Skip to main content

കമല സുറയ്യ (1-2)

കേരളത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന അനുഗൃഹീത കഥാകാരിയും കവയിത്രിയും നോവലെഴുത്തുകാരിയുമാണ് കമല സുറയ്യ. തൃശൂര്‍ നാലപ്പാട്ട് തറവാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആമിയായും മലയാളികള്‍ക്ക് മാധവിക്കുട്ടിയായും ഇംഗ്ലീഷ് വായനക്കാര്‍ക്ക് കമലാദാസായും കമല സുറയ്യ പതിറ്റാണ്ടുകളോളം സാഹിത്യ വിരുന്നൊരുക്കി.

പത്താം ക്ലാസ് വിദ്യാഭാസം പോലുമില്ലാത്ത കമല ഇംഗ്ലീഷിലും മലയാളത്തിലുമായി 35 ലേറെ പുസ്തകങ്ങളെഴുതി. സ്ത്രീ സ്‌നേഹവും പ്രണയവുമായിരുന്നു അവര്‍ പ്രമേയമാക്കിയിരുന്നത്. കമലയുടെ ആത്മ കഥയായ 'എന്റെ കഥ' 15 ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

തന്റെ വായനക്കാരെയും ഇഷ്ടജനങ്ങളെയും വിസ്മയ ഭരിതരാക്കി 65-ാം വയസ്സില്‍, 1999 ഡിസംബര്‍ 11 ന് കമല ഇസ്‌ലാം സ്വീകരിച്ചു. അന്ന് മുതലാണ് കമല സുറയ്യ എന്ന് പേരു മാറ്റിയത്. പിന്നീടുള്ള എഴുത്തുകളിലും ഇതായിരുന്നു തൂലികാനാമം. തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചാരത്തെ ഖബറിലാണ് ഇവര്‍ അന്ത്യനിദ്ര കൊള്ളുന്നത്.    

ജീവിതരേഖ

തൃശൂര്‍ പുന്നയൂര്‍ക്കുളത്തെ നായര്‍ തറവാടായ നാലപ്പാട്ട് കുടുംബത്തില്‍ 1934 മാര്‍ച്ച് 31 ന് മാധവിക്കുട്ടി എന്ന കമലാ സുറയ്യ ജനിച്ചു. പിതാവ് മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ വി. എം നായരും മാതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയും.

ജനനവും ബാല്യവും കല്‍കത്തയിലായിരുന്നു. ഇടക്ക് പുന്നയൂര്‍ക്കുളത്തും വന്നു. പ്രാഥമിക വിദ്യാഭ്യാസവും ഇവിടങ്ങളില്‍ മാറിമാറിത്തന്നെ. പത്താം ക്ലാസ് കടക്കും മുമ്പു തന്നെ വിവാഹം നടന്നു. ഐ. എം. ആറിലെ ഉന്നതോദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് ഡയറക്ടറുമായിരുന്ന മാധവദാസായിരുന്ന ഭര്‍ത്താവ്. 1949 ഫെബ്രുവരി 5 ന്, പതിനഞ്ചാം വയസ്സിലാണ് വിവാഹം.

1992 ല്‍ മാധവദാസ് നിര്യാതനായി. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം.ഡി നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവര്‍ മക്കളാണ്. എഴുത്തുകാരി സുലോചന നാലപ്പാട്ട് സഹോദരി. 1994 ല്‍ കൊച്ചിയിലേക്ക് താമസം മാറി. 2009 മെയ് 31 ന് 'സുറയ്യ' നക്ഷത്രം പൊലിഞ്ഞു.

Feedback