Skip to main content

സംഭോഗം

നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ പ്രത്യേക പ്രായശ്ചിത്തം നിശ്ചയിക്കപ്പെട്ട ഏക കുറ്റമാണ് ഇണയുമൊത്തുള്ള ലൈംഗികബന്ധം. നോമ്പിന്റെ നിര്‍ബന്ധഭാഗമാണ് ഭാര്യാഭര്‍തൃ സംസര്‍ഗം ഉപേക്ഷിക്കുക എന്നുള്ളത്. മനുഷ്യനെ ലൈംഗികവികാരം നിയന്ത്രിക്കാന്‍ കഴിയുന്നവനാക്കുകയും അങ്ങനെ ആത്മീയതയുടെ ഉയര്‍ന്ന പദവികളില്‍ അവരോധിക്കുകയും ചെയ്യുക എന്നത് നോമ്പിന്റെ പ്രധാന താത്പര്യമാണ്. എന്നിരിക്കെ അതില്‍ വീഴ്ചവരുത്തുന്നത് വലിയ കുറ്റമാണ്. 

റമദാനില്‍ നോമ്പുകാരനായിരിക്കെ സ്വേഛപ്രകാരം (നിര്‍ബന്ധിതന്‍, മറന്നവന്‍ എന്നിവര്‍ കുറ്റക്കാരല്ല) ഇണകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പകരം പാപമോചന പ്രാര്‍ഥനക്കും നോമ്പു നോറ്റുവീട്ടുന്നതിനും പുറമെ പ്രായശ്ചിത്തം നിര്‍വഹിക്കണം. ഒരു സത്യവിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് ശേഷിയില്ലാത്തവന്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക, അതിനും കഴിയാത്തവന്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്കുക എന്നതാണ് ഇതിനുള്ള പ്രായശ്ചിത്തം. സ്ത്രീ സ്വാഭീഷ്ടപ്രാകരമാണ് ഇതില്‍ പങ്കാളിയായതെങ്കില്‍ അവളും പ്രായശ്ചിത്തം നല്കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്ത്രീക്ക് പാപമോചന പ്രാര്‍ഥനയും പകരം നോറ്റുവീട്ടലും മാത്രമേ ബാധകമാകൂ എന്നാണ് ഇമാം ശാഫിഈ, അഹ്മദ് എന്നിവരുടെ അഭിപ്രായം. അതാണ് കൂടുതല്‍ പ്രാമാണികം.

ഒരിക്കല്‍ ഒരു മനുഷ്യന്‍ നോമ്പുകാരനായിരിക്കെ താന്‍ ഭാര്യയുമായി രമിച്ചു എന്ന് നബി(സ്വ)യോട് കുറ്റസമ്മതം നടത്തുകയും തന്നെ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തോട് ഒരു അടിമയെ മോചിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് അതിനുള്ള ശേഷിയില്ലെന്ന് അയാള്‍ ഉണര്‍ത്തി. എങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനും കരുത്തില്ലെന്ന് അയാള്‍ പറഞ്ഞു. എങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്കണമെന്ന് നബി(സ്വ) ധരിപ്പിച്ചു. താന്‍ ദരിദ്രനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം അദ്ദേഹം അവിടെ ഒരിടത്ത് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍  തനിക്ക് സമ്മാനമായി ലഭിച്ച ഒരു വലിയ കുട്ട കാരക്ക നബി(സ്വ) അയാള്‍ക്ക് നല്കി. അതുകൊണ്ടുപോയി പാവങ്ങള്‍ക്ക് നല്കി പ്രായശ്ചിത്തം നിര്‍വഹിക്കാന്‍ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ താന്‍ തന്നെയാണ് പ്രദേശത്തെ ഏറ്റവും ദരിദ്രനെന്നു പറഞ്ഞ ആ മനുഷ്യനെ നോക്കി ചിരിച്ചുകൊണ്ട് 'എങ്കില്‍ തന്റെ കുടുംബത്തിനെ ആഹരിപ്പിക്കുക' എന്ന് നബി(സ്വ)പറഞ്ഞു (അഹ്മദ്). ഈ റിപ്പോര്‍ട്ട് പ്രായശ്ചിത്തത്തിന്റെ രീതിയും പ്രാധാന്യവും അതിന് സാധിക്കാത്തവര്‍ക്കുള്ള പോംവഴിയും നിര്‍ദേശിക്കുന്നുണ്ട്.  

ഈ പ്രായശ്ചിത്തം റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് മാത്രമേ ബാധകമാവൂ. മറ്റേതെങ്കിലും നോമ്പുകളോ മറ്റു മാസങ്ങളില്‍ നോറ്റുവീട്ടുന്ന റമദാന്‍ നോമ്പോ ആണെങ്കില്‍ പകരം നോമ്പ് നോല്‍ക്കണമെന്നല്ലാതെ മറ്റു പ്രായശ്ചിത്തം ആവശ്യമില്ല. റമദാനിന്റെ പകല്‍ വ്യഭിചരിച്ചവന്‍ പകരം നോമ്പ് നോല്ക്കുകയും ഇസ്‌ലാമിക ശിക്ഷ ഏറ്റുവാങ്ങുകയും വേണം; പ്രായശ്ചിത്തം വേണ്ടതില്ലഎന്ന് യൂസുഫുല്‍ഖര്‍ദാവി നിരീക്ഷിക്കുന്നു (ഫിഖ്ഹുസ്സ്വിയാം)

Feedback