Skip to main content

യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്

42

വിസ്തീര്‍ണം : 83,600 ച.കി.മി
ജനസംഖ്യ : 9,267,000 (2016)
അതിര്‍ത്തി : തെക്കു പടിഞ്ഞാറ് സുഊദി അറേബ്യ, തെക്കു കിഴക്ക് ഒമാന്‍, വടക്കു കിഴക്ക്അറേബ്യന്‍ ഉള്‍ക്കടല്‍.
തലസ്ഥാനം : അബൂദബി
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : യു എ ഇ ദിര്‍ഹം
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 68,245 ഡോളര്‍

ചരിത്രം:
പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിച്ച അറേബ്യന്‍ ഉപദ്വീപ് ആയ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് അറബ് ഐക്യത്തിന്റെ പ്രതീകമാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ബ്രിട്ടന്‍ പൂര്‍ണമായും പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് സ്റ്റേറ്റുകള്‍ ഒന്നിച്ച് 1971 ഡിസംബര്‍ രണ്ടിന് യു എ ഇ നിലവില്‍ വന്നു. അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് റാസല്‍ ഖൈമയും ഫെഡറേഷനില്‍ അംഗമായി. 

ശൈഖ് സായിദ് സുല്‍ത്വാന്‍ അല്‍ നഹ്‌യാന്‍ പ്രസിഡന്റും ശൈഖ് റാഷിദ് സഈദ് അല്‍ മക്തൂം വൈസ് പ്രസിഡന്റുമായി ആദ്യ പരമാധികാര സഭ നിലവില്‍വന്നു. വൈസ് പ്രസിഡന്റ് തന്നെയാണ് പ്രധാനമന്ത്രിയും. മത്സ്യം പിടിച്ചും മുത്തുവാരിയും ഉപജിവനം നടത്തി ലോകത്തെ ഏറ്റവും ദരിദ്ര മേഖലയിലൊന്നായി കഴിഞ്ഞിരുന്ന ഈ ഭൂപ്രദേശം 1962ല്‍ എണ്ണ ഖനനം തുടങ്ങിയയതിനു ശേഷം വികസനത്തിന്റെ പാതയിലെത്തി. ഇന്ന് ലോകത്തെ ഏതു നഗരത്തോടും കിടപിടിക്കുന്നതാണ് യു എ ഇ യിലെ നഗരങ്ങള്‍. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബൈ ലോകോത്തര പ്രമുഖ നഗരങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന മേഖലയും യു.എ.ഇ തന്നെ.

അറബ് ഇസ്‌റാഈല്‍ യുദ്ധഘട്ടത്തില്‍ അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി യു എ ഇ അറബ് ഐക്യത്തിന് ശക്തി പകര്‍ന്നു. 

ഉരുക്കു നിര്‍മാണം, രാസവളം, അലൂമിനിയം വ്യവസായങ്ങളും ഇവിടെയുണ്ട്. പൗരന്മാര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പൂര്‍ണമായും സൗജന്യമാണ്. ദാരിദ്രരാജ്യങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളെ സാമ്പത്തികമായി എന്നും സഹായിച്ചുപോന്നിട്ടുണ്ട് യു എ ഇ.

പതിനൊന്ന് ശതമാനം മാത്രമാണ് തദ്ദേശീയരുള്ളത്. 27 ശതമാനം ഇന്ത്യക്കാരും 12 ശതമാനം പാക്കിസ്താനികളും ഈ സമ്പന്നതയുടെ മടിത്തട്ടില്‍ പ്രവാസികളായി ഉപജീവനം തേടുന്നു.

നിയമ സംവിധാനത്തില്‍ മൂന്നുതരം കോടതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു, സിവില്‍, ക്രിമിനല്‍, ശരീഅത്ത് കോടതികള്‍ എന്നിവ. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ശരീഅത്ത് കോടതികളെ സമീപിക്കാം. വിവിധ മത വിശ്വാസികള്‍ക്ക് ആരാധനാ സ്വാതത്ര്യവുമുണ്ട് യു എ ഇയില്‍.

നിലവില്‍ (2018) യു എ ഇയുടെ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമാണ്.
 

Feedback