Skip to main content

നബി(സ്വ)യുടെ ഹജ്ജ്

ഒരു ഹജ്ജ് മാത്രമേ നബി(സ്വ) നിര്‍വഹിച്ചിട്ടുള്ളൂ. എങ്ങനെയാണ് ഇസ്‌ലാമിന്റെ ഹജ്ജ് എന്ന് അതു നോക്കി പഠിക്കാന്‍ നബി(സ്വ) പ്രത്യേകമായി ഉണര്‍ത്തുകയും ചെയ്തു. അതിനാല്‍തന്നെ അനുചരന്മാര്‍ (സ്വഹാബികള്‍) വളരെ കൃത്യമായി അത് കണ്ടുപഠിക്കുകയും പറഞ്ഞും പ്രവര്‍ത്തിച്ചും അടുത്ത തലമുറക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. നിരവധി സ്വഹാബികളില്‍ നിന്നായി ഹജ്ജിന്റെ വിവിധ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയം ഏകദേശം പൂര്‍ണമായി ഒന്നിച്ച് അവതരിപ്പിക്കുന്നത് ജാബിര്‍ബിന്‍ അബ്ദില്ല(റ)ന്റെ റിപ്പോര്‍ട്ടിലാണ്. നബി(സ്വ)യുടെ അടുത്ത അനുചരനായ ജാബിറും പ്രഗത്ഭ ശിഷ്യന്‍ മുഹമ്മദ്ബിന്‍ അലിയ്യുബിന്‍ ഹുസൈനും ഉദ്ധരിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അത് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി ക്രോഡീകരി ച്ചതിന്റെ ഏകദേശരൂപമാണിവിടെ നല്കുന്നത്.

വൃദ്ധനായി കാഴ്ചമങ്ങിയ ജാബിര്‍ബിന്‍ അബ്ദില്ലയുടെ അടുക്കല്‍ മുഹമ്മദ്ബിന്‍ ജാബിര്‍ ചെന്ന് തന്നെ പരിചയപ്പെടുത്തിയശേഷം നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ചു വിവരിച്ചുതരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം തന്റെ കൈവിരലുകള്‍കൊണ്ട് ഒമ്പതുവരെ എണ്ണിയശേഷം പറഞ്ഞു. നബി(സ്വ) മദീനയില്‍വന്ന് ഒമ്പതുവര്‍ഷം വരെ ഹജ്ജുചെയ്തില്ല. പത്താം വര്‍ഷം അല്ലാഹുവിന്റെ ദൂതന്‍ ഹജ്ജിന് പുറപ്പെടുന്നു എന്ന് ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്തു. അതോടെ നബി(സ്വ)യെ അനുഗമിച്ച് അദ്ദേഹത്തിന്റെതുപോലെ ഹജ്ജുചെയ്യാനായി ധാരാളം പേര്‍ മദീനയിലെത്തി. ഞങ്ങള്‍ നബി(സ്വ)യോടൊപ്പം പുറപ്പെട്ട് ദുല്‍ഹുലൈഫയിലെത്തി. അവിടെവെച്ച് ഉമൈസിന്റെ മകള്‍ അസ്മാഅ് മുഹമ്മദുബിന്‍ അബീബക്‌റിനെ പ്രസവിച്ചു. അപ്പോള്‍ താന്‍ എന്തുചെയ്യണമെന്ന് അന്വേഷിച്ചുകൊണ്ട് അവര്‍ ഒരാളെ നബി(സ്വ)യുടെ അടുത്തേക്കയച്ചു. കുളിച്ചു വൃത്തിയായി തുണികൊണ്ട് നന്നായി കെട്ടി ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ശേഷം അവിടെ പള്ളിയില്‍ നിന്ന് നമസ്‌കരിച്ച് യാത്രക്കായി ഒട്ടകപ്പുറത്തേറി. നബി(സ്വ)യെയും വഹിച്ച് അത് ആ മരുഭൂമിയില്‍ എഴുന്നേറ്റു നിന്നപ്പോള്‍ ഞാന്‍ കണ്ണെത്താവുന്ന ദിക്കുകളിലേക്കെല്ലാം നോക്കി. നബി(സ്വ)യുടെ ചുറ്റിലുമായി വാഹനത്തിലും കാല്‍നടയുമായി ധാരാളം ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. പ്രവാചകന്‍ അവരുടെ മധ്യത്തിലാണ്. അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ വ്യാഖ്യാനം അദ്ദേഹം അവര്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അതനുസരിച്ച് അദ്ദേഹം ചെയ്യുന്നതൊക്കെ ഞങ്ങളും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം തൗഹീദിന്റെ വാചകം ഇങ്ങനെ പറഞ്ഞു. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക, വല്‍മുല്‍ക ലാശരീക ലക്. (അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്കിയിരിക്കുന്നു. നിന്റെ വിളിക്കുത്തരമായിക്കൊണ്ട് ഞാന്‍ വന്നിരിക്കുന്നു. നിന്റെ വിളിക്കുത്തരം നല്കി ഞാനിതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കുത്തരം നല്കുന്നു. നിശ്ചയം സര്‍വസ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്റെതാണ്. ആധിപത്യമെല്ലാം നിനക്കുതന്നെ. നിനക്ക് യാതൊരു പങ്കുകാരനുമില്ല.) ജനങ്ങളും ഈ തല്‍ബിയത് (പ്രഖ്യാപനം) ചൊല്ലിക്കൊണ്ടിരുന്നു. ഇതില്‍ കൂടുതലായി യാതൊന്നും അദ്ദേഹം ജനങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തില്ല. ഇത് നിരന്തരമായി ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ടേയിരുന്നു.

ഹജ്ജല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കുദ്ദേശ്യമില്ലായിരുന്നു. അപ്പോള്‍ ഉംറ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ ഭവനത്തിലെത്തിയപ്പോള്‍ തിരുമേനി ഹജറുല്‍ അസ്‌വദിനെ കൈകൊണ്ടു തടവി. എന്നിട്ട് കഅ്ബയുടെ ചുറ്റും കാലുകള്‍ അടുപ്പിച്ചുകൊണ്ട്  (റമല്) മൂന്നുതവണയും സാധാരണ രീതിയില്‍ നാലുതവണയും ത്വവാഫ് ചെയ്തു. പിന്നെ ഇത്തഖിദൂ മിന്‍ മഖാമി ഇബ്‌റാഹീമ മുസ്വല്ലാ (ഇബ്‌റാഹീമിന്റെ സന്നിധാനം നിങ്ങള്‍ നമസ്‌കാരസ്ഥലമാക്കുക) എന്ന ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തുകൊണ്ട് അതിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി അതിന്റെ പിന്നില്‍ നമസ്‌കരിച്ചു. ആ രണ്ട് റക്അതുകളില്‍ നബി(സ്വ) സൂറതുല്‍ കാഫിറൂനും ഇഖ്‌ലാസുമായിരുന്നു പാരായണം ചെയ്തത്. ഇതുകഴിഞ്ഞ് ഹജറുല്‍ അസ്‌വദിന്റെ അടുത്തേക്ക് മടങ്ങിച്ചെന്ന് അതിനെ തടവുകയും ശേഷം കവാടത്തിലൂടെ സ്വഫായിലേക്ക് പുറപ്പെടുകയും ചെയ്തു. അതിനോടടുത്തപ്പോള്‍ ഇന്നസ്സ്വഫാ വല്‍ മര്‍വത മിന്‍ ശആഇരില്ലാഹ് (നിശ്ചയം സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്) എന്നുതുടങ്ങുന്ന ഖുര്‍ആന്‍ വചനം ഓതിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, അല്ലാഹു ഏതൊന്നുകൊണ്ട് ആരംഭിച്ചുവോ ഞാനും അതുകൊണ്ടുതന്നെ ആരംഭിക്കുന്നു. അങ്ങനെ സ്വഫായില്‍ നിന്ന് സഅ്‌യ് ആരംഭിക്കാനായി അതിനു മുകളില്‍ കയറി. പവിത്രഭവനം കാണാറായപ്പോള്‍ അതിന്റെ നേരെ തിരിഞ്ഞുനിന്നു. ശേഷം, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹുലാ ശരീകലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു വഹസമല്‍ അഹ്‌സാബ വഹ്ദഹു എന്നു ചൊല്ലി. (അല്ലാഹുവല്ലാതെ യാതൊരാരാധ്യനുമില്ല. അവന്‍ ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല. അവന്നാണ് ആധിപത്യം. സര്‍വസ്തുതിയും അവനാണ്. അവന്‍ എല്ലാകാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം നിറവേറ്റുകയും അവന്റെ അടിമയെ സഹായിക്കുകയും അവനേകനായിത്തന്നെ ശത്രുസംഘത്തെ തുരത്തുകയും ചെയ്തിരിക്കുന്നു.) ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ശേഷം മര്‍വയിലേക്ക് പോകാനായി ഇറങ്ങി. താഴ്ഭാഗത്ത് സമതലപ്രദേശത്ത് അല്പം വേഗത്തില്‍ ഓടി. മര്‍വയില്‍ കയറാറായപ്പോള്‍ സാധാരണപോലെ നടന്നു. മര്‍വയ്ക്കു മുകളിലെത്തിയപ്പോള്‍ സഫായില്‍ ചെയ്തതുപോലെ അവിടെയും ചെയ്തു. ഇതേപോലെ ആവര്‍ത്തിച്ച് അവസാന വട്ടം മര്‍വയില്‍ അവസാനിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഇപ്പോഴുണ്ടായതുപോലുള്ള കാര്യം ഭാവിയില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവരികയാണെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരില്ല. ഇപ്പോള്‍ ഇഹ്‌റാം ചെയ്തിരിക്കുന്ന ഹജ്ജിനെ ഞാന്‍ ഉംറയായി കാണും. അതുകൊണ്ട് ബലിമൃഗത്തെ കൂടെ കൊണ്ടുവന്നിട്ടില്ലാത്തവര്‍ അവരുടെ ഹജ്ജിനെ ഉംറയാക്കി മാറ്റി ഇഹ്‌റാമില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ'. അപ്പോള്‍ സുറാഖതുബ്‌നു മാലിക് എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇങ്ങനെ ഹജ്ജിന്റെ ഇഹ്‌റാം ഉംറയാക്കി മാറ്റുന്നത് ഈ വര്‍ഷത്തേക്കു മാത്രമാണോ അതല്ല എല്ലാ കാലത്തേക്കുമുള്ളതാണോ? അപ്പോള്‍ തന്റെ രണ്ടുകൈകളിലെയും വിരലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് കാണിച്ചുകൊണ്ടു 'ഇതേരീതിയില്‍ ഉംറ എന്നെന്നേക്കുമായി ഹജ്ജില്‍ ലയിച്ചിരിക്കുന്നു' എന്ന് രണ്ടാവര്‍ത്തി പറഞ്ഞു. അപ്പോഴേക്കും നബി(സ്വ)ക്കുള്ള ഒട്ടകങ്ങളുമായി യമനില്‍നിന്ന് അലി(റ) എത്തി. തന്റെ ഭാര്യ ഫാതിമ(റ) ഇഹ്‌റാമില്‍ നിന്ന് വിരമിച്ച് ചായം പൂശിയ വസ്ത്രം ധരിക്കുകയും കണ്‍മഷി എഴുതുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ ഇഹ്‌റാം ഉംറയാക്കിയതിനെ എതിര്‍ത്ത അദ്ദേഹത്തോട്, ഇങ്ങനെ ചെയ്യാന്‍ ഉപ്പ പറഞ്ഞതാണ് എന്ന് ഫാതിമ(റ) ഉണര്‍ത്തി. കാര്യമറിയാനായി അദ്ദേഹം നബി(സ്വ)യുടെ സന്നിധിയില്‍വന്ന് താന്‍ ഫാതിമയെ എതിര്‍ത്തത് സൂചിപ്പിച്ചു. അപ്പോള്‍, 'അവള്‍ പറഞ്ഞത് ശരിയാണ്' എന്ന് നബി(സ്വ) രണ്ടുവട്ടം പറഞ്ഞു.

ശേഷം നബി(സ്വ)   നീ എന്തുപറഞ്ഞാണ് ഇഹ്‌റാം ചെയ്തത് എന്ന് അലി(റ)വിനോട് ചോദിച്ചു. അല്ലാഹുവേ നിന്റെ ദൂതന്‍ എന്തിനാണോ ഇഹ്‌റാം ചെയ്തത് അതിന് ഞാനും ഇഹ്‌റാം ചെയ്തിരിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് അലി(റ) അറിയിച്ചു. അപ്പോള്‍ എന്റെ കൂടെ ബലിമൃഗമുണ്ട്. അതുകൊണ്ട് നീയും തഹല്ലുലാകേണ്ടതില്ല. അതിനെ ബലിയറുക്കുന്നതുവരെ നമുക്ക് തഹല്ലുലാകാന്‍ പാടില്ല എന്നു പറഞ്ഞു. നബി(സ്വ) കൂടെ കൊണ്ടുവന്നതും അദ്ദേഹത്തിനായി അലി(റ) യമനില്‍ നിന്നു കൊണ്ടുവന്നതുമായി ആകെ നൂറു ബലിമൃഗങ്ങളുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹവും സ്വന്തമായി ബലിമൃഗത്തെ കൂടെകൊണ്ടുവന്നവരുമൊഴികെ മറ്റുള്ളവരെല്ലാം ഉംറ ചെയ്ത് മുടിവെട്ടി തഹല്ലുലായി.

ദുല്‍ഹിജ്ജ എട്ടിന് അവരെല്ലാം ഹജ്ജിന് ഇഹ്‌റാം ചെയ്ത് മിനായിലേക്ക് നീങ്ങി. പ്രവാചകന്‍ വാഹനത്തിലാണ് പുറപ്പെട്ടത്. അവിടെവെച്ച് ദുഹ്ര്‍ മുതല്‍ അടുത്ത സ്വുബ്ഹ് വരെയുള്ള നമസ്‌കാരങ്ങള്‍ നമസ്‌കരിച്ചു. സൂര്യോദയംവരെ അവിടെ കഴിച്ചുകൂട്ടി. നമിറ എന്ന സ്ഥലത്ത് രോമപ്പുതപ്പുകൊണ്ട് തനിക്കൊരു തമ്പു നിര്‍മിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. പിന്നീട് അവിടുന്ന് യാത്ര തുടര്‍ ന്നു. ഈ യാത്രയില്‍, ജാഹിലിയ്യാ കാലത്ത് മശ്അറുല്‍ ഹറമില്‍ തങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ നബി(സ്വ)യും ചെയ്യുമെന്ന് ഖുറൈശികള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ നബി(സ്വ) അവിടെ തങ്ങാതെ നേരെ അറഫയിലേക്ക് നീങ്ങി തനിക്കായി നിര്‍മിച്ച തമ്പില്‍ താമസിച്ചു. മധ്യാഹ്നം കഴിഞ്ഞപ്പോള്‍ തന്റെ ഒട്ടകപ്പുറത്തിരുന്ന് താഴ്‌വരയിലെ സമതലപ്രദേശത്ത്‌വെച്ച് തടിച്ചുകൂടിയ ജനങ്ങളോട് പ്രസംഗിച്ചു.


 

Feedback