Skip to main content

നിരോധിക്കപ്പെട്ട വിവാഹബന്ധങ്ങള്‍ (7)

വിവാഹിതരാവുന്നതോടുകൂടി പുരുഷനും സ്ത്രീയും ശാശ്വതമായി നിലനില്ക്കുന്ന തരത്തിലേക്ക് ബന്ധങ്ങള്‍ ഊഷ്മളമാവുകയും ആത്മബന്ധം ദൃഢമാവുകയും ചെയ്യുന്നു.  ഇസ്‌ലാം പവിത്രത കല്പിക്കുന്ന മാനവിക മൂല്യങ്ങളെയും മാനുഷിക ബന്ധങ്ങളെയും അടിസ്ഥാനമാക്കി ചിലവിഭാഗം സ്ത്രീകളെ വിവാഹം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. താത്ക്കാലികമായും സ്ഥിര മായും നിരോധിക്കപ്പെട്ടവരും ഇതിലുണ്ട്. രക്തബന്ധം, വിവാഹബന്ധം, മുലകുടി ബന്ധം എന്നീ മൂന്നു ബന്ധങ്ങളാല്‍ സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്നു. കൂടാതെ ബഹുദൈവവിശ്വാസികള്‍, ഒരേസമയം ഒന്നിലേറെ സഹോദരിമാര്‍, മറ്റൊരാളുടെ ഭാര്യയായവള്‍, വേശ്യ, വിടന്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല.

അല്ലാഹു പറയുന്നു: ബഹുദൈവവിശ്വാസികളെ-അവര്‍വിശ്വസിക്കുന്നതുവരെ- നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്-അവര്‍ വിശ്വസിക്കുന്നതുവരെ-നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയേ അരുത്. സത്യവിശ്വാസിനിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ, അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു (2:221)

അവിശ്വാസിനി വിശ്വാസത്തിലേക്ക് വന്നാല്‍ അവളെ വിവാഹം ചെയ്യാം. തത്വാധിഷ്ഠിതമായ ഈ നിരോധം ഉള്‍ക്കൊണ്ട് പുതുമുസ്‌ലിംകള്‍ എന്ന മുദ്രകുത്തി ഉച്ചനീചത്വം കല്പിക്കാന്‍ പാടില്ല. അവരെ വിവാഹം കഴിക്കാനോ അവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനോ വൈമനസ്യം കാണിക്കാനും പാടുള്ളതല്ല.

 
 

Feedback