Skip to main content

റമദാനിന്റെ ശ്രേഷ്ഠത

അല്ലാഹു ആദരണീയമാണെന്നറിയിച്ച നാലുമാസങ്ങളില്‍ (അല്‍ അശ്ഹുറുല്‍ ഹുറും) റമദാന്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പുണ്യംനേടാന്‍ റമദാനോളം പവിത്രതയുള്ള മറ്റൊരു മാസവുമില്ല. നബി(സ്വ)യുടെ ശഅ്ബാന്‍ മാസത്തിലെ പ്രഭാഷണം ഇങ്ങനെയാണ്: ജനങ്ങളേ, മഹത്തായ ഒരു മാസം നിങ്ങള്‍ക്കിതാ തണലിട്ടിരിക്കുന്നു. അനുഗൃഹീത മാസം, ആ മാസത്തില്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രിയുണ്ട്. ആ മാസത്തില്‍ വ്രതമനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രിനമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. ആ മാസം വല്ല നന്മയും ചെയ്ത് ദൈവസാമീപ്യം തേടുന്നവന്‍ ഇതരമാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപ്പോലെയാണ്. ഈ മാസം ഒരു നിര്‍ബന്ധകര്‍മം ചെയ്യുന്നവന്‍ മറ്റു ദിവസങ്ങളില്‍ എഴുപത് നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപോലെയാണ്. റമദാന്‍ സഹനത്തിന്റെ മാസമാണ്. സഹനത്തിന്റെ പ്രതിഫലം സ്വര്‍ഗമത്രെ. ഇത് സഹാനുഭൂതിയുടെ മാസമാണ്. സത്യവിശ്വാസികളുടെ ഉപജീവനത്തില്‍ വര്‍ധനവുണ്ടാകുന്ന മാസവുമാണിത്. ഇതില്‍ വല്ലവനും ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പ്രതിഫലം പാപമോചനവും നരക വിമുക്തിയുമാണ്. ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവുവരാതെത്തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ് (ബൈഹഖി).
    
നബി(സ്വ) പറയുന്നു: ''റമദാനില്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. 'ഹേ നന്മ കാംക്ഷിക്കുന്നവനേ, നീ മുന്നോട്ടുവരിക, തിന്മ ആഗ്രഹിക്കുന്നവരേ വിരമിക്കുക' എന്ന് റമദാന്‍ തീരുവോളം ഒരു മലക്ക് വിളിച്ചു പറയും'' (നസാഈ 4: 129).
    
മഹാപാപങ്ങള്‍ ഉപേക്ഷിക്കുന്നപക്ഷം ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള ചെറുപാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാണ് (മുസ്‌ലിം :233).
    
ആര്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിന്റെ പരിധികള്‍ പാലിക്കുകയും സൂക്ഷ്മത വേണ്ട കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവോ അവന്റെ മുന്‍പാപങ്ങള്‍ പൊറു ക്കുന്നതാണ് (ഇബ്‌നുഹിബ്ബാന്‍ 3424).

 


 

Feedback