Skip to main content

ശിശുഹത്യ

ജാഹിലിയ്യാ കാലത്ത് അറബിഗോത്രങ്ങള്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. പെണ്‍കുട്ടി പിറക്കുന്നത് അപമാനമായി കണ്ടിരുന്നു. ശിശുഹത്യ ഇസ്‌ലാം കര്‍ശനമായി വിലക്കി. ജീവിതത്തിന്റെ ആനന്ദങ്ങളും അല്ലാഹു കനിഞ്ഞേകുന്ന അനുഗ്രഹങ്ങളുമായ സന്താനങ്ങളെ ബുദ്ധിമുട്ടിന്റേയും പ്രാരാബ്ധങ്ങളുടെയും പ്രതീകങ്ങളായി കാണരുത്. കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഹനിക്കാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ സമമാണ്.

അല്ലാഹു പറയുന്നു: ''ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങള്‍ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് വലിയ പാപമാണ്''(17:31). വീണ്ടും പറയുന്നു: ''ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍ ചോദിക്കപ്പെടുമ്പോള്‍, ഏതൊരു പാപത്തിന്റെ പേരിലാണ് അവള്‍ കുഴിച്ചുമൂടപ്പെട്ടത്?'' (81:8,9).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു. ഏറ്റവും വലിയ പാപമേതാണ്? അപ്പോള്‍ അവിടുന്ന് പറഞ്ഞു. അല്ലാഹുവില്‍ പങ്കുകാരെ ഉണ്ടാക്കിവെക്കലാണ്. അവനാണ് താങ്കളെ സൃഷ്ടിച്ചത്. പിന്നെ ഏതാണ്? നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന് ഭയന്ന് നിന്റ കുട്ടിയെ വധിക്കലാണ്. പിന്നെ ഏതാണ്? നിന്റെ അയല്‍ക്കാരിയെ വ്യഭിചരിക്കലാണ്. തിരുദൂതരുടെ വാക്കുകളെ സത്യപ്പെടുത്തിക്കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു. അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്നപക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും'' (25:68), സ്വഹീഹുല്‍ ബുഖാരി 6001).

ജാഹിലിയ്യാ കാലത്തു നടന്നിരുന്ന പെണ്‍പിറവി അപമാനമായി കണ്ട് കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നു. പുതുയുഗത്തിലെ കമ്പോള താല്പര്യങ്ങള്‍  കുഞ്ഞിന് ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നു. അതാണ് പെണ്‍ഭ്രൂണഹത്യ എന്ന പാതകം.

ജാഹിലിയ്യാ സമ്പ്രദായത്തെ പറ്റി ഖുര്‍ആനില്‍ പറയുന്നു: ''അവരിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞിന്റെ ജന്മംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം ദേഷ്യംകൊണ്ട് കറുത്തിരുണ്ടു പോകുമായിരുന്നു. തനിക്കറിയിക്കപ്പെട്ട വാര്‍ത്തയുടെ ദൂഷ്യം കാരണത്താല്‍ അവന്‍ സമൂഹത്തില്‍ നിന്ന് മറഞ്ഞുനടക്കുകയും ആ സന്താനത്തെ പരിപാലിച്ചുകൊണ്ട് സ്വയം നിന്ദ്യനാവുകയാണോ അതല്ല, അതിനെ മണ്ണില്‍ കുഴിച്ചുമൂടുകയാണോ വേണ്ടതെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു. അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം'' (16:59). 

അല്ലാഹു പെണ്‍കുട്ടികളെ നല്‍കി പരീക്ഷിക്കുന്നവര്‍ നന്മ ചെയ്യുന്നത് നരകവിമുക്തിക്ക് വരെ സഹായകമാവും (ബുഖാരി). 

വൈധവ്യത്താലോ വിവാഹമുക്തരായിട്ടോ മറ്റോ തന്റെ അരികിലേക്ക് എത്തുന്ന മകളെ സംരക്ഷിക്കുന്നത് ശ്രേഷ്ഠകരമായ കര്‍മമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്.
 

Feedback