Skip to main content

റമദാന്‍ എന്നാല്‍

ചാന്ദ്രവര്‍ഷ കാലഗണനപ്രകാരം ഒന്‍പതാം മാസമാണ് റമദാന്‍. കഠിനചൂട് എന്നാണ് ഇതിന്റെ അര്‍ഥം. അവര്‍ കലണ്ടറിന് രൂപമുണ്ടാക്കിയ സമയത്ത് ആ മാസം കൊടുംചൂടിന്റെ കാലമായിരുന്നതിനാലാണ് ഈ പേര് സിദ്ധിച്ചത്. നബി(സ്വ)യുടെ നിയോഗത്തിനും 150 വര്‍ഷം മുമ്പ് അദ്ദേഹ ത്തിന്റെ അഞ്ചാം പിതാമഹനായ കിലാബുബ്‌നു മുര്‍റയുടെ കാലത്താണ് ഈ ക്രമീകരണം നടന്നത് (വിക്കിപീഡിയ). എന്നാല്‍ പ്രവാചകനിയോഗത്തിനു മുമ്പുള്ള അറേബ്യന്‍ കാലഘട്ടത്തില്‍ (ജാഹിലിയ്യാ കാലത്ത്) ഈ മാസത്തിന് എന്തെങ്കിലും പ്രത്യേകതയോ വിശുദ്ധിയോ കല്പിക്കപ്പെട്ടിരുന്നില്ല. 

പിന്നീട് മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതും വിശുദ്ധ ഖുര്‍ആനിന്റ അവതരണം ആരംഭിച്ചതും ഒരു റമദാന്‍ മാസത്തിലായിരുന്നു. 'ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍' (2:185). ഇതാണ് ഈ മാസത്തിന് മഹത്വമേറ്റിയതും ഇസ്‌ലാമിക ജീവിതത്തിലെ ഏറ്റവും പുണ്യകരമായ ദിനങ്ങളാക്കിയതും. 

പ്രപഞ്ചപരിപാലകന്റെ കാരുണ്യം വര്‍ഷിക്കുന്ന അവസരത്തില്‍ ആ ദയാവായ്പിന് നന്ദിചെയ്യാനും ആ ദിവ്യഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പരിശീലിക്കാനും ഇതില്‍പരം അനുയോജ്യമായ സമയമില്ല. അങ്ങനെ അല്ലാഹു ഈ മാസം ഇരട്ടി അനുഗ്രഹങ്ങളുടെതാക്കുകയും നോമ്പടക്കം അക്കാലത്തുള്ള എല്ലാ നന്മകള്‍ക്കും പലമടങ്ങ് പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. ഇതുകൂടാതെ പാപമോചനത്തിന്റെയും സ്വര്‍ഗപ്രവേശത്തിന്റെയും പവിത്രതയും അല്ലാഹുവിന്റെ സാമീപ്യത്തിന്റെ മഹാഭാഗ്യവും ഈ മാസത്തില്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.

റമദാനിലെ നോമ്പ് നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. 'വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്' (2:185). നബി(സ്വ)യും ഇത് ഉണര്‍ത്തുന്നുണ്ട്. 'ഇസ്‌ലാം അഞ്ചുകാര്യങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടത്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് നല്കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, ഹജ്ജ് നര്‍വഹിക്കല്‍' (ബുഖാരി 4514).


 

Feedback