Skip to main content

പ്രായശ്ചിത്ത വ്രതങ്ങള്‍ (4)

നിശ്ചിത കാരണങ്ങളാല്‍ റമദാനിലെ നോമ്പ് നഷ്ടപ്പെട്ടവരും നോറ്റുവീട്ടാന്‍ കഴിയാത്തവരുമായ ആളുകളാണ് പ്രായശ്ചിത്തം (ഫിദ്‌യ) നല്‌കേണ്ടത്. നിത്യരോഗികള്‍, വയോവൃദ്ധര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, നോറ്റുവീട്ടാന്‍ കഴിയാത്തവിധം പ്രയാസപ്പെടുന്നവര്‍ എന്നിവരാണ് ഇങ്ങനെ പ്രായശ്ചിത്തം നല്‌കേണ്ടത്.

എന്നാല്‍ പകലില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളിലൂടെ വ്രതം നഷ്ടപ്പെടുത്തിയവന്‍ പകരം നോമ്പെടുക്കുന്നതിനു പുറമെ തുടര്‍ച്ചയായി രണ്ടുമാസം നോമ്പെടുക്കുകയോ സാധ്യമല്ലെങ്കില്‍ ഒരു മുസ്‌ലിമായ അടിമയെ മോചിപ്പിക്കുകയോ അതും  കഴിയില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്കുകയോ ആണ് വേണ്ടത്. ഈ നോമ്പ് പ്രായശ്ചിത്ത വ്രതമാണ്.

മറികടക്കാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ ചില കല്പനാ നിരോധങ്ങളെ ലംഘിക്കുന്നവരോ ഇളവാവശ്യപ്പെടുന്നവരോ ആയ ദാസന്മാര്‍ക്ക് അല്ലാഹു ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമാക്കിയതാണ് പ്രായശ്ചിത്ത വ്രതം. ഇവ ബാധകമായവര്‍ അത് നോറ്റുവീട്ടുകയോ അല്ലാഹു നിര്‍ദേശിച്ച മറ്റു പരിഹാരങ്ങള്‍ നിര്‍വഹിക്കുകയോ വേണം. പൈശാചിക പ്രലോഭനങ്ങള്‍ക്കടിപ്പെട്ടാണ് മനുഷ്യന്‍ കാരുണ്യവാനായ തന്റെ നാഥന്റെ വിധികള്‍ ലംഘിക്കുന്നത്. എങ്കിലും മാനുഷികമായി വന്നുപോകുന്ന ഇത്തരം അബദ്ധങ്ങളുടെ പേരില്‍ അവനെ കടുത്ത നരക ശിക്ഷക്ക് വിധേയമാക്കാതിരിക്കാനും എന്നാല്‍ പിശാചിനെ ജയിക്കാന്‍ അവനെ പരിശീലിപ്പിക്കാനുമായി അല്ലാഹു നിര്‍ദേശിക്കുന്നതാണ് ചില പ്രായശ്ചിത്ത വ്രതങ്ങള്‍. കുറ്റബോധമുള്ള, അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയുള്ള സത്യവിശ്വാസികള്‍ തീര്‍ച്ചയായും പടച്ചവന്റെ ഈ ഇളവ് സന്തോഷപൂര്‍വം സ്വീകരിക്കും. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലുമായി ഈ വ്രതങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. റമദാനില്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ പ്രാപിക്കല്‍, ദിഹാര്‍, മനഃപൂര്‍വമല്ലാത്ത കൊലപാതകം, സത്യലംഘനം, ഹജ്ജിലെ വേട്ട എന്നിവയാണവ. 

ഇവയല്ലാതെ സ്വന്തമായി പ്രായശ്ചിത്ത നോമ്പുകളോ മറ്റു കര്‍മങ്ങളോ തീരുമാനിക്കാന്‍ മതപണ്ഡിതന്മാര്‍ക്കോ ഇസ്‌ലാമിക ഭരണാധികാരികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല. അവയെല്ലാം അസാധുവാണ്; ഇഷ്ടത്തോടെ അംഗീകരിക്കുന്നതും അനുസരിക്കുന്നതും കുറ്റകരവുമാണ്.

 
 

Feedback