Skip to main content

തീര്‍ഥയാത്ര (5)

അനുഭവങ്ങളാണ് പാഠങ്ങളുണ്ടാക്കുക. അതാണ് മനസ്സിന് ഉറപ്പു നല്കുക. ദൈവവിശ്വാസത്തിലും മനുഷ്യന്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്. ദൈവത്തെ കണ്ടാരാധിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ മനുഷ്യദൃഷ്ടിക്കു കാണാന്‍ കഴിയാത്ത പ്രപഞ്ചപരിപാലകന്‍ മനുഷ്യന്റെ ഈ വാഞ്ഛയെ പരിഗണിച്ചിട്ടുണ്ട്. അതാണ് തീര്‍ഥയാത്രകളുടെ സത്ത. തന്റെ ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും ദൈവത്തിന്റെ അത്ഭുത കഴിവുകള്‍ പെയ്തിറങ്ങിയ ഭൂമിയില്‍ ചെന്ന് അവന്‍ അതുകാണട്ടെ. ഉറച്ച വിശ്വാസത്തിനത് ഉപകരിക്കും. ആ ദൈവശക്തി കണ്ടറിയുമ്പോള്‍ തന്റെ അഹങ്കാരങ്ങള്‍ അസ്തമിക്കും. പാപബോധം മനസ്സിനെ ആര്‍ദ്രമാക്കും. എല്ലാം ഏറ്റുപറഞ്ഞ് കരുണാമയനായ ദൈവത്തിന്റെ മുമ്പില്‍ നിഷ്‌കളങ്കനാകാന്‍ ശ്രമിക്കും. 

പാപങ്ങള്‍ ചെയ്യിക്കുന്ന സാഹചര്യങ്ങളില്‍ നിന്നും അതിന് പ്രോത്സാഹനം നല്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും മാറിനിന്ന് തന്റെ ആത്മാവിനെ കുറിച്ചും അതിനോട് ഇന്നലെകളില്‍ ചെയ്ത അക്രമങ്ങളെകുറിച്ചും പുനരാലോചിക്കാനും ആത്മീയതക്ക് കരുത്തുപകരുന്ന കര്‍മങ്ങള്‍ ഏറെ അനുഷ്ഠിക്കാനും തീര്‍ഥയാത്ര ഉപകരിക്കും. വ്യത്യസ്ത മനുഷ്യരുമായി സഹവസിക്കാനും തന്റെ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും വിമലീകരിക്കാനും കൂടുതല്‍ നല്ലവനായി തിരിച്ചുവരാനും ഇത് സഹായകമാകും. തീര്‍ഥയാത്ര നടത്താനും ബലിയും മറ്റാരാധനാ കര്‍മങ്ങളും നിര്‍വഹിക്കാനും പ്രപഞ്ചനാഥന്‍ മുന്‍ സമൂഹങ്ങളിലും അനുവദിച്ചിട്ടുണ്ട്. ''ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു'' (22:67). തീര്‍ഥയാത്ര അനുഷ്ഠാനമായി പരിഗണിക്കാത്ത ഒരു മതവുമില്ല.

എന്നാല്‍ പൈശാചിക പ്രലോഭനങ്ങളാല്‍ ദൈവിക പ്രമാണങ്ങളില്‍നിന്ന് അകന്നുപോയ പില്കാല ഭക്തര്‍ തീര്‍ഥാടനത്തെയും ബലിയെയുമെല്ലാം ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളും രൂപങ്ങളുമാക്കി. ഭാവനകളെ പ്രതിഷ്ഠകളാക്കി അതിനുമുന്നില്‍ നമിച്ചു തുടങ്ങി. പക്ഷേ ഇത് കൂടുതല്‍ അസമാധാനമുണ്ടാക്കി. അവന്റെ ഭാവനയില്‍ ദൈവത്തിന് വ്യത്യസ്ത രൂപങ്ങള്‍ വിരിഞ്ഞു. ഏതാവും സത്യമെന്നതില്‍ അവന്‍ സംശയാലുവായി. ബഹുദൈവാരാധന വ്യാപകമായി. മനുഷ്യന്‍ ശാന്തി തേടി അലഞ്ഞു. നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ സങ്കല്പിച്ച് അവിടങ്ങളിലെല്ലാം പുണ്യം തേടിപ്പോയി. അത്ഭുതങ്ങള്‍ കാണിച്ചവരെല്ലാം കണ്‍കണ്ട ദൈവങ്ങളായി. ആദരിക്കപ്പെടേണ്ടവര്‍ ആരാധ്യന്മാരായി. ഇവിടെയാണ് ഇസ്ലാം വ്യതിരിക്തമാവുന്നത്.

മുസ്ലിംകള്‍ക്ക് മൂന്നു കേന്ദ്രങ്ങള്‍ മാത്രം

ഇസ്‌ലാം തീര്‍ഥയാത്ര അനുവദിക്കുന്നത് ഭൂമിയില്‍ മൂന്നിടങ്ങളിലേക്കു മാത്രമാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ (പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ്വ)യുടെ മദീനയിലെ പള്ളി, ബൈത്തുല്‍ മുഖദ്ദസ് പള്ളി (ബുഖാരി). യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളെല്ലാം പ്രവാചക പിതാവായി ആദരിക്കുന്ന ഇബ്‌റാഹീമിന്റെ(അ) ചരിത്രമുറങ്ങുന്ന മക്കയില്‍ പ്രപഞ്ചശക്തിയെ ആരാധിക്കാന്‍ ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ദേവാലയമായ, ഇബ്‌റാഹീം പുനര്‍നിര്‍മിച്ച കഅ്ബയാണ് പ്രഥമകേന്ദ്രം. മുന്‍വേദങ്ങളിലെല്ലാം സുവിശേഷമറിയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ)യുടെ കേന്ദ്രമായ മദീനയില്‍ അദ്ദേഹം പണിത മസ്ജിദുന്നബവിയാണ് രണ്ടാമത്തേത്. ഈ മതവിശ്വാസികള്‍ ആദരിക്കുന്ന ഒരുപാടു പ്രവാചകന്‍മാരുടെ പ്രധാനകേന്ദ്രമായ ജറൂസലമിലെ പുരാതന ദേവാലയമായ മസ്ജിദുല്‍ അഖ്‌സാ (ബൈതുല്‍ മുഖദ്ദസ്)യാണ് മൂന്നാമത്തേത്. ഈ മൂന്നിടങ്ങളിലേക്ക് മാത്രമാണ് പുണ്യം പ്രതീക്ഷിച്ച് യാത്ര നടത്താന്‍ പാടുള്ളൂ. കാലക്രമത്തില്‍ മുസ്ലിം സമൂഹങ്ങള്‍ക്കിടയിലും അപചയങ്ങള്‍ സംഭവിച്ചു. അല്ലാഹുവും റസൂലും നിശ്ചയിക്കാത്തിടങ്ങള്‍ ചിലര്‍ തീര്‍ഥാടനകേന്ദ്രങ്ങളാക്കി. അവയിലധികവും മഖ്ബറകളായിരുന്നു. എന്നിരിക്കെ മുസ്ലിം ലോകത്ത് ഇന്നുകാണുന്ന മഖ്ബറകളും ദര്‍ഗകളും തിരുശേഷിപ്പു പള്ളികളുമെല്ലാം ഏതു മഹാന്റെതായാലും അതുകാണാനും അവിടെചെന്ന് പ്രാര്‍ഥിക്കാനുമായി യാത്ര സംഘടിപ്പിക്കുന്നതും അവിടങ്ങളിലേക്ക് നേര്‍ച്ചവഴിപാടുകള്‍ നടത്തുന്നതും അവിടങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും അവിടെനിന്ന് ലഭിക്കുന്ന വസ്തുക്കള്‍ പുണ്യങ്ങളായി കരുതുന്നതുമെല്ലാം നിഷിദ്ധമാണ്. അതേസമയം ചരിത്രപാഠങ്ങള്‍ക്കു വേണ്ടിയുള്ള യാത്രകള്‍ ഇസ്‌ലാം അനുവദിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനും സുന്നതും വ്യക്തമാക്കിയ ഇടങ്ങള്‍ സന്ദര്‍ശിക്കാം. അത് തീര്‍ഥാടനമല്ലതാനും.

മേല്‍പറഞ്ഞ മൂന്നു പള്ളികളുടെ കെട്ടിടത്തിനോ മണ്ണിനോ അല്ല പുണ്യമുള്ളത്, അവിടങ്ങളിലെ ആരാധനകള്‍ക്കു മാത്രമാണ്. കെട്ടിടങ്ങള്‍ തൊട്ടുമുത്തുന്നതും അത് കെട്ടിപ്പിടിച്ച് കരയുന്നതും അതിന്റെ കഷ്ണങ്ങളോ അവശിഷ്ടങ്ങളോ സൂക്ഷിക്കുന്നതുമൊന്നും പുണ്യമല്ലെന്നു മാത്രമല്ല, പാപമാണ്. മക്ക, മദീന നഗരങ്ങളും പവിത്രങ്ങളാണ് (ഹറം). ആ നാട്ടില്‍ ജീവിച്ചാലോ മരിച്ചാലോ അവിടേക്ക് യാത്ര ചെയ്താലോ പുണ്യമുണ്ടെന്നല്ല, പ്രത്യുത അവിടെ ജീവിക്കുന്നവരും വരുന്നവരും അവിടങ്ങളില്‍ എല്ലാവിധ അക്രമങ്ങളില്‍നിന്നും ഒഴിഞ്ഞു നില്ക്കണമെന്നാണര്‍ഥമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാലാകാലങ്ങളില്‍ മനസ്സമാധാനവും പാപമുക്തിയും ദൈവികാനുഗ്രഹവും തേടിവരുന്ന തീര്‍ഥാടകര്‍ ഈ ഹറമുകളില്‍ പൂര്‍ണ സുരക്ഷിതമായിരിക്കണമെന്നതാണിതിന്റെ കാതല്‍. 

തീര്‍ഥാടനം അനുവദിക്കപ്പെട്ട മൂന്ന് കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞുവല്ലോ. ഇവയില്‍ മദീനയിലെ മസ്ജിദുന്നബവിയിലോ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ പ്രത്യേകിച്ച് ഒരു കര്‍മവും ചെയ്യാനില്ല. അവിടങ്ങളില്‍വെച്ച് നമസ്‌കരിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും ഏറെ പ്രതിഫലമുണ്ടെന്നുമാത്രം. മക്കയില്‍ കഅ്ബയും അതിനു ചുറ്റുമുള്ള മസ്ജിദുല്‍ ഹറാമുമായി ബന്ധപ്പെട്ടുകൊണ്ട് മാത്രമേ പ്രത്യേക അനുഷ്ഠാനങ്ങള്‍ ഉള്ളൂ. അതാണ് ഹജ്ജും ഉംറയും.
 

Feedback