തുന്നു.

നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളിയാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവിനെ) പോലെ നിനക്കു വിവരം നല്‍കാന്‍ ആരുമില്ല.(35:14). ഈ സൂക്തത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ബഹുദൈവാരാധകരെ നോക്കി അവരുടെ ചെയ്തികളെ നിഷേധിക്കുമെന്ന് പറഞ്ഞത് ബിംബങ്ങളാകാന്‍ ഒരിക്കലും തരമില്ല. ആരാധ്യന്മാരായി അവര്‍ സ്വീകരിച്ച മണ്‍മറഞ്ഞ മഹാന്മാരായിരിക്കുമെന്ന് വളരെ വ്യക്തമാകുന്നു. അല്ലാഹുപറയുന്നു: ''നിനക്ക് ഖബ്‌റിലുള്ളവരെ കേള്‍പ്പിക്കാനാകില്ല'' (35:22).

മരിച്ചവര്‍ കേള്‍ക്കില്ല എന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തേയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവരുന്നു. ഉപദേശം തെല്ലും ഫലപ്പെടാത്തവരെ വിശുദ്ധ ഖുര്‍ആന്‍ മരിച്ചവരോട് ഉപമിച്ചിട്ടുണ്ട്. (27:80, 30:52) മരിച്ചവര്‍ക്ക് അല്പമെങ്കിലും കേള്‍വിശക്തിയുണ്ടായിരുന്നെങ്കില്‍ ഈ ഉപമ പറയുമായിരുന്നില്ല. മരിച്ചവരോട് സഹായം തേടാമെന്നതിന് തെളിവായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രാകാരമാണ്:

''അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. ഒരു മനുഷ്യന്റെ മയ്യിത്ത് ഖബ്‌റില്‍ വെച്ച് അനുയായികള്‍ പിരിഞ്ഞ് പോകുമ്പോള്‍ അവരുടെ ചെരിപ്പ് ഭൂമിയില്‍ അടിക്കുന്ന ശബ്ദം അയാള്‍ കേള്‍ക്കും. അപ്പോള്‍ രണ്ട് മലക്കുകള്‍ അവന്റെയടുക്കല്‍ വന്നു അവനോട് ചോദിക്കും. മുഹമ്മദ് എന്ന ഈ വ്യക്തിയുടെ കാര്യത്തില്‍ നീ എന്തായിരുന്നു പറഞ്ഞിരുന്നത്? അപ്പോള്‍ സത്യവിശ്വാസി പറയും. അവിടുന്ന് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അന്നേരം അവനോട് മലക്കുകള്‍ പറയും. അതാ നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ. അതിന്നു പകരം അല്ലാഹു സ്വര്‍ഗത്തില്‍ നിനക്കൊരു ഇരിപ്പിടം നല്‍കിയിരിക്കുന്നു. തല്‍സമയം ആ രണ്ട് ഇരിപ്പിടങ്ങളും അവന്‍ കാണുന്നതാണ്. എന്നാല്‍ സത്യനിഷേധിയോടും കപടവിശ്വാസിയോടും ഇയാളുടെ കാര്യത്തില്‍ നീ എന്ത് പറഞ്ഞിരുന്നവെന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയും: എനിക്കറിയില്ല. ജനങ്ങള്‍ പറയാറുള്ളത് ഞാനും പറഞ്ഞിരുന്നു. അപ്പോള്‍ മലക്കുകള്‍ അവനോട് പറയും. സത്യം മനസ്സിലാക്കിയില്ല, വായിച്ചുപഠിച്ചതുമില്ല. പിന്നെ ഒരു ഇരുമ്പു ദണ്ഡു കൊണ്ട് ശക്തിയില്‍ അവന്‍ അടിക്കപ്പെടും. അപ്പോഴവന്‍ അത്യുച്ചത്തില്‍ അട്ടഹസിക്കും. ജിന്നുകളും മനുഷ്യരുമൊഴിച്ച് സമീപ പ്രദേശത്തുള്ള എല്ലാ വസ്തുക്കളും അത് കേള്‍ക്കുന്നതാണ് (ബുഖാരി, മുസ്‌ലിം).

ഖബ്‌റിലുള്ളവര്‍ ചെരിപ്പടി ശബ്ദം കേള്‍ക്കുമെന്ന കാര്യം പറഞ്ഞ് ഈ ഹദീസിന്റെ വെളിച്ചത്തില്‍ മരിച്ചുപോയവരോട് സഹായം തേടാമെന്ന് ചിലര്‍ വാദിക്കുന്നു. ഖബ്‌റിലെ ചോദ്യം സത്യവിശ്വാസികളോട് മാത്രമല്ല, സത്യനിഷേധികളോടും കപടവിശ്വസികളോടുമൊക്കെയുള്ളതിനാല്‍ മരിച്ചുപോയ കാഫിറുകളോടും മുനാഫിഖുകളോടും സഹായം തേടാം എന്ന് പറയേണ്ടിവരും. ഈ ഹദീസിനെ വ്യാഖ്യാതക്കളാരും മരിച്ചവരോട് പ്രാര്‍ത്ഥിക്കാനുള്ള തെളിവായി ഉദ്ധരിച്ചിട്ടില്ല. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) നബി(സ)യുടെ മരണത്തിന് ശേഷവും ജീവിച്ച ആളാണ്. അദ്ദേഹം മരിച്ചുപോയ നബി(സ)യോട് സഹായാഭ്യര്‍ഥന നടത്തിയിട്ടില്ല. മറവു ചെയ്തവര്‍ ഖബ്‌റിന്നരികില്‍ നിന്ന് തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മലക്കുകളുടെ ചോദ്യം നടക്കുമെന്നാണ് ഈ ഹദീസിന്റെ താല്പര്യം. ഖബ്‌റില്‍ മരിച്ച് കിടക്കുന്നവരുടെ കേള്‍വി സ്ഥാപിക്കലല്ല ഹദീസിന്റെ ഉദ്ദേശ്യം. മറിച്ച്, ഖബ്‌റില്‍ അവര്‍ താമസംവിനാ മലക്കുകളുടെ ചോദ്യത്തെ നേരിടേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തുക എന്നതാണ്.

ആപല്‍ഘട്ടങ്ങളില്‍ രക്ഷതേടി നടത്തുന്ന സഹായര്‍ഥന എന്ന അര്‍ഥത്തില്‍ 'ഇസ്തിഗാസ' എന്ന പദം ഉപയോഗിക്കപ്പെട്ടതായി കാണാന്‍ കഴിയും. മനുഷ്യ കഴിവില്‍പ്പെട്ട കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ പരസ്പരം സഹായര്‍ഥന നടത്തുന്നത് ഇസ്‌ലാം അനുവദിച്ചതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്). പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുള്ള പരമാര്‍ഥമാണത്.
 

Feedback