Skip to main content

ഹജ്ജ്: ഒരുക്കം

എല്ലാ ബാധ്യതകളും എത്രയും വേഗം നിര്‍വഹിക്കേണ്ടവനാണ് മുസ്‌ലിം; അത് പടപ്പുകളോടുള്ളതായാലും പടച്ചവനോടുള്ളതായാലും. മരണം എപ്പോള്‍ എത്തുമെന്നറിയില്ല. നന്മകള്‍ ആദ്യം നിര്‍വഹിക്കുന്നതിന് ഏറെ പുണ്യമുണ്ട്.
 
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ എന്നതിനാല്‍  അത് വാര്‍ധക്യത്തിലേക്ക് നീട്ടിവെയ്ക്കാതെ കഴിവ് ഒത്തുവന്നാല്‍ ഉടനെ നിര്‍വഹിക്കുകയാണ് വേണ്ടത്. പൂര്‍ണമായാല്‍ സ്വര്‍ഗം. ''വല്ലവനും ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അവനത് ഉടനെ ചെയ്യട്ടെ'' എന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നു (അബൂദാവൂദ്).

തൗഹീദാണ് വിശ്വാസിയുടെ ജീവന്‍. അതാണ് ഹജ്ജ്. ഹജ്ജിനൊരുങ്ങുമ്പോള്‍ ആദ്യം ശരിയാ ക്കേണ്ടത് ഈമാനാണ്. അതില്‍ മാലിന്യം കലര്‍ത്തുന്ന കര്‍മങ്ങളുമായി ജീവിക്കുന്നവന്റെ ഹജ്ജ് അസ്വീകാര്യമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനാവുക. മരണപ്പെട്ടവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും നേര്‍ച്ച നേരുന്നതുമെല്ലാം തൗഹീദിന് വിരുദ്ധമാണ്. തന്നെ അഭൗതികമായി സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന വിശ്വാസവും ആ തേട്ടവും പ്രതീക്ഷയും ഭരമേല്‍പിക്കലുമാണ് തൗഹീദിന്റെ കാതല്‍. എല്ലാ പ്രതിസന്ധികളിലും ഈമാനില്‍ ഉറച്ചുനില്ക്കാനും ഏതു പൈശാചിക പ്രലോഭനത്തെയും അതിജയിക്കാനുമുള്ള കരുത്തു നേടാനാകണം ഹജ്ജ്.

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൂക്ഷ്മത പുലര്‍ത്തേണ്ടവനാണ് മുസ്‌ലിം. എല്ലാം അല്ലാഹുവിന്റെ വിചാരണയ്ക്ക് വിധേയമാണ്. ഹജ്ജുദ്ദേശിച്ചവന്‍ അതില്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. കഴിഞ്ഞുപോയ എല്ലാ അരുതായ്മകള്‍ക്കും പടച്ചവനോട് മാപ്പിരക്കാന്‍ മനസ്സുവെച്ചവനാണവന്‍. എങ്കില്‍ അതിന് ചെലവഴിക്കുന്ന പണം ശുദ്ധമായിരിക്കണം. വസ്ത്രവും ഭക്ഷണവും വാഹനവും ന്യായമായിരിക്കണം. അതിനായി തഖ്‌വയുടെ വിഭവമൊരുക്കണം. മറ്റു മനുഷ്യരുമായി ബന്ധപ്പെട്ട് മനസ്സിലേറ്റിവെച്ച മാലിന്യം പുറന്തള്ളി അവിടം ശുദ്ധമാക്കണം. ഹജ്ജിനു മുമ്പ് കടബാധ്യതകള്‍ പറഞ്ഞുതീര്‍ക്കുന്നതിന്റെയും മറ്റ് ഇടപാടുകള്‍ പൊരുത്തപ്പെടുവിക്കുന്നതിന്റെയും പൊരുള്‍ അതാണ്.
 
മനുഷ്യ സാഹോദര്യവും സമത്വവുമാണ് ഹജ്ജിന്റെ മറ്റൊരു മുഖമുദ്ര. സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും അന്തരീക്ഷമാണതിനുള്ളത്. ഹജ്ജിനു പോകുന്നവര്‍ അഹങ്കാരത്തിന്റെയും വിവേചനത്തിന്റെയും പൊങ്ങച്ചത്തിന്റെയും എല്ലാ തലക്കനങ്ങളും ഇറക്കിവെക്കണം. അറിവും കഴിവും കൊണ്ട് ഏറെ അന്തരമുണ്ടെങ്കിലും ഞാനും അവനും അല്ലാഹുവിന്റെ തുലാസില്‍ അളക്കപ്പെടുന്നത് ഭക്തിയുടെ തോതനുസരിച്ചായിരിക്കുമെന്ന് മനസ്സിലാക്കി എല്ലാവരെയും തന്നെപ്പോലെ സ്‌നേഹിക്കാനും പരിഗണിക്കാനും ശ്രമിക്കാത്ത ഹാജി പരാജിതനാണ്. മഞ്ഞും മഴയും ചൊരി യുന്ന ആകാശം മേല്‍ക്കൂരയാക്കിയ ജനകോടികളെ അനുസ്മരിക്കുന്ന മുസ്ദലിഫയില്‍ ഇഹ്‌റാമിന്റെ വേഷവുമായി ചെരിഞ്ഞു കിടക്കുമ്പോള്‍ സഹാനുഭൂതിയുടെ കുളിര്‍മയറിയണം. ഹജ്ജിനു ശേഷമത് ശക്തമാക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് അനുകമ്പ പുലര്‍ത്തണം. തന്റെ ശരീരത്തിന്റെ ഒരു ഭാഗമായി അവരെ കരുതണം. മുഖം കറുപ്പിക്കാതെ,  നെറ്റി ചുളിക്കാതെ അവരെ കാണണം, കേള്‍ക്കണം.

പ്രായമായവരും മറ്റും കൂട്ടത്തിലുണ്ടെങ്കില്‍ അസ്വസ്ഥരാവരുത്. ഹജ്ജ് കൊതിക്കുന്ന ദുര്‍ബലരെയും വൃദ്ധരെയും ഭാരമായി കരുതി കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ അവരെ ഹജ്ജിന് അനുവദിക്കാതിരിക്കുകയോ ചെയ്യരുത്. നമുക്ക് ഒരു ഹജ്ജു കൊണ്ട് ഒന്നിലേറെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യങ്ങളാണവര്‍. ഹജ്ജിന്റെ ഇടയില്‍ അന്യരാണെങ്കിലും അവശര്‍ക്കുവേണ്ടി സേവനം ചെയ്യാനും സൗകര്യങ്ങളൊരുക്കാനും നന്നെ ചുരുങ്ങിയത് അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനെങ്കിലും കഴിയണം.

ഹജ്ജിലേക്കെത്താന്‍ യാത്ര. ഹജ്ജിലെത്തിയാലും യാത്രകള്‍. യാത്ര പരീക്ഷണങ്ങളുടെ തുണ്ടമാണെന്നാണ് റസൂല്‍(സ്വ) പറഞ്ഞത്. ദീനും ദുനിയാവുമെല്ലാം പരീക്ഷിക്കപ്പെടും. വീടുമുതല്‍ പ്രാര്‍ഥനയോടെ തുടങ്ങണം. യാത്രക്ക് മൂന്നാളുകളെങ്കിലും ഉണ്ടാകുന്നത് നല്ലതാണെന്നും ഒരാളെ നേതാവാക്കണമെന്നും നബി(സ്വ)യുടെ നിര്‍ദേശമുണ്ട്. റസൂല്‍(സ്വ) പറയുന്നു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ശൈത്താനാണ്. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്മാരാണ്. മൂന്നാളുകള്‍ ഒരു സംഘമാണ്. (പരസ്പര സഹായങ്ങള്‍ക്ക് അവര്‍ക്കേ കഴിയൂ). (അബൂദാവൂദ്, തിര്‍മിദി, നസാഈ) റസൂല്‍(സ്വ) പറയുന്നു: മൂന്നാളുകള്‍കൂടി ഒരു യാത്ര പുറപ്പെട്ടാല്‍ തങ്ങളില്‍ നിന്ന് ഒരാളെ അവര്‍ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്) നല്ലകൂട്ടുകാരെ സംഘടിപ്പിക്കുന്നത് ഹജ്ജ് എളുപ്പമാക്കും, പുണ്യമാക്കും.

ഹജ്ജ് വിനോദയാത്രയല്ല. ശണ്ഠയും തര്‍ക്കവുമെല്ലാം ഹജ്ജിനെ ദുര്‍ബലമാക്കും. (2:197) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇബ്‌റാഹീം(അ)യും കുടുംബവും സഹിച്ച ത്യാഗങ്ങള്‍ ഓര്‍ക്കുക. എന്തെങ്കിലുമൊക്കെ ദീനിന്റെ മാര്‍ഗത്തില്‍ ത്യജിക്കാനും സഹിക്കാനും ഹജ്ജില്‍ നിന്ന് പഠിക്കണം; ശിഷ്ടജീവിതത്തില്‍ അത് തുടരണം.
 

Feedback
  • Tuesday Apr 23, 2024
  • Shawwal 14 1445