Skip to main content

പൂര്‍ണ ഉടമസ്ഥാവകാശം

ധനത്തിന്റെ ആത്യന്തിക ഉടമ അല്ലാഹുതന്നെയാണ്. എന്നാല്‍ മനുഷ്യര്‍ എങ്ങനെ അത് കൈകാര്യം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് പരീക്ഷിക്കാന്‍ വേണ്ടി അല്ലാഹു നല്‍കിയതാണ് ധനം. തന്റെ ഉടമസ്ഥതയിലുള്ളതും തനിക്ക് ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ കഴിയുന്ന സ്വത്തിനും മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ.

പേറ്റന്റ്, കോപ്പിറൈറ്റ്, സേവനങ്ങള്‍ എന്നിവ ആധുനിക കാലഘട്ടത്തില്‍ ഒരാളുടെ ആസ്തികളായി കണക്കാക്കപ്പെടുമെങ്കിലും ഒരു വ്യക്തിക്ക് തന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ കഴിയുന്ന സ്വത്തല്ല എന്നതിനാല്‍ സകാത്ത് നല്കപ്പെടേണ്ട  സമ്പത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് പണ്ഡിതാഭിപ്രായം.

ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ ഒരു പ്രദേശത്തി(മഹല്ല്)ന്റെ പൊതു ഉപയോഗത്തിനായുള്ള സ്വത്തുക്കള്‍, സകാത്ത്  പോലെയുള്ള വരുമാനങ്ങള്‍ എന്നിവയ്ക്ക് സകാത്ത് നല്‍കേണ്ടതില്ല. അതുപോലെത്തന്നെ പൊതു ആവശ്യത്തിനായുള്ള ട്രസ്റ്റുകളും. എന്നാല്‍ ഏതാനും വ്യക്തികള്‍ അംഗങ്ങളാവുകയും ഗുണഭോക്താക്കളാവുകയും ചെയ്യുന്ന ട്രൂസ്റ്റുകള്‍ക്ക് സകാത്ത് നിര്‍ബന്ധമാകും.

മറ്റൊരാളില്‍ നിന്നും വാങ്ങിയകടം

വാങ്ങിയ വ്യക്തിക്ക് ആ പണത്തില്‍ യാതൊരു ഉടമസ്ഥാവകാശവുമില്ല. കടം തന്നയാള്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചുകൊടുക്കേണ്ടതാണ് എന്നതിനാല്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയ കടം സകാത്ത് കണക്കു കൂട്ടുമ്പോള്‍ പരിഗണിക്കേണ്ടതില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം.

സകാത്ത് നല്‍കുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള കടബാധ്യതയുടെ സംഖ്യ മാറ്റിവെക്കുകയോ കൊടുത്തുവീട്ടുകയോ ചെയ്യുന്നില്ലെങ്കില്‍ ആ സംഖ്യ തന്റെ സ്വത്തിന്റെ കൂടെ സകാത്തിനായി പരിഗണിക്കേണ്ടതാണ് എന്നാണ് ശൈഖ് ഉസൈമീന്‍ അഭിപ്രായപ്പെടുന്നത്. ഇത് ഭൂരിപക്ഷാഭിപ്രായത്തിനു എതിരാണ്.  

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ജനങ്ങളോട്, 'ഇതാകുന്നു നിങ്ങളുടെ സകാത്ത് നല്‍കാനുള്ള മാസം. അതിനാല്‍ നിങ്ങളുടെ കടങ്ങള്‍ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നല്‍കുകയും ചെയ്യൂ' എന്ന് പറയാറുണ്ടായിരുന്നു. ഇതില്‍ നിന്ന് കടം വാങ്ങിയ തുകക്ക് സകാത്ത് നല്‍കേണ്ടതില്ല എന്നും എന്നാലത് സകാത്തിനായി സ്വത്തുക്കള്‍ കണക്കുനോക്കുന്നതിന് മുമ്പായി  കൊടുത്തു വീട്ടുകയാണ് നല്ലത് എന്നും മനസ്സിലാക്കാം. 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍


 

Feedback