Skip to main content

ഹജ്ജ് കര്‍മം ഒറ്റനോട്ടത്തില്‍

ചാന്ദ്രവര്‍ഷമനുസരിച്ചുള്ള കാലഗണനയിലെ പന്ത്രണ്ടാം മാസമായ ദുല്‍ഹിജ്ജ എട്ടുമുതല്‍ പതിമൂന്നു വരെയുള്ള ആറു ദിനങ്ങളിലാണ് ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്.

എട്ട് (യൗമുത്തര്‍വിയ): ഉച്ചയാകുമ്പോഴേക്കും ഹാജിമാര്‍ മിനായില്‍ എത്തുന്നു. അവിടെ ടെന്റുകളിലോ പുറത്തോ താമസിക്കുന്നു. ദുഹ്ര്‍, അസ്വ്ർ, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ഖസ്‌റായും (രണ്ടു റക്അത്തായി) മറ്റു നമസ്‌കാരങ്ങള്‍ സാധാരണ നിര്‍വഹിക്കുന്നത് പോലെയും ജംആക്കാതെ (ഒന്ന് മറ്റൊന്നിന്റെ സമയത്ത് ചേര്‍ക്കാതെ) നമസ്‌കരിക്കുന്നു. ദിക്ര്‍, ദുആ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ നന്മകളുമായി പിറ്റേന്ന് പ്രഭാതോദയംവരെ അവിടെ നില്‍ക്കുന്നു.

ഒമ്പത് (യൗമു അറഫ): സൂര്യനുദിച്ച ശേഷം തല്‍ബിയതുമായി അറഫയിലേക്ക് പുറപ്പെടുന്നു. അറഫയുടെ അതിര്‍ത്തിയിലുള്ള മസ്ജിദുന്നമിറയിലെത്തി ഉച്ചതിരിഞ്ഞശേഷമുള്ള ഇമാമിന്റെ പ്രഭാഷണം ശ്രവിച്ച്, ദുഹ്‌റും അസ്‌റും ജംഉം ഖസ്‌റുമായി നമസ്‌കരിച്ച് അറഫ മൈതാനിയിലേക്ക് നീങ്ങുന്നു. അവിടെ പ്രാര്‍ഥനാകീര്‍ത്തനങ്ങളുമായി സൂര്യനസ്തമിക്കുന്നതുവരെ താമസിക്കുന്നു. ശേഷം സാവകാശം മുസ്ദലിഫയിലേക്ക് നീങ്ങുന്നു. അവിടെ എത്തിയ ഉടനെ മഗ്‌രിബും ഇശാഉം നമസ്‌കാരങ്ങള്‍ ജംഉം കസ്‌റുമാക്കി നമസ്‌കരിക്കുന്നു. വേഗം ഉറങ്ങുന്നു. രോഗികളോ ദുര്‍ബലരോ ആയവര്‍ പാതിരക്കുശേഷം മസുദലിഫയില്‍ നിന്ന് മിനായിലേക്ക് നീങ്ങുന്നു. മറ്റുള്ളവര്‍ സ്വുബ്ഹ് ബാങ്ക് കൊടുത്ത ഉടനെ നമസ്‌കരിച്ച് മശ്അറുല്‍ ഹറാമിലോ തനിക്ക് സൗകര്യപ്പെട്ട സ്ഥലത്തോ ഇരുന്ന് ദിക്ര്‍ ദുആകളില്‍ മുഴുകുന്നു. സൂര്യോദയത്തിന് അല്പം മുമ്പായി മിനായിലേക്ക് പുറപ്പെടുന്നു.

പത്ത് (യൗമുന്നഹ്ര്‍): മിനായില്‍ തിരിച്ചെത്തുന്ന ഹാജി ഉടനെ ജംറതുല്‍ അഖബയില്‍ കല്ലേറു നടത്തുന്നു. മിനായില്‍ ഹജ്ജിന്റെ ബലി നടത്തേണ്ട ഖാരിനും മുതമത്തിഉം അതു നിര്‍വഹിച്ച് തലമുടിയെടുക്കുന്നു. ഇതോടെ ഇഹ്‌റാമില്‍ നിന്ന് ഭാഗികമായി ഒഴിവാകുന്നു. സാധാരണവേഷം സ്വീകരിക്കുന്നു. ഇഹ്‌റാമില്‍ നിഷിദ്ധമായ സ്ത്രീ സംസര്‍ഗമല്ലാത്ത കാര്യങ്ങളെല്ലാം അനുവദനീയമായി.  ശേഷം മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുന്നു. മഖാമു ഇബ്‌റാഹീമില്‍ നമസ്‌കാരം. പിന്നീട് സഫാമര്‍വക്കിടയില്‍ സഅ്‌യ് നിര്‍വഹിച്ച് ഇഹ്‌റാമില്‍ നിന്ന് പൂര്‍ണമായും മുക്തനായി ആരാധനകളുമായി മിനായില്‍ താമസിക്കുന്നു.

പതിനൊന്ന് (യൗമുത്തശ്‌രീഖ്): ഉച്ചയ്ക്കുശേഷം ജംറകളിലേക്ക് കല്ലേറിനായി നീങ്ങുന്നു. ആദ്യം ജംറതുല്‍ ഊലായില്‍ കല്ലെറിയുന്നു. ഖിബ്‌ലക്കഭിമുഖമായി പ്രാര്‍ഥിക്കുന്നു, ശേഷം ജംറതുല്‍ വുസ്ത്വായില്‍ കല്ലെറിഞ്ഞ് ഖിബ്‌ലക്കഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുന്നു. അവസാനമായി ജംറതുല്‍ കുബ്‌റായില്‍ കല്ലെറിയുന്നു. ഇവിടെ പ്രാര്‍ഥനയില്ല. തിരിച്ചു മിനായിലെ താമസസ്ഥലത്തെത്തുന്നു. ആരാധനയില്‍ കഴിയുന്നു. ഹജ്ജിന്റെ പ്രായശ്ചിത്ത നോമ്പ് നോല്‍ക്കാനുള്ളവര്‍ക്ക് ഈ ദിവസം നോമ്പ് തുടങ്ങാം. പത്തില്‍ മൂന്നെണ്ണം മക്കയില്‍വെച്ച് നിര്‍വഹിക്കേണ്ടതാണ്.

പന്ത്രണ്ട് (യൗമുത്തശ്‌രീഖ്): പതിനൊന്നിന്റെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുന്നു. നാട്ടിലേക്ക് പോകാന്‍ ധൃതിയുള്ളവര്‍ക്ക് ഉച്ചക്കു ശേഷമുള്ള കല്ലേറ് കഴിഞ്ഞ് മിനായില്‍ നിന്ന് യാത്രതിരിക്കാം. ന്യായമായ കാരണമില്ലാതെ വൈകുന്നവര്‍ അന്നുപോകാന്‍ പാടില്ല.

പതിമൂന്ന് (യൗമുത്തശ്‌രീഖ്): മുന്‍ ദിവസങ്ങളിലെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുക. ഹജ്ജ് അവസാനിച്ചു. നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് വിടവാങ്ങല്‍ ത്വവാഫ് നടത്തി മക്ക വിടാം. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് ത്വവാഫുല്‍ വിദാഅ് ആവശ്യമില്ല.
 

Feedback