Skip to main content

നിരോധിക്കപ്പെട്ട നേര്‍ച്ച

ഇബ്‌നു ഉമര്‍(റ) പറയുന്നു: നേര്‍ച്ച നേരുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. തീര്‍ച്ചയായും അത് യാതൊരു കാര്യത്തേയും തടഞ്ഞുവെക്കുകയില്ല. പിശുക്കന്റെ പണം പുറത്തു ചാടിക്കുക മാത്രമാണ് അത് ചെയ്യുന്നത്. (ബുഖാരി, മുസ്‌ലിം, നസാഈ, അബൂദാവൂദ്, ഇബ്‌നുമാജ, അഹ്മദ്, ദാരിമി) ഉദ്ദിഷ്ട കാര്യം സാധിച്ചു കിട്ടാന്‍ വേണ്ടി നേര്‍ച്ച നേരുക എന്ന സമ്പ്രദായം റസൂല്‍(സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. കാരണം അല്ലാഹുവിന്റെ തീരുമാനത്തെ മാറ്റുവാനോ തിരുത്തുവാനോ നേര്‍ച്ച കൊണ്ട് പറ്റുകയില്ല. ധനം ചെലവഴിക്കുവാന്‍ മടിയുള്ളവര്‍ ദാനംചെയ്യല്‍ നിര്‍ബന്ധമായിത്തീരുമെന്നതാണ് നേര്‍ച്ചയുടെ പ്രയോജനം. നിബന്ധന വെച്ചുകൊണ്ട് നടത്തുന്ന നേര്‍ച്ചയാണ് റസൂല്‍(സ) ഇവിടെ വിരോധിച്ചിരിക്കുന്നത്. ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉപരിസൂചിത ഹദീസിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ''നേര്‍ച്ചയെ എന്തെങ്കിലും ഉപകാരം ലഭിക്കാനോ എന്തെങ്കിലും ഉപദ്രവം നീക്കാനോ വേണ്ടി ബന്ധിപ്പിക്കലാണ് ജനങ്ങളുടെ പതിവ്. അതുകൊണ്ടാണ് ആ നേര്‍ച്ച നിരോധിക്കപ്പെട്ടത്. (ഫത്ഹുല്‍ബാരി 11:576). ഒരാളുടെ അസുഖം അല്ലാഹു ഭേദപ്പെടുത്തിയാല്‍ ഈ രൂപത്തില്‍ ദാനം ചെയ്യാന്‍ നേര്‍ച്ചയാക്കുന്നത് അനഭിലഷണീയവും വെറുക്കപ്പെട്ടതുമാണ്. പ്രസ്തുത പുണ്യകര്‍മം ലക്ഷ്യപ്രാപ്തിക്കവന്‍ നേര്‍ന്നപ്പോള്‍ അവന് അല്ലാഹുവിന്റെ സാമിപ്യം പ്രാപിക്കുകയെന്ന ഉദ്ദേശ്യമില്ലെന്ന് വ്യക്തമാണ്. (ഫത്ഹുല്‍ബാരി 11:528) അല്ലാഹുവിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചെയ്യുന്ന നേര്‍ച്ച ദുനിയാവിലെ ആഗ്രഹസഫലീകരണവുമായി ബന്ധിപ്പിച്ചാല്‍ അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക എന്ന തത്വം നഷ്ടപ്പെടുന്നതിനാല്‍ തന്നെ ആ നേര്‍ച്ച ഇസ്‌ലാം അനുവദിക്കുന്നില്ല.

ഐഹിക ജീവിതത്തിലെ ആഗ്രഹ സഫലീകരണത്തിനായി അല്ലാഹുവിന്റെയടുക്കല്‍ സാമീപ്യമുള്ളവര്‍ എന്ന വിശ്വാസം വെച്ചുപുലര്‍ത്തി, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വലിയ്യുകളുടെ പേരില്‍ നേരിട്ട് നടത്തുന്ന നേര്‍ച്ചകള്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലും (ശിര്‍ക്ക്) കുഫ്‌റും ആണെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് മഹാന്മാരെ ഇടയാളന്മാരാക്കി നടത്തുന്ന തരത്തിലുള്ള നേര്‍ച്ച നിരോധിക്കപ്പട്ടതാണ്. അഭൗതിക മാര്‍ഗത്തിലൂടെ ഉപകാരം നല്‍കാനും ഉപദ്രവത്തെ തടുക്കാനും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്നിരിക്കെ ഈ ഒരു ഉദ്ദേശ്യത്തോടു കൂടി ആഗ്രഹസഫലീകരണം ലക്ഷ്യമാക്കി അല്ലാഹുവിന്റെ പേരില്‍ നേര്‍ച്ച നേരല്‍ പോലും റസൂല്‍(സ) നിരോധിച്ചിട്ടുണ്ട്. ഇബ്‌നുഹജര്‍ ഹൈത്തമി(റ) ഉദ്ധരിക്കുന്നു. ''നിശ്ചയം നേര്‍ച്ച ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കാന്‍ ഉദ്ദേശിച്ചു. ഖബ്‌റിന്റെയോ ഖബ്‌റാളിയുടെയോ സാമീപ്യം ഉദ്ദേശിച്ചു. ആ മഖ്ബറയിലേക്ക് ചേര്‍ക്കപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിച്ചു. എന്നാല്‍ ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും അനുവദനീയമല്ല. കാരണം ഈ നേര്‍ച്ച കൊണ്ട് അല്ലാഹുവിന്റെ സാമീപ്യമല്ല അവര്‍ ഉദ്ദേശിക്കുന്നത്. സാധാരണ മിക്ക നേര്‍ച്ചകളും ഇതുപോലെ നിരോധിച്ച ഗണത്തില്‍ പെടുന്നു. 

ഇബ്‌നുഹജര്‍ ഹൈത്തമി(റ) തന്നെ വീണ്ടും ഉദ്ധരിക്കുന്നു.       ''നേര്‍ച്ച കൊണ്ട് ഖബ്‌റില്‍ കിടക്കുന്നവനിലേക്ക് സാമീപ്യത്തെ ഉദ്ദേശിച്ചാല്‍ നേര്‍ച്ച നിഷ്ഫലമാണ്. കാരണം പുണ്യകര്‍മം കൊണ്ടു അല്ലാഹുവിലേക്ക് മാത്രമേ സാമീപ്യത്തെ ഉദ്ദേശിക്കാന്‍ പാടുള്ളൂ. അവന്റെ സൃഷ്ടികളിലേക്കല്ലയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് അത്‌വഴി വിജയം പ്രാപിക്കാം'' (5:35). അല്ലാഹു പറയുന്നു: ''നബിയേ, പറയുക അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന് ) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. (17:56) 

അവര്‍ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ. അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു (17:57). പ്രവാചകന്മാര്‍ക്കും പുണ്യവാളന്മാര്‍ക്കും മറ്റു മരണപ്പെട്ടവര്‍ക്കും ജീവിച്ചിരിക്കുന്ന സജ്ജനങ്ങള്‍ക്കും അര്‍പ്പിക്കുന്ന നേര്‍ച്ച നിഷ്ഫലവും നിഷിദ്ധവുമാണ്. കാരണം നേര്‍ച്ച ആരാധനയാകുന്നു. 

ആരാധന അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കാവതല്ല. ബുലൂഗുല്‍ മറാമിന്റെ വ്യാഖ്യാനത്തില്‍ പ്രസിദ്ധ പണ്ഡിതനായ ഇമാം സന്‍ആനി(റ) രേഖപ്പെടുത്തുന്നു. ''മരണപ്പെട്ടവരുടെ പേരിലുള്ള ശ്മശാനഘോഷ യാത്രകളും ശ്മശാനത്തില്‍ വെച്ചുള്ള ഇക്കാലത്തെ നേര്‍ച്ചകളും നിഷിദ്ധമാണ്. ഖബ്‌റിലുള്ളവന്‍ രോഗിയെ സുഖപ്പെടുത്തുകയും വേദനയനുഭവിക്കുന്നവനെ ആശ്വസിപ്പിക്കുകയും നന്മ പ്രദാനം ചെയ്യുകയും ഉപകാരം കൊണ്ടുവരികയും ഉപദ്രവത്തെ തടുക്കുകയും ചെയ്യുമെന്നാണ് നേര്‍ച്ച നേരുന്നവര്‍ വിശ്വസിക്കുന്നത്. ഇതുതന്നെയാണ് ബിംബാരാധകരും ചെയ്തിരുന്നത്. കാലം മുന്നോട്ട് പോയപ്പോള്‍ മരണമടഞ്ഞവരുടെ പേരിലുള്ള നേര്‍ച്ചകള്‍ സ്വീകരിക്കുന്നവര്‍ക്ക് വേണ്ടി കൊടി കെട്ടി ശ്മശാനസ്ഥലത്തേക്ക് വരുന്നവര്‍ക്ക് വേണ്ടി സദ്യ വിളമ്പി കേമമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനും തുടങ്ങി (സുബുലസ്സലാം, വാള്യം - 4 പേജ് 111).
 

Feedback