Skip to main content

വേദക്കാരുമായുള്ള വിവാഹം

ആദര്‍ശപ്പൊരുത്തമാണ് ദമ്പതിമാരെ കൂട്ടിയിണക്കാനുള്ള പ്രധാന കണ്ണി. അതുകൊണ്ട് ആദര്‍ശപരമായ യോജിപ്പിനാണ് വിവാഹാലോചനവേളയില്‍ പ്രാമുഖ്യം നല്‍കേണ്ടത്. എന്നാല്‍ യഹൂദരിലും ക്രൈസ്തവരിലും പെട്ട വേദസ്ത്രീകളെ വിവാഹം കഴിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്. ജൂത-ക്രൈസ്തവര്‍ മുസ്‌ലിംകളോട് തത്ത്വത്തില്‍ ഏക ദൈവ വിശ്വാസത്തില്‍ യോജിപ്പുള്ളവരാണ്. തൗറാത്തിന്റെയും ഇന്‍ജീലിന്റെയും പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന യഹൂദരും ക്രൈസ്തവരും വേദക്കാര്‍ (അഹ്‌ലുല്‍ കിതാബ) എന്ന നിലയ്ക്കാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്.

എന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വേദക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ത്രിത്വസിദ്ധാന്തത്തെയും ദൈവപുത്രവാദത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആനില്‍ വേദക്കാരികളെ വിവാഹം ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ''എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദനീയമാണ്. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്ന് പതിവ്രതകളായ സ്ത്രീകളും  നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും-നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിയിട്ടുണ്ടെങ്കില്‍- നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (5:5).

 
 

Feedback