Skip to main content

സുഊദി കാലത്തെ വികസനങ്ങള്‍

പ്രവാചകന്റെ ഭവനം, മിമ്പര്‍, പടിഞ്ഞാറെ ചുമര്, മിഹ്‌റാബുന്നബി, മിഹ്‌റാബ് സുലൈമാനി, മിഹ്‌റാബ് ഉസ്മാനീ, വലിയ മിനാരങ്ങള്‍ എന്നിവ നിലനിര്‍ത്തി ബാക്കി മുഴുവന്‍ ഭാഗങ്ങളും പൊളിച്ച് മസ്ജിദുന്നബവി പുനര്‍നിര്‍മിച്ച ഉസ്മാനീ ഭരണാധികാരി മജീദ് ഒന്നാമന്‍ മസ്ജിദുന്നബവിയെ പുതിയ ഒന്നാക്കി മാറ്റിയെടുക്കുകയായിരുന്നു. മാര്‍ബിളും ചിത്രപ്പണികളും ചിത്രാങ്കിതഗോപുരങ്ങളും തൂണുകളും ചുമരുകളും മസ്ജിദിന് ദൃശ്യ ചാരുതയേറ്റി.

സുഊദീ ഭരണത്തിന്‍ കീഴില്‍ ഇരു ഹറമുകളും പിന്നീട് വികസനത്തിന്റെ പാതയില്‍ തന്നെയായിരുന്നു. 1952ല്‍ അബ്ദുല്‍ അസീസ് രാജാവ്തുടക്കം കുറിച്ചു. മൂന്നു വര്‍ഷംകൊണ്ട് അഞ്ചുകോടി സുഊദി റിയാലിന്റെ വികസനമാണ് നടന്നത്. ഉസ്മാനികള്‍ നിര്‍മിച്ച 6246 ച.മീറ്റര്‍ വിസ്തൃതിയുള്ള മജീദി കെട്ടിടം പൊളിച്ചു. തെക്കു ഭാഗത്തെ 4056 ച.മീ. ഭാഗം നിലനിര്‍ത്തുകയും ചെയ്തു. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ച് കുറച്ച് സ്ഥലം റോഡിനും ബാക്കി പള്ളിക്കും നീക്കി വെച്ചു. 1955ല്‍ പുനര്‍നിര്‍മാണാനന്തരമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ 16326 ച.മീറ്ററായിരുന്നു പള്ളിയുടെ വിസ്തൃതി.

തീര്‍ഥാടക പ്രവാഹത്തില്‍ നബി(സ്വ)യുടെ പള്ളി വീര്‍പ്പുമുട്ടിയപ്പോള്‍ ഫൈസല്‍ രാജാവ് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി 35000 ചതുരശ്രമീറ്ററില്‍ വിശാലമായ ഒരു ഷെഡ് നിര്‍മിച്ചു. ഇതിന്റെ സ്ഥലമെടുപ്പിനു മാത്രം അഞ്ചുകോടി റിയാല്‍ ചെലവായി. ഈ ഷെഡ് പിന്നീട് പൊളിച്ചു മാറ്റി.

ഫഹ്ദ് രാജാവിന്റെ കാലത്താണ് രണ്ടാം ഘട്ട വികസനത്തിന് സുഊദി ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കിയത്. മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനവും 1994ല്‍ പൂര്‍ത്തിയാക്കിയ ഈ ഘട്ടത്തില്‍ തന്നെയാണ് നടന്നത്.

നിലവിലുണ്ടായിരുന്ന കെട്ടിടത്തെ  മൂന്നു ഭാഗത്തും വലയംചെയ്ത് നില്‍ക്കുന്ന മൂന്നുനില കെട്ടിടമാണ് ഫഹദ് രാജാവ് പണിതത്. നാലു ഭാഗത്തും പരന്നു കിടക്കുന്ന മുറ്റവും, അണ്ടര്‍ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്‌ളോര്‍ എന്നിവയും ചേര്‍ന്ന് 82,000 ച.മീറ്ററുമാണ്‌വിസ്തൃതി. ഇതോടെ മൊത്തം 6,68,000 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്ന വിധം മസ്ജിദുന്നബവി പരിവര്‍ത്തിതമായി.  

മിനാരങ്ങളുടെ എണ്ണം പത്തായി. വൈദ്യുതിയാല്‍ ചലിക്കുന്ന 27 ഖുബ്ബകള്‍, പ്രധാനപ്പെട്ട പത്തെണ്ണം ഉള്‍പ്പെടെ 81 കവാടങ്ങള്‍, മുറ്റത്ത് 151 ഭീമന്‍ വെളിച്ചത്തൂണുകള്‍, നൂറുക്കണക്കിന് ബാത്‌റൂമുകള്‍, എസ്‌കലേറ്ററുകള്‍... അങ്ങനെ കണ്ണഞ്ചിക്കുന്ന ഭംഗിയാല്‍ വിസ്മയക്കാഴ്ചയായി മാറി തിരുദൂതരുടെ പള്ളി.

2010, 2012 വര്‍ഷങ്ങളില്‍ സുഊദി മൂന്നാം ഘട്ട വികസനം അബ്ദുല്ല രാജാവിന്റെ കാലത്തു തുടങ്ങി. മേല്‍ക്കൂരയില്ലാത്ത മുറ്റത്ത് നമസ്‌ക്കരിക്കുന്നവര്‍ക്ക് വെയിലോ മഴയോ ഏല്‍ക്കാതിരിക്കുന്നതിനുള്ള വെള്ള കുടകള്‍ സ്ഥാപിക്കലായിരുന്നു ഇതില്‍ പ്രധാനം. 800 പേര്‍ക്കു വീതം തണല്‍ നല്‍കുന്ന 250 കുടകളാണ് സ്ഥാപിച്ചത്. തുറന്നുവെക്കുമ്പോള്‍ മുല്ലപ്പൂ പോലെയും അടച്ചുവെക്കുമ്പോള്‍ തൂവല്‍ പോലെയുംതോന്നിക്കുന്നതും ഹൈഡ്രോളിക് സംവിധാനത്തില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപിച്ചതുമായ ഈ കുടകള്‍ 2,14,000 പേര്‍ക്ക് തണല്‍ നല്‍കുന്നതാണ്.

എട്ടു ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്നവിധം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന 'അബ്ദുല്ല രാജാവ് പദ്ധതി'യാണ് 2012 മുതല്‍ നടപ്പാക്കി വരുന്നത്.

Feedback