Skip to main content

ഭാര്യയുടെ സുന്നത്ത് നോമ്പ്

ഇസ്‌ലാമില്‍ ദാമ്പത്യജീവിതം പുണ്യമാണ്. ആ ജീവിതത്തിലെ ലൈംഗികതയും നന്മയാണ്. നോമ്പ് പകല്‍ സമയത്തെങ്കിലും ലൈംഗികതക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യ ഉഭയസമ്മതത്തോടെ മാത്രമേ ഐഛികവ്രതം അനുഷ്ഠിക്കാവൂ. റമദാനിലും റമദാനില്‍ നഷ്ട്‌പ്പെട്ട നോമ്പ് നോറ്റ് വീട്ടുന്നതും പോലെ നിര്‍ബന്ധ നോമ്പുകളില്‍ മാത്രമേ ഭര്‍തൃസമ്മതമില്ലാതെ നോമ്പനുഷ്ഠിക്കാവൂ. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഭാര്യ, റമദാനിലല്ലാതെ നോമ്പെടുക്കരുത് (ബുഖാരി 5195). എന്നാല്‍ അനുമതി ചോദിച്ചാല്‍ അത് നല്കാനാണ് ഭക്തനായ ഭര്‍ത്താവ് ശ്രമിക്കേണ്ടത്. കാരണം അവരുടെ പരലോകത്തിന് വിഭവം നല്കുക എന്നത് അയാളുടെ കൂടി ബാധ്യതയില്‍പെട്ടതാണല്ലോ. നോമ്പും നമസ്‌കാരവും മാത്രമായി കഴിഞ്ഞുകൂടി ഭാര്യയോടുള്ള കടമകളില്‍ വീഴ്ചവരുത്തിയ അനുചരനെ നബി(സ്വ) തിരുത്തിയത് ശ്രദ്ധേയമാണ്.

അബൂജുഹൈഫ(റ) പറയുന്നു: നബി(സ്വ) സല്‍മാന്‍(റ)വിനും അബുദ്ദര്‍ദാഅ്(റ)നുമിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍(റ) അബുദ്ദര്‍ദാഅ്(റ)നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദ്ദര്‍ദാഇനെ(റ) വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രശ്നമെന്താണ്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ്(റ)ന് ഐഹിക കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബുദ്ദര്‍ദാഅ്(റ) കയറിവന്നു. സല്‍മാന്‍(റ)വിന്നുവേണ്ടി  ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്ന് പറഞ്ഞു: നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍; ഞാന്‍ നോമ്പുകാരനാണ്. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. പിന്നീട് രാത്രിയായപ്പോള്‍ അബൂദ്ദര്‍ദാഅ്(റ) സുന്നത്ത് നമസ്‌കരിക്കാന്‍ എഴുന്നേറ്റു. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഉറങ്ങൂ. അന്നേരം അയാള്‍ ഉറങ്ങി. വീണ്ടും എഴുന്നേറ്റു. അയാള്‍ വീണ്ടും  ഉറങ്ങാന്‍ പറഞ്ഞു. രാത്രിയുടെ അവസാനയാമമായപ്പോള്‍ സല്‍മാന്‍(റ) പറഞ്ഞു: ഇനി എഴുന്നേല്‍ക്കൂ. രണ്ടു  പേരും ഒരുമിച്ചു നമസ്‌കരിച്ചു. അനന്തരം സല്‍മാന്‍(റ) പറഞ്ഞു. താങ്കളുടെ രക്ഷിതാവിനോട് താങ്കള്‍ക്ക് കടമയുണ്ട്. താങ്കളുടെ സ്വന്തത്തോടും കടമയുണ്ട്. സഹധര്‍മിണിയോടും കടമയുണ്ട്. എല്ലാവരോടുമുളള കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ഈ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, സല്‍മാന്‍(റ) പറഞ്ഞത് ശരിയാണ് (ബുഖാരി). 

Feedback
  • Saturday May 4, 2024
  • Shawwal 25 1445