Skip to main content

റൗദ്വ

മുഹമ്മദ് നബി(സ്വ) മസ്ജിദുന്നബവി നിര്‍മിക്കുമ്പോള്‍ അതിനോട് ചാരി രണ്ട് മുറികളും ഉണ്ടായിരുന്നു, നബി(സ്വ)ക്കും ഭാര്യമാരായിരുന്ന സൗദ(റ), ആഇശ(റ) എന്നിവര്‍ക്കുകൂടി താമസിക്കാന്‍. കിഴക്കു ഭാഗത്തായിരുന്നു ഈ മുറികള്‍. ഈ വീടി്‌ന്റെയും നബിയുടെ പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് 'റൗദ' എന്ന പേരില്‍ അറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ നബി(സ്വ) പണിത പള്ളിയുടെ അത്രയും ഭാഗം;  22 മീറ്റര്‍ നീളം 15 മീറ്റര്‍ വീതി.

പിന്നീടുണ്ടായ പുനര്‍നിര്‍മാണങ്ങളിലെല്ലാം ഈ ഭാഗം തിരിച്ചറിയുന്ന രൂപത്തില്‍ വേര്‍തിരിച്ചു തന്നെ നിര്‍ത്തി. ഇപ്പോള്‍ ഇവിടെ പ്രത്യേകം കാര്‍പ്പെറ്റും വിരിച്ചിരിക്കുന്നു.

നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ആരാധനാസ്ഥലം മാത്രമായിരുന്നില്ല റൗദ്വ. മറിച്ച് നബി(സ്വ)യില്‍ നിന്ന് അവര്‍ ഖുര്‍ആനും ഇസ്‌ലാമും പഠിച്ചത്, നബി(സ്വ) അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്, അവര്‍ കൂടിയാലോചന നടത്തിയത് എല്ലാം റൗദ്വയില്‍ തന്നെയായിരുന്നു. അന്ന് അതിലുണ്ടായിരുന്ന ഏഴ് തൂണുകള്‍ അതേ പേരില്‍ ഇന്നുമുണ്ട്. നബി(സ്വ)യുടെ കാലത്ത് അവ ഈത്തപ്പനത്തടിയായിരുന്നുവെങ്കില്‍ ഇന്ന് വിലപിടിച്ച വിളക്കുകള്‍ വഹിച്ചു നില്‍ക്കുന്ന മാര്‍ബിള്‍ പൊതിഞ്ഞവയാണെന്നു മാത്രം.

റൗദ്വക്ക് അതീവ ശ്രേഷ്ഠതയുണ്ട്. നബി(സ്വ) പറഞ്ഞു: 'എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയുലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്' (ബുഖാരി 1196).

നബി(സ്വ)യും സ്വഹാബിമാരും സദാ സഹവസിച്ചിരുന്ന സ്ഥലം എന്ന നിലക്ക് മസ്ജിദുന്നബവിക്കു പൊതുവിലും റൗദ്വക്ക് പ്രത്യേകിച്ചും പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ കരുണാ സൗഭാഗ്യവര്‍ഷങ്ങളുണ്ടായ ഇടമാണല്ലോ അത്. ഇതിന്റെ ശ്രേഷ്ഠത പരിഗണിച്ച് ഇവിടെ വന്ന് സുന്നത്ത് നമസ്‌കരിക്കാനും പ്രാര്‍ത്ഥിക്കാനും സ്ത്രീകള്‍ക്കു കൂടി പ്രത്യേക സമയം നിശ്ചയിച്ചു സംവിധാനമേല്‍പ്പെടുത്തിയിട്ടുണ്ട്.

റൗദ്വയുടെ അടുത്ത് തന്നെയാണെങ്കിലും (ആഇശ(റ)യുടെ വീട്ടില്‍) നബി(സ്വ)യുടെ ഖബ്‌റും ഉണ്ട്. പുരുഷന്മാര്‍ക്ക് ഇവിടെ വന്ന് സലാം പറഞ്ഞു പോകാം . സ്ത്രീകള്‍ക്ക് റൗളയിലിരുന്ന് സലാം പറയാം.

നബി(സ്വ)യുടെ ഖബ്ര്‍ റൗദ്വയില്‍ പെടില്ല. കാരണം പത്‌നി ആഇശ(റ)യുടെ മുറിയിലാണല്ലോ ഖബ്‌റുള്ളത്. ആ മുറി നബി(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റുള്ള ഭാഗമാണ് റൗദ്വ എന്ന ധാരണയാണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. അത് തികച്ചും തെറ്റായ ധാരണയാണ്.

Feedback