Skip to main content

ജ്യോതിശാസ്ത്രം (37)

ആദ്യകാല മുസ്‌ലിംകള്‍ ജ്യോതിശാസ്ത്രത്തില്‍ വലിയ തോതില്‍ മുന്നേറ്റം നടത്തുകയുണ്ടായി. മധ്യകാലഘട്ടത്തില്‍ വളരെ മികച്ച ജ്യോതിശാസ്ത്ര നിരീക്ഷണ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും അവ ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാന്‍ സാധിച്ചു എന്നത് മുസ്‌ലിംകളുടെ വലിയൊരു സംഭാവനയാണ്.

ഡമസ്‌കസിലും മരാഗയിലും എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ മികച്ച വാനനിരീക്ഷണ കേന്ദ്രങ്ങളുണ്ടായിരുന്നു. ഡമാസ്‌കസിലെ കേന്ദ്രത്തിനു അക്കാലത്തു വളരെ കൃത്യമായി ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാന്‍ സാധിച്ചു.

സ്‌പെയിന്‍കാരനായ ജാബിര്‍ബിന്‍ അഫ്‌ലയാണ് (മരണം 1145) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും സഞ്ചാരപഥവും നിര്‍ണയിക്കാന്‍ ഉതകുന്ന സഞ്ചരിക്കുന്ന വാനനിരീക്ഷണ സംവിധാനം (Celestial Sphere) ആദ്യമായി വികസിപ്പിച്ചെടുത്തത്. ടോളമിക്ക് മുമ്പ് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗത്തിനു ഗുരുതരമായ പിഴവുകള്‍ ഉണ്ടായിരുന്നു. ഇറാഖുകാരനായ അല്‍ബിതാനി (പത്താം നൂറ്റാണ്ട്) പിഴവുകള്‍ തീര്‍ത്ത പുതിയൊരു സംവിധാനം വികസിപ്പിച്ചെടുത്തു. നക്ഷത്രങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുന്ന മാതൃകയ്ക്ക് സെലഷ്യല്‍ ഗ്ലോബ് (Celestial Globe) എന്നാണ് പറയുന്നത്. അല്‍ ബിതാനി തയ്യാറാക്കിയ ഈ ഗ്ലോബ്  അന്നുവരെ നിലവിലുണ്ടായിരുന്ന മാതൃകകളെ നിഷ്പ്രഭമാക്കി. മുസ്‌ലിംകള്‍ നിര്‍മ്മിച്ച സെലഷ്യല്‍ ഗ്ലോബ് പതിനാറാം നൂറ്റാണ്ടുവരെ യൂറോപ്പിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉപയോഗിച്ചിരുന്നു.

മുസ്‌ലിം ലോകത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല ജ്യോതി ശാസ്ത്ര ഉപകരണങ്ങളെയും സങ്കേതങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങള്‍  രചിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ പ്രചരിപ്പിക്കുകയും ചെയ്തു  എന്നത് ഈ കാലഘട്ടത്തിന്റെ ഒരു വലിയ പ്രത്യേകതയാണ്. സിറിയക്കാരനായ അബൂബക്കര്‍ ഇബ്‌നു അല്‍സരാജ് (മരണം 1329 ) അക്കാലത്തെ  രചയിതാക്കളില്‍ പ്രമുഖനാണ്. സിറിയക്കാരനായ മറ്റൊരു ഗ്രന്ഥകാരന്‍ അഹമ്മദ് അല്‍ ഹലാബി എഴുതിയ പുസ്തകങ്ങളും ഏറെക്കാലം റഫറന്‍സ് ഗ്രന്ഥങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു പോന്നു . അദ്ദേഹത്തിന്റെ സമകാലികനായ ഈസ അല്‍ദീന്‍ അല്‍ വഫ യഥാര്‍ഥത്തില്‍ കൈറോ ഉമയാദ് പള്ളിയിലെ മുഅദ്ദിന്‍ ആയിരുന്നു. എന്നാല്‍ രസകരമായ വസ്തുത അദ്ദേഹം ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ഗണിത ശാസ്ത്രകാരനും ഗ്രന്ഥകാരനും ആയിരുന്നു എന്നതാണ്. വിവിധ തരത്തിലുള്ള ഗണിത ശാസ്ത്ര പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തതും അവ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചതും ആണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
 
ക്വാഡ്രന്റുകള്‍ (quadrant) വികസിപ്പിച്ചെടുത്തത് മുസ്‌ലിംകളുടെ ഒരു വലിയ സംഭാവനയാണ്. ഗോളശാസ്ത്ര രംഗത്ത് കോണുകള്‍ അളക്കാനും നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള അകലം കണ്ടുപിടിക്കാനുമാണ് ക്വാഡ്രന്റുകള്‍ ഉപയോഗിക്കുന്നത്. ആദ്യകാലത്തെ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരത്തിലുള്ള ധാരാളം ഉപകരണങ്ങള്‍ കണ്ടു പിടിച്ചത് അക്കാലത്തു ജ്യോതിശാസ്ത്ര മേഖലയിലും ഗണിത ശാസ്ത്ര മേഖലയിലും വന്‍  കുതിച്ചുചാട്ടത്തിനു ഇടയാക്കി.  ത്രികോണമിതി ജ്യാമിതീയ രൂപങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സഹായകരമായ സൈന്‍ ക്വാഡ്രന്റു ഒമ്പതാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ പ്രചാരത്തിലുണ്ടായിരുന്നു. ജ്യോതിശാസ്ത്രപരമായ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സഹായകരമായ യൂണിവേഴ്‌സല്‍ ക്വാഡ്രന്റുകള്‍ പതിനാലാം നൂറ്റാണ്ടില്‍ സിറിയയില്‍ വികസിപ്പിച്ചെടുത്തു. പല ഉപകരണങ്ങളും യാത്രകളില്‍ ദിശ അറിയാനും (navigation) ഉപയോഗപ്പെടുന്നവയാ യിരുന്നു. 

ഇന്ന് നിലവിലുള്ള ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ പലതും അത്യാധുനിക സംവിധാനങ്ങളോട് കൂടിയവയാണ്. എന്നാല്‍ അവയുടെ അടിസ്ഥാന തത്വങ്ങള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ നാം എത്തുന്നത് പഴയ കാല മുസ്‌ലിം ജ്യോതിശാസ്ത്ര പ്രതിഭകളുടെ സംഭാവനകളിലേക്കാണ്.

Feedback