Skip to main content

പെരുന്നാളുകള്‍, അയ്യാമുത്തശ്‌രീഖ്

രണ്ടു പെരുന്നാളുകള്‍

ബലിപെരുന്നാളും (ഈദുല്‍അദ്ഹാ) ഫിത്വ്‌റ് പെരുന്നാളും (ഈദുല്‍ഫിത്ര്‍) വിശ്വാസികളുടെ ആഹ്ലാദ ദിനങ്ങളാണ്. അന്ന് ഭക്ഷ്യപേയാദികള്‍ വിലക്കപ്പെട്ടുകൂടാ. അതിഥിയും ആതിഥേയനും അന്ന് നോമ്പുകാരാകുന്നത് ഉചിതമല്ല. ആ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.

ഉമര്‍(റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ഫിത്വ്‌റ് പെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ് (ബുഖാരി).

അബൂഹുറയ്‌റ(റ) പറയുന്നു: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ഫിത്വ്‌റ് പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതും മുലാമസ, മുനാബദ എന്നീ രണ്ടു കച്ചവടങ്ങളും (ബുഖാരി).

ഇബ്‌നു ഉമര്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ തന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍) വിചാരിക്കുന്നു. യാദൃച്ഛികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്‌നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദേശിക്കുന്നുണ്ട്. നബി(സ്വ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാല്‍ പാടില്ല). (ബുഖാരി) ഈ ദിവസങ്ങളില്‍ ഐഛികമോ നിര്‍ബന്ധമോ ആയ ഒരു നോമ്പും നോല്‍ക്കാന്‍ പാടില്ല.

അയ്യാമുത്തശ്‌രീഖ്

ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ദുല്‍ഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് തിയ്യതികള്‍ക്കാണ് അയ്യാമുത്തശ്‌രീഖ് എന്നു പറയുന്നത്. ഈ ദിവസങ്ങള്‍ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണെന്നും നോമ്പെടുക്കരുതെന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ബലിയറുക്കാനും ആ മാംസം കഴിക്കാനുമെല്ലാം അനുവദിക്കപ്പെട്ടതാണീ ദിവസങ്ങള്‍.

അബൂഹുറയ്‌റ(റ) പറയുന്നു: ഈ ദിവസങ്ങളില്‍ വ്രതമെടുക്കരുത്. കാരണം "ഇവ ആഹാരപാനീയങ്ങള്‍ക്കും ദൈവസ്മരണക്കുമുള്ളതാണ്" എന്ന് മിനായില്‍ വിളിച്ചുപറയാനായി നബി(സ്വ) അബ്ദുല്ലാഹിബ്‌നു ഹുദാഫയെ അയക്കുകയുണ്ടായി (ത്വഹാവീ, ശറഹുമആനില്‍ ആസാര്‍ (2/244).

ഈ ദിവസങ്ങളില്‍ ഫര്‍ദോ സുന്നത്തോ ആയ ഒരു നോമ്പും പാടില്ല. എന്നാല്‍ ഹാജിക്ക് ബലിയറുക്കാന്‍ കഴിയാത്തതിനുള്ള പ്രായശ്ചിത്ത വ്രതം അനുഷ്ഠിക്കാന്‍ ഈ ദിനങ്ങളില്‍ നബി(സ്വ)ഇളവു നല്കിയിട്ടുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ നിര്‍വ്വഹിച്ച് ഹജ്ജ്‌വരെ സ്വതന്ത്രമായി ജീവിച്ചാല്‍ അറഫാദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം (ബുഖാരി).

Feedback