Skip to main content

ലൈംഗിക സദാചാരവും വേഷവിധാനങ്ങളും

പുരുഷനും സ്ത്രീയും മാന്യവും ലളിതവുമായ വസ്ത്രം ധരിക്കുകയും അന്യര്‍തമ്മില്‍ സഹവസിക്കുമ്പോള്‍ സൗന്ദര്യപ്രകടനത്തിന്റെയും ശരീരാസ്വാദനത്തിന്റെയും മ്ലേച്ഛവഴികളിലേക്ക് നീങ്ങാതിരിക്കുകയും ചെയ്യുക എന്നതാണ് ലൈംഗിക സദാചാരത്തിന് അനുപേക്ഷണീയമായിട്ടുള്ളത്. ഇസ്‌ലാമില്‍ പുരുഷനും സ്ത്രീയും സ്വീകരിക്കാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ള വസ്ത്ര സംസ്‌കാരവും വീടിന്റെ പുറത്തുള്ള സമ്പര്‍ക്കങ്ങളിലെ മര്യാദകളും, ധാര്‍മിക സുരക്ഷയും സദാചാര ജീവിതവും ഉറപ്പുവരുത്തുന്നതാണ്.

വസ്ത്രധാരണമെന്നത് മനുഷ്യനെ ഇതര ജന്തുജീവ ജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന സാംസ്‌കാരിക ഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അവന്റെ ന്യൂനതകളെ മറച്ചുവെച്ച് അലങ്കാരമണിയിക്കുന്ന വസ്ത്രങ്ങള്‍ ദൈവിക അനുഗ്രഹത്തിന്റെ ഭാഗമായിട്ട് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട് (7:26). വസ്ത്രങ്ങള്‍ മനുഷ്യന്റെ വ്യക്തിത്വത്തെയും ധര്‍മബോധത്തെയും അടയാളപ്പെടുത്തുന്നതാകയാല്‍ ധര്‍മനിഷ്ഠയില്‍ അധിഷ്ഠിതമായ വസ്ത്രധാരണ രീതി ശീലിക്കണമെന്ന് വിശ്വാസികള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടു.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പുരുഷന്റെ നഗ്നത(ഔറത്ത്) മുട്ടുപൊക്കിളുകള്‍ക്ക് ഇടയിലുള്ള ഭാഗമാണ്. നഗ്നതാ പ്രദര്‍ശനം വിശ്വാസിയുടെ സംസ്‌കാരമായ ലജ്ജയ്ക്ക് എതിരായതിനാല്‍ നഗ്നത വെളിവാകുന്നത് ജാഗ്രതയോടെ കാണണമെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു.

ഇബ്‌നു ഉമര്‍(റ)പറയുന്നു: നബി(സ്വ) പറഞ്ഞു. നിങ്ങള്‍ നഗ്നരാകുന്നത് സൂക്ഷിക്കുക. കാരണം നിങ്ങളോടൊപ്പം വിട്ടുപിരിയാത്തവരുണ്ട് (മലക്കുകള്‍). വിസര്‍ജനാവസരത്തിലും ഒരാള്‍ തന്റെ ഭാര്യയുമായി ചേരുന്ന വേളയിലുമൊഴികെ. അതിനാല്‍ അവരോട് നിങ്ങള്‍ ലജ്ജ പ്രകടിപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക (തിര്‍മിദി).

ലൈംഗിക സദാചാരത്തിന്റെ ബാലപാഠങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നതിങ്ങനെ: അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: 'ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നതയും ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ നഗ്നതയും നോക്കരുത്. പുരുഷന്‍ പുരുഷന്റെ കൂടെ ഒറ്റവസ്ത്രത്തില്‍ ചേര്‍ന്നു കിടക്കരുത്. സ്ത്രീ സ്ത്രീയുടെ കൂടെ ഒറ്റവസ്ത്രത്തില്‍ ചേര്‍ന്നു കിടക്കരുത് (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി).

ജുര്‍ഹുദുല്‍ അസ്‌ലമി പറയുന്നു. എന്റെ അടുത്തുകൂടി നബി(സ്വ) പോവുകയുണ്ടായി. ഞാന്‍ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും എന്റെ തുടയില്‍ നിന്ന് വസ്ത്രം നീങ്ങിക്കിടന്നിരുന്നു. നിന്റെ തുട നീ മറയ്ക്കുക. അത് നഗ്നതയാണ് എന്ന് നബി(സ്വ) പറഞ്ഞു (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, മുവത്വ)

സ്ത്രീയുടെ നഗ്നത മുഖവും മുന്‍കൈയുമൊഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളുമാണ്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ.(24:31) അന്യരായ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ഇടപഴകേണ്ടി വരുമ്പോഴും പൊതു ഇടങ്ങളില്‍ പോകുമ്പോഴും സ്ത്രീകള്‍ പൂര്‍ണമായും ഈ നിഷ്‌കര്‍ഷ പാലിക്കണം. എന്നാല്‍ രക്തബന്ധുക്കളും ദമ്പതികളും കുട്ടികളും മാത്രമാകുമ്പോള്‍ അത്ര തന്നെ കണിശത പാലിക്കണമെന്നില്ല. അത് ആരെല്ലാമാണെന്ന് അല്ലാഹു പറയുന്നു. ''അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, അവരുമായി ബന്ധപ്പെട്ട സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (24:31). 

സ്ത്രീയുടെ ശരീരപ്രകൃതിയും അവളുടെ സൃഷ്ടിപ്പിലെ സൗന്ദര്യവും പുരുഷനെ അപേക്ഷിച്ച് ആകര്‍ഷണമുണ്ടാക്കുന്നതാണ്. സ്ത്രീസുരക്ഷയ്ക്കുള്ള മാര്‍ഗവും സദാചാരത്തിന്റെ പ്രഥമ പടിയും എന്ന നിലയിലാണ് നഗ്നത മറയ്ക്കല്‍ ഇസ്‌ലാം കാണുന്നത്. അവിഹിതബന്ധത്തിനും ലൈംഗിക അതിക്രമത്തിനും കാരണമായേക്കാവുന്ന പഴുതുകളെയെല്ലാം അടയ്ക്കുകയാണ് ഈ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്.  

സൗന്ദര്യം ദൈവികാനുഗ്രഹമാണ്. അത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ നല്കപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ സൗന്ദര്യപ്രകടനവും സൗന്ദര്യാസ്വാദനവും നടക്കണം. അതു പ്രകൃതിയാണ് പ്രകൃതി താത്പര്യങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ സൗന്ദര്യം പൊതുദര്‍ശനത്തിന്   ഇസ്‌ലാം അനുവാദം നല്കുന്നില്ല. ഇവിടെയാണ് വസ്ത്രത്തിന്റെ പ്രസക്തി. വസ്ത്രം നഗ്നത മറയ്ക്കലാണ്. വ്യക്തിത്വത്തിന്റെ പ്രകടനവുമാണ്.(7:26) അനിയന്ത്രിതമായ സൗന്ദര്യ പ്രകടനവും വിവസ്ത്ര സംസ്‌കാരവും ജീര്‍ണതയിലേക്കും ലൈംഗിക അതിക്രമത്തിലേക്കും നയിക്കുമെന്നത് അനുഭവ പാഠമാണ്.  

സ്ത്രീകള്‍ പൊതു കുളിപ്പുരകളില്‍ പ്രവേശിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: 'ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അരക്കച്ച ധരിക്കാതെ കുളിമുറിയില്‍ പ്രവേശിക്കരുത്. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്റെ ഭാര്യയെ പൊതുകുളിപ്പുരയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുമരുത് (മുസ്‌ലിം, നസാഈ, തിര്‍മിദി).

Feedback
  • Saturday Dec 6, 2025
  • Jumada ath-Thaniya 15 1447