Skip to main content

വേഷം

സ്ത്രീ സുരക്ഷയുടെ ഭാഗമായി ഇസ്‌ലാം നല്കിയ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് അവളുടെ വസ്ത്രധാരണരീതി. അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. വൃത്തിയില്ലാതെ നടന്ന ഭക്തനോട് കുളിച്ചും എണ്ണയിട്ടും വൃത്തിയാകാനും കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സമ്പന്നനോട് അല്ലാഹു തന്നത് ജീവിതത്തില്‍ കാണിക്കണമെന്നും മുഹമ്മദ് നബി(സ്വ) നിര്‍ദേശിക്കുന്നു. ആരാധനകളിലും ആരാധനാലയങ്ങളിലും സുന്ദരമായ വസ്ത്രം ധരിച്ച് പങ്കെടുക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. വസ്ത്രത്തിന്റെ ധര്‍മം അലങ്കാരം കൂടിയാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്(7:26). ഇതെല്ലാം പുരുഷന്നും സ്ത്രീക്കും ബാധകമാണ്. ഭാര്യ ഭര്‍ത്താവിന്നും ഭര്‍ത്താവ് ഭാര്യയ്ക്കും വേണ്ടി അണിഞ്ഞൊരുങ്ങണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ വസ്ത്രത്തിലും ശാരീരിക സൗന്ദര്യത്തിലുമുള്ള ഇസ്‌ലാമിന്റെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീയെയോ പുരുഷനേയോ വികൃതനും വൃത്തികെട്ടവനുമാക്കി ഭക്തിയുടെപേരില്‍ പുണ്യം സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നില്ല. മറിച്ച്, ധൂര്‍ത്തും പൊങ്ങച്ചവും ചതിയും അന്യായങ്ങളും കടന്നുവരാത്തവിധം ഭൂമിയിലെ സൗന്ദര്യം അണിയുകയും ആസ്വദിക്കുകയുമെല്ലാം ചെയ്യാന്‍ ഇസ്‌ലാം സ്ത്രീപുരുഷന്മാരെ പ്രേരിപ്പിക്കുന്നു. 

മനുഷ്യ സമൂഹത്തിലെ അലങ്കാരമാണ് സ്ത്രീയെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നു. ''ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാ കുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം'' (3:14). ഭൂമിയിലെ ഉത്തമമായ വിഭവമാണ് നല്ലസ്ത്രീയെന്ന് റസൂലും ആലങ്കാരികമായി പറഞ്ഞുവെക്കുന്നു. അലംകൃതയാകാനുള്ള അവളുടെ മോഹത്തിന് അനുമതിയെന്നോണം, പുരുഷന്ന് നിഷിദ്ധമായ പട്ടും  സ്വര്‍ണവും, ആടയും ആഭരണവുമായി ഇസ്‌ലാം അവള്‍ക്ക് അനുവദിക്കുന്നു. ഇസ്‌ലാമിന്റെ പുരുഷാധിപത്യമല്ല സ്ത്രീയുടെ വേഷവിധാനത്തിലും സൗന്ദര്യ പ്രകടനത്തിലുമുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനം എന്നു മനസ്സിലാക്കാന്‍ ഇതു പര്യാപ്തമാണ്. സ്ത്രീയുടെ പ്രകൃതിപരമായ ആകര്‍ഷകത്വമാണ് അവളെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാനഘടകമെന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ ശരീരദര്‍ശനമെന്ന ആകര്‍ഷണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയാണ് സ്ത്രീയുടെ വസ്ത്രനിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷമായി തന്നെ കാമക്കണ്ണുകളില്‍ നിന്നും അതവള്‍ക്ക് സുരക്ഷിതത്വം നല്കും. മാന്യയാണെന്ന് തിരിച്ചറിയപ്പെടുന്നതിനാല്‍ പൂവാലശല്യവും മറ്റും കുറയും. ഇതെല്ലാം ആത്മാഭിമാനത്തോടെ സമൂഹത്തിലും കുടുംബത്തിലും തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അവള്‍ക്ക് ധൈര്യം പകരും. 

സ്ത്രീയുടെ മുഖം, മുന്‍കൈ എന്നീ ഭാഗങ്ങളൊഴിച്ച് മറ്റുള്ളതെല്ലാം അന്യപുരുഷന്മാരുടെ മുന്നില്‍ മറയ്ക്കണം. ഇസ്‌ലാമിക നിയമപ്രകാരം പരസ്പരം വിവാഹം നിഷിദ്ധമായ ബന്ധുക്കള്‍ (മഹ്‌റം) അല്ലാത്തവരാണ് അന്യര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മകന്‍, തന്റെയും ഭര്‍ത്താവിന്റെയും പിതാവ്, മകന്‍, പിതൃവ്യന്‍, പിതാമഹന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, സഹോദരിയുടെ മകന്‍, മാതൃ സഹോദരന്‍ എന്നിവരാണ്  ഈ ബന്ധുക്കള്‍. ഇതുകൂടാതെ   മുസ്‌ലിം സ്ത്രീകള്‍,  അടിമകള്‍, ലൈംഗിക ശേഷിയും താല്പര്യവുമില്ലാത്ത വേലക്കാര്‍, ലൈംഗിക ബോധമില്ലാത്ത കുട്ടികള്‍ എന്നിവര്‍കൂടി ഇതില്‍ ഉള്‍പെടുന്നു. ഭര്‍ത്താവല്ലാത്ത ആര്‍ക്കുമുമ്പിലും ലൈംഗിക ഭാഗങ്ങള്‍ വെളിവാക്കാന്‍ പാടില്ലാത്തതാണ്. ഇളവനുവദിക്കപ്പെട്ടവരില്‍ തന്നെ ദുര്‍നടപ്പ് ഭയപ്പെടുന്നവരില്‍ നിന്നും ശരീരം മറയ്‌ക്കേണ്ടതാണ്. ഭര്‍ത്താവിന്റെ സഹോദരന്മാര്‍, സഹോദരീ ഭര്‍ത്താവ്, അമ്മാവന്റെയും പിതൃവ്യന്റെയും മക്കള്‍ തുടങ്ങിയ അടുത്തബന്ധുക്കളൊന്നും ഈ ഇളവില്‍ ഉള്‍പെടുന്നില്ല. 
ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി; നിങ്ങള്‍ അന്യസ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍. അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? നബി(സ്വ) പ്രത്യുത്തരം നല്‍കി. അതു നാശമാണ് (ബുഖാരി). 

എന്നിരിക്കെ വീട്ടുസേവകരും അയല്‍ക്കാരും സഹപാഠികളും സഹപ്രവര്‍ത്തകരുമെല്ലാം നിയന്ത്രിക്കപ്പെടേണ്ടവരാണ്.  നിര്‍ബന്ധ സാഹചര്യങ്ങളില്‍ ഏതു നിയമത്തിലും ഇളവനുവദിക്കപ്പെടുമെന്നതിനാല്‍ ചികിത്സ, രോഗീപരിചരണം, പഠനം  തുടങ്ങിയ രംഗങ്ങളില്‍ ഇതില്‍ ന്യായമായ ഇളവുകള്‍ സ്വീകരിക്കാവുന്നതാണ്. 

നഗ്‌നത മറയ്‌ക്കേണ്ട രൂപം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(33:59). ''അവരുടെ മക്കനകള്‍ കുപ്പായമാറു കള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ''(24:31). ശരീരം പൂര്‍ണമായും മറയുന്ന, അയഞ്ഞതും അകം കാണാത്തതുമായ വസ്ത്രമാകണമെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ഇറുകിയതും ശരീരവടിവുകള്‍ വ്യക്തമാകുന്നതുമായ, പ്രത്യേകിച്ചും മാറിടവും കഴുത്തും മുടിയുമെല്ലാം പ്രകടമാകുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ നബി(സ്വ) ശപിക്കുകയും അവര്‍ക്ക് സ്വര്‍ഗ സുഗന്ധംപോലും ലഭിക്കില്ലെന്ന് താക്കീതു നല്കുകയും ചെയ്തിട്ടുണ്ട്. അത്തരം വസ്ത്രം ധരിക്കുന്നവര്‍ അന്ത്യനാളിന്റെ അടയാളമാണെന്നും റസൂല്‍ സൂചിപ്പിക്കുകയുണ്ടായി. വസ്ത്രം കറുപ്പായിരിക്കണമെന്നോ പര്‍ദ എന്നു പറയുന്ന ബ്രാന്‍ഡഡ് ഇനം തന്നെ വേണമെന്നോ മുന്‍കൈയും മുഖവുമെല്ലാം മൂടണമെന്നോ ഇസ്‌ലാം നിയമമാക്കുകയോ പുണ്യകരമാക്കുകയോ ചെയ്തിട്ടില്ല.  

സ്ത്രീ വേഷത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വേഷപ്രഛന്നതയുടെതാണ്. സ്ത്രീ പുരുഷന്റെ വേഷം ധരിക്കുന്നതും പുരുഷന്‍ സ്ത്രീയുടെ വേഷം ധരിക്കുന്നതും ഇസ്‌ലാം നിരോധിക്കുന്നു. അബൂഹുറയ്‌റ(റ) പറയുന്നു: സ്ത്രീവേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്‍(സ്വ) ശപിച്ചിരിക്കുന്നു (അബൂദാവൂദ്). കൊച്ചു കുട്ടികളുടെ പ്രായം മുതല്‍ തന്നെ ഇത് ശ്രദ്ധിക്കുന്നതാണ് നല്ലത്. സമൂഹം പൊതുവെ ആണ്‍വേഷമെന്നു കരുതുന്ന രൂപവും ഭാവവുമെല്ലാം ഇതില്‍ ഉള്‍പെടുന്നുണ്ട്.  


 

Feedback