Skip to main content

ത്വവാഫ്

ചുറ്റുക എന്നാണ് ത്വവാഫ് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മക്കയിലെ കഅ്ബയെ അഭിവാദ്യം ചെയ്യുന്ന രൂപം എന്ന നിലയില്‍ അതിനെ ഏഴുവട്ടം ചുറ്റുന്നതിനാണ് ഇസ്‌ലാമില്‍ ത്വവാഫ് എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സാധാരണ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ ആദരിച്ചുകൊണ്ട് തഹിയ്യത്ത് നമസ്‌കരിക്കുക എന്നതാണ് നബിചര്യ. എന്നാല്‍ കഅ്ബ എന്ന മാതൃഭവനം മറ്റു പള്ളികളെക്കാള്‍ ആദരിക്കപ്പെടണം. അതിനായി അല്ലാഹു നിശ്ചയിച്ചതാണ് ത്വവാഫ് എന്ന കര്‍മം.

ത്വവാഫ് മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്ന ആര്‍ക്കും, ഇഹ്‌റാമില്‍ അല്ലാതെയും ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവരല്ലെങ്കിലും, എപ്പോഴും എത്ര പ്രാവശ്യവും നിര്‍വഹിക്കാവുന്നതാണ്. ഒരു ത്വവാഫ് പൂര്‍ത്തിയാകുന്നത് ഏഴുതവണ കഅ്ബയെ ചുറ്റുമ്പോഴാണ്. നാലുതരം ത്വവാഫുകളുണ്ട്. (1) ത്വവാഫ്മുത്‌ലഖ്. ഇത്മസ്ജിദുല്‍ഹറമില്‍ പ്രവേശിക്കുന്ന ആര്‍ക്കും എപ്പോഴും എത്ര തവണയും നിര്‍വഹിക്കാവുന്നതാണ്. (2) ത്വവാഫുല്‍ ഖുദൂം. മക്കയിലെത്തിയ ഉടനെയുള്ള ത്വവാഫാണിത്. ഹജ്ജും ഉംറയും ഒന്നിച്ചോ (ഖാരിന്‍), ഉംറകഴിഞ്ഞ് ഇഹ്‌റാമില്‍ നിന്ന് മാറി ഹജ്ജിനായി പിന്നീട് ഇഹ്‌റാം ചെയ്യുന്നവരോ (മുതമത്തിഅ്) എല്ലാം ഇത് നിര്‍വഹിക്കണം. അവരുടെയെല്ലാം ഉംറയുടെ ഭാഗം എന്ന നിലയില്‍ ഇത് നിര്‍ബന്ധമാണ്. ചെയ്തില്ലെങ്കില്‍ ഉംറ നഷ്ടപ്പെടും. (3) ത്വവാഫുല്‍ ഇഫാദ. ഹജ്ജിന്റെ നിര്‍ബന്ധ ഘടകമാണ് (റുക്ന്‍) ഇത്. ഇത് നിര്‍വഹിക്കാത്തവന് ഹജ്ജ് നഷ്ട പ്പെടും. ബലി പ്രായശ്ചിത്തമായി നല്കുകയും വേണം. (4) ത്വവാഫുല്‍ വിദാഅ്. ഖാരിനും മുതമത്തിഉം മുഫ്‌രിദുമായ എല്ലാ ഹാജിമാരും ഹജ്ജ് കഴിഞ്ഞ് മക്ക വിട്ടുപോകുമ്പോള്‍ നിര്‍വഹിക്കേണ്ടതാണിത്. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ള സ്ത്രീകള്‍ക്ക് ഇതില്‍ ഇളവുണ്ട്. മറ്റുള്ളവര്‍ ഇതു നിര്‍വഹിച്ചിട്ടില്ലെങ്കില്‍ പ്രായശ്ചിത്തമായി ബലി നല്കണം. 

കഅ്ബയില്‍ ആദ്യമായി പ്രവേശിക്കുന്ന പുരുഷന്മാര്‍ ത്വവാഫുല്‍ഖുദൂം നിര്‍വഹിക്കുമ്പോള്‍ റമല്‍ നടത്തവും ഇദ്തിബാഉ വസ്ത്ര രീതിയും സ്വീകരിക്കണം എന്നതൊഴിച്ചാല്‍ എല്ലാ ത്വവാഫിന്റെയും രൂപവും കര്‍മങ്ങളും ഒന്നുതന്നെയാണ്. ത്വവാഫ് ഉദ്ദേശിക്കുന്നവര്‍ ചില മര്യാദകള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ചെറുതും വലുതുമായ അശുദ്ധികളില്‍ നിന്ന് ശുദ്ധിയായിരിക്കണം. എന്നാല്‍ വുദു മുറിഞ്ഞാല്‍ വീണ്ടും വുദുവെടുത്ത് ബാക്കി ചുറ്റല്‍ പൂര്‍ത്തിയാക്കുക. വുദുവിന് സാധ്യമല്ലെങ്കില്‍ തയമ്മും ചെയ്താലും മതി. വലിയ അശുദ്ധിയുള്ള സ്ത്രീകളോ പുരുഷന്മാരോ ത്വവാഫ് ചെയ്യാന്‍ പാടില്ല. ത്വവാഫുല്‍ ഇഫാദയുടെ സമയത്ത് സ്ത്രീ ആര്‍ത്തവക്കാരിയാവുകയോ പ്രസവരക്തക്കാരിയാവുകയോ ചെയ്താല്‍ അവര്‍ ത്വവാഫ് മാറ്റിവെക്കണം.  അവര്‍ ഹജ്ജിന്റെ അവസാന ദിവസംവരെയും കാത്തിരിക്കണം. എന്നിട്ടും ശുദ്ധിയാകുന്നില്ലെങ്കില്‍ എന്തെങ്കിലും മരുന്നു കഴിച്ച് തത്കാലം ആര്‍ത്തവം നിര്‍ത്തി ത്വവാഫ് ചെയ്യണമെന്നും അല്ലാതെതന്നെ നിര്‍ബന്ധിതാവസ്ഥയില്‍ അവര്‍ ത്വവാഫുല്‍ഇഫാദ ചെയ്താല്‍ അംഗീകരിക്കപ്പെടുമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 

ഏഴു ത്വവാഫും തുടര്‍ച്ചയായി ചെയ്യുന്നതാണ് ഉത്തമം. പക്ഷേ തുടര്‍ച്ച മുറിഞ്ഞാല്‍ കുഴപ്പമില്ല. ക്ഷീണിച്ചവര്‍ക്ക് ഇടക്ക് വിശ്രമിച്ചശേഷം ബാക്കി തുടരാവുന്നതാണ്. ശരീരവും വസ്ത്രവും വൃത്തിയുള്ളതാകണം, മറ്റുള്ളഭക്തര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാകരുത്, കഅ്ബയെ ഇടതുവശത്താക്കിവേണം ത്വവാഫ് ചെയ്യേണ്ടത്. ഹിജ്‌റിനകത്തുകൂടി (കഅ്ബയുടെ എടുപ്പിനോട് ചേര്‍ന്ന് റ ആകൃതിയില്‍ അടയാളപ്പെടുത്തിയ സ്ഥലമാണ് ഹിജ്ര്‍) ത്വവാഫ് പാടില്ല. അത് കഅ്ബയുടെ ഭാഗമാണ്. പള്ളിയില്‍ പ്രവേശിക്കാന്‍ ആദ്യം വലതുകാല്‍ വയ്ക്കണം. ഈ സമയത്ത്, ബിസ്മില്ലാഹിവസ്സലാതു വസ്സലാമു അലാറസൂലില്ലാഹ്, അല്ലാഹുമ്മഫ്തഹ്‌ലീ അബ് വാബ റഹ്മതിക എന്ന, എല്ലാ പള്ളിയിലും പ്രവേശിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥന നിര്‍വഹിക്കാം. (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതനില്‍ അനുഗ്രഹങ്ങളും രക്ഷയുമുണ്ടാകട്ടെ, അല്ലാഹുവേ എനിക്ക് കാരുണ്യത്തിന്റെ കവാടകങ്ങള്‍ തുറന്നുതരേണമേ). ശേഷം മത്വാഫിലേക്ക് പോവുക. കഅ്ബയെ ചുറ്റുന്ന മുറ്റമടക്കമുള്ള സ്ഥലത്തിനാണ് മത്വാഫ് (ത്വവാഫിന്റെ സ്ഥലം) എന്നു പറയുന്നത്. കഅ്ബക്കു ചുറ്റുമുള്ള മുറ്റവും അതിന്റെ ചുറ്റുമുള്ള മസ്ജിദുല്‍ഹറമിന്റെ ഉള്‍ഭാഗവും മേല്‍ഭാഗവുമെല്ലാം ഇങ്ങനെ ചുറ്റാവുന്ന പ്രദേശങ്ങളാണ്. എന്നാലും കഅ്ബക്കടുത്തായി ചുറ്റുന്നതാണ് ഉത്തമം. സ്ത്രീകള്‍ക്കും പുരുഷന്മാരുടെ കൂടെ ത്വവാഫ് ചെയ്യാവുന്നതാണ്. ഹജറുല്‍ അസ്‌വദ് മുത്താനും മറ്റും അവര്‍ പുരുഷന്മാരുടെകൂടെ തിരക്കാതിരിക്കലാണ് ഉത്തമം.

ത്വവാഫ് ഒറ്റനോട്ടം

വുദുചെയ്യുക. വലതുകാല്‍ വെച്ച് പ്രാര്‍ഥനയോടെ പള്ളിയില്‍ കയറുക മത്വാഫിലേക്ക് പ്രവേശിക്കുക. ആര്‍ക്കും എവിടെയും പ്രയാസങ്ങളുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ത്വവാഫുല്‍ ഖുദൂമാണെങ്കില്‍ പുരുഷന്മാര്‍ മേല്‍മുണ്ട് ഇദ്തിബാഅ് ആക്കുക. മറ്റു ത്വവാഫുകളില്‍ ഇത്‌വേണ്ടതില്ല. ഹജറുല്‍ അസ്‌വദ് ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിന്റെ അടയാളത്തിനു നേരെ നിന്ന് ആംഗ്യം കാണിക്കുകയോ ചെയ്യുക. ശേഷം ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറയുക. കഅ്ബയെ ഇടതുവശത്താക്കി ത്വവാഫ് തുടങ്ങുക. പുരുഷന്മാര്‍ വേഗത്തില്‍ (റമല്) നടക്കുക. ഇഷ്ടമുള്ള ദുആകളും ദിക്‌റുകളും ഖിറാഅതും അറിയാവുന്ന ഭാഷയിലും രൂപത്തിലും സ്വന്തമായി നിര്‍വഹിക്കുക. റുക്‌നുല്‍ യമാനിയിലെത്തിയാല്‍ കഴിയുമെങ്കില്‍ അതിനെ തൊടുക. ശേഷം റബ്ബ നാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതിഹസനതന്‍ വഖിനാ അദാബന്നാര്‍ എന്ന പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരിക്കുക. ഹജറുല്‍ അസ്‌വദിനടുത്തെത്തുമ്പോള്‍ അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ആംഗ്യംകാണിക്കുയോ ചെയ്യുക. വീണ്ടും ഇഷ്ടമുള്ള പ്രാര്‍ഥനകളും മറ്റുമായി ഇങ്ങനെ ചുറ്റുക. മൂന്നു ചുറ്റല്‍ പൂര്‍ത്തിയായാല്‍ റമല് നടത്തം നിര്‍ത്തുക. ഏഴുചുറ്റല്‍ പൂര്‍ത്തിയായാല്‍ ഇദ്തിബാഅ് മാറ്റി മേല്‍മുണ്ടിന്റെ രണ്ടറ്റങ്ങളും മാറിലേക്ക് വരുന്ന രൂപത്തില്‍ പുതയ്ക്കുക. ഹജറിനെ ചുംബിച്ച് മഖാമു ഇബ്‌റാഹീമിനെ തനിക്കും കഅ്ബക്കും മധ്യേയാക്കി രണ്ടു റക്അത് നമസ്‌കരിക്കുക. സാധ്യമല്ലെങ്കില്‍ മസ്ജിദുല്‍ഹറമില്‍ എവിടെയെങ്കിലും നിന്ന് നമസ്‌കരിക്കുക. ഇതില്‍ ഒന്നാം റക്അതില്‍ സൂറതുല്‍ കാഫിറൂനും രണ്ടാം റക്അതില്‍ ഇഖ്‌ലാസും ഓതുക. ശേഷം സ്വഫായിലേക്കുള്ള വഴിയിലൂടെ സഅ്‌യിനായി നീങ്ങുകയോ മറ്റു കാര്യങ്ങള്‍ക്കായി ത്വവാഫില്‍ നിന്ന് വിരമിക്കുകയോ ചെയ്യുക. 

 
 

Feedback