Skip to main content

ഇഹ്‌റാം

അഹ്‌റമ എന്ന പദത്തില്‍ നിന്നുണ്ടായതാണ് ഇഹ്‌റാം. നിഷിദ്ധമാക്കുക എന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. ഹറം പ്രദേശത്ത് പ്രവേശിക്കുക എന്നും ആദരണീയ മാസങ്ങളില്‍ പ്രവേശിക്കുക എന്നും അര്‍ഥമാക്കാവുന്നതാണ്. പ്രത്യേക നിയ്യത്തോടുകൂടി ഹജ്ജിലേക്കോ ഉംറയിലേക്കോ പ്രവേശിക്കുക എന്നതാണ് ഇതിന്റെ ഇസ്‌ലാമിക സാങ്കേതിക വിവക്ഷ. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടു കൂടി ചിലകാര്യങ്ങള്‍ നിഷിദ്ധമാകുന്നതുകൊണ്ടാണ് ഇതിന് ഈപേര് കിട്ടിയത്.

ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടതും സുന്നത്തുമായ ചില കാര്യങ്ങളുണ്ട്. നഖം മുറിക്കുക, മീശപോലുള്ള രോമങ്ങള്‍ മുറിക്കുകയോ കളയുകയോ ചെയ്യുക എന്നിവ നല്ലതാണ്. കുളിക്കുക, ശരീരത്തില്‍ സുഗന്ധം പുരട്ടുക, പുരുഷന്മാര്‍ വെളുത്തതും വൃത്തിയുള്ളതുമായ ഉടുമുണ്ടും ഒരു മേല്‍മുണ്ടും ധരിക്കുക, സ്ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്ത്രം ധരിക്കുക എന്നിവ സുന്നത്താണ്. ഇതിനു ശേഷം ഹജ്ജിന്റെയോ ഉംറയുടെയോ രണ്ടിന്റെയുമോ നിയ്യത്ത് പറയേണ്ടതുണ്ട്. ഇഹ്‌റാമിനായി പ്രത്യേക സുന്നത്തു നമസ്‌കാരമില്ല.

ഏതൊരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്. നിയ്യത്തുകളുടെ സ്ഥാനം ഹൃദയമാണ്. മനസ്സിന്റെ തീരുമാനമാണ് നിയ്യത്ത്. അത് നാവുകൊണ്ട് ഉച്ചരിക്കേണ്ടതില്ല. എന്നാല്‍ ഹജ്ജിന്റെയും ഉംറയുടെയും നിയ്യത്തുകള്‍ മനസ്സിലുണ്ടാകുന്നതിനൊപ്പം നാവുകൊണ്ട് ഉച്ചരിക്കുക കൂടി വേണം. ഇതാണ് നബി(സ്വ)യുടെ മാതൃക (ബുഖാരി 1570). ലബ്ബൈക ഉംറതന്‍, ലബ്ബൈക ഹജ്ജന്‍, ലബ്ബൈക ഉംറതന്‍ വ ഹജ്ജന്‍ എന്നിങ്ങനെയോ ലബ്ബൈക എന്നതിന് മുമ്പ് അല്ലാഹുമ്മ എന്നുകൂടി ചേര്‍ത്ത് അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍… എന്നോ ഉദ്ദേശിക്കുന്ന കര്‍മത്തിനനുസരിച്ച് നിയ്യത്ത് പറയാവുന്നതാണ്.  

നിയ്യത്ത് മീഖാതില്‍ നിന്ന് വാഹനത്തില്‍ കയറിയശേഷം ചൊല്ലുന്നതാണ് സുന്നത്ത്. മറ്റൊരാള്‍ക്ക് പകരക്കാരനായാണ് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നതെങ്കില്‍ അയാള്‍ നിയ്യത്ത് പറയേണ്ടത്, ലബ്ബൈക അന്‍ ഫുലാന്‍ (ഞാന്‍ ഇന്ന ആള്‍ക്കുവേണ്ടി ഹജ്ജ് / ഉംറ നിര്‍വഹിക്കുന്നു) എന്നാണ്. രോഗത്താലോ മറ്റോ കര്‍മം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ശങ്കയുള്ളവര്‍ക്ക്, ലബ്ബൈകല്ലാഹുമ്മ മഹില്ലീ ഹൈസു ഹബസ്തനീ (ഞാന്‍ തടയപ്പെടുന്ന സമയത്ത് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകും) എന്ന നിബന്ധനയോടെ നിയ്യത്ത് ചെയ്യാവുന്നതാണ് (ബുഖാരി 5089).

കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവര്‍ വിവേകമുള്ളവരാണെങ്കില്‍ അവരോട് ഇഹ്‌റാമിന്റെ മര്യാദകള്‍ പറഞ്ഞ് കൊടുക്കുകയും നിയ്യത്ത് ചെയ്യാന്‍ പറയുകയും ചെയ്യുക. നന്നെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയോ അവര്‍ക്ക്‌വേണ്ടി രക്ഷിതാക്കള്‍ പറയുകയോചെയ്യുക. ഇവരുടെ ഹജ്ജിന്റെ പ്രതിഫലം ഹജ്ജ് ചെയ്യിക്കുന്ന രക്ഷിതാക്കള്‍ക്കാണല്ലോ.

നിയ്യത്തു ചെയ്തുകഴിഞ്ഞാല്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവനായി. തുടര്‍ന്ന് കഅ്ബ കാണുന്നതു വരെ തല്‍ബിയത് ചൊല്ലിക്കൊണ്ടിരിക്കുക. തല്‍ബിയതിന്റെ രൂപം:
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്
ലബ്ബൈക ലാ ശരീക ലക ലബ്ബൈക്
ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്
ലാ ശരീക ലക 

ഇഹ്‌റാം ചെയ്ത് ഹജ്ജില്‍ പ്രവേശിച്ചവര്‍ ഇസ്‌ലാമികമായ എല്ലാ മര്യാദകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക'' (2:197). നമസ്‌കാരം പോലുള്ള മറ്റു നിര്‍ബന്ധകര്‍മങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക, ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ പാടെ വര്‍ജിക്കുക, തന്റെ വാക്കു കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു മുസ്‌ലിമിനെയും ദ്രോഹിക്കാതിരിക്കുക, ഇഹ്‌റാമില്‍ നിഷിദ്ധമാകുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Feedback