Skip to main content

സുല്‍ത്താന്‍ അല്‍ നിയാദി

യു.എ.ഇ ലെയും അറബ് ലോകത്തെ തന്നെയും ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ യാത്രികനും ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജനുമാണ് സുല്‍ത്താന്‍ അല്‍ നിയാദി. സെയ്ഫ് അല്‍ നിയാദിയുടെ മകന്‍ ഡോ. അല്‍ നിയാദി.

അല്‍ ഐനിലെ ഉമ്മു ഗാഫയിലാണ് സുല്‍ത്താന്‍ അല്‍ നിയാദി ജനിച്ചത്. കുട്ടിക്കാലം വലിയുപ്പയുടെ വീട്ടിലായിരുന്നു. ഉമ്മു ഗാഫ പ്രൈമറി ബോയ്‌സ് സ്‌കൂളിലും ഉമ്മു ഗാഫ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. പിതാവ് യുഎഇ സായുധ സേനയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം സുല്‍ത്താന്‍ യുഎഇ സായുധ സേനയില്‍ ചേര്‍ന്നു. ബ്രിട്ടനില്‍ ബ്രൈറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ഇദ്ദേഹം, അവിടെ 2004 ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗില്‍ ബിഎസ്സി (ഓണേഴ്‌സ്) നേടി.

niyadi

യു.എ.ഇയില്‍ തിരിച്ചെത്തിയ ശേഷം സായിദ് മിലിട്ടറി കോളേജില്‍ ഒരു വര്‍ഷം പഠിച്ചു. കമ്യൂണിക്കേഷന്‍സ് എഞ്ചിനീയറായി യുഎഇ സായുധ സേനയില്‍ ജോലി ചെയ്തിട്ടുണ്ട്. 2008-ല്‍ അദ്ദേഹം ഓസ്‌ട്രേലിയയില്‍ പോയി ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടി.

2023 മാര്‍ച്ച് 3 ന് യു.എ,ഇ സമയം രാവിലെ 09.34 ന് അമേരിക്കയിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നിയാദി അടക്കം നാല് ബഹിരാകാശ യാത്രികരെയും വഹിച്ചു കൊണ്ടുളള സ്‌പേസ് എക്‌സ് ഫാല്‍കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു. നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ കോസ്‌മോനോട്ട് ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സുല്‍ത്താന്‍ അല്‍ നിയാദിയുടെ സഹയാത്രികര്‍. സായിദ് മിഷന്‍ ടു എന്ന് പേരിട്ട യു.എ.ഇ യുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.

ബഹിരാകാശ നിലയത്തിലെ ഊര്‍ജസംവിധാനവുമായി ബന്ധപ്പെട്ടുള്ള കേബിളിങ് ജോലികളുടെ ഭാഗമായിരുന്നു ബഹിരാകാശ നടത്തത്തില്‍ പങ്കാളിയാവാനും ഈ യാത്രയില്‍ സുല്‍ത്താന്ന് സാധിച്ചു. ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തെ പ്രതിനിധി സ്‌പേസ് വാക്ക് നടത്തിയെന്ന റെക്കോഡും അല്‍ഐനില്‍നിന്നുള്ള 41കാരനെ തേടിയെത്തി. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് സ്‌പേസ് വാക്ക് നടത്തുന്ന പത്താമത്തെ രാജ്യമായി യു.എ.ഇ മാറി.

ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തത്സമയ സംവേദനാത്മക സെഷനായ 'എ കോള്‍ ഫ്രം സ്‌പേസ്' പരിപാടിയില്‍ നിരവധി പ്രമുഖര്‍ക്കൊപ്പം തന്റെ പിതാവിനോടും നേരിട്ട് സംസാരിച്ച് സുല്‍ത്താന്‍ നിയാദി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ബഹിരാകാശത്തു നിന്ന് സുല്‍ത്താന്‍ നിയാദി പകര്‍ത്തിയ മക്ക, മദീന പ്രദേശങ്ങളുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നാസയുടെ ക്രൂ സിക്‌സിന്റെ ഭാഗമായി നീണ്ട  ആറു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങളാണ് സംഘം നടത്തിയത്. ഇവയിലെ 20 പരീക്ഷണങ്ങള്‍ അല്‍ നിയാദി തന്നെയാണ് നിര്‍വഹിച്ചത്. 

യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു യാത്രികരില്‍ ഒരാളായിരുന്നു സുല്‍ത്താന്‍ അല്‍ നിയാദി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ഹസ്സന്‍ അല്‍ മന്‍സൂരിക്കാണ് 2019 ല്‍ ആദ്യമായി അന്താരാഷ്ട്ര സപേസ് സ്‌റ്റേഷനില്‍ എത്താന്‍ അവസരം ലഭിച്ചത്. ഏഴ് ദിവസമാണ് മന്‍സൂരി ബഹിരാകാശത്ത് കഴിഞ്ഞത്. 

night view of the emirate from the space

 
സൗദി രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ആയിരുന്നു ബഹിരാകാശത്തെത്തിയ ആദ്യത്തെ അറബ് പൗരന്‍. 1985-ല്‍ ഡിസ്‌കവറി എന്ന ഷട്ടിലിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം റഷ്യന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ സിറിയന്‍ ബഹിരാകാശ സഞ്ചാരി മുഹമ്മദ് ഫാരിസ് രണ്ടാമനായി. ഒരാഴ്ചയോളം ഇരുവരും ബഹിരാകാശത്ത് ചെലവഴിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തോളം ബഹിരാകാശത്ത് താമസിക്കുന്ന ആദ്യ അറബ് വംശജനെന്ന ഖ്യാതി അല്‍ നിയാദി സ്വന്തമാക്കി. 

Feedback