Skip to main content

മക്കളോടുള്ള ബാധ്യതകള്‍

സ്‌നേഹവും കരുണയും മതിയായ അളവില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. കുഞ്ഞുനാളില്‍ തന്നെ അവര്‍ അനുഭവിക്കുന്ന സ്‌നേഹദാരിദ്ര്യം സ്വഭാവവൈകല്യങ്ങളും വ്യക്തിത്വ രൂപീകരണത്തിലെ പിഴവുകളും സംഭവിക്കുന്നതിന് നിമിത്തമായിത്തീരുന്നു.

സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല, അത് പ്രകടിപ്പിക്കണം. നബി(സ്വ) തന്റെ പേരക്കിടാവ് ഹസന്‍(റ)നെ ചുംബിച്ചു. നബി(സ്വ)യുടെ അടുത്ത് അഖ്‌റഅ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. എനിക്ക് പത്ത് സന്താനങ്ങളുണ്ട്. അവരില്‍ ഒരുവനെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. കരുണ കാണിക്കാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല (സ്വഹീഹുല്‍ ബുഖാരി).

baby

തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുട്ടികള്‍ക്ക് സ്‌നേഹം നല്‍കാന്‍ നബി(സ്വ) സമയം കണ്ടെത്തിയിരുന്നു. കൊച്ചുകുട്ടികളുടെ അടുത്തുള്ളപ്പോള്‍ നബി(സ്വ) കുട്ടികളെപ്പോലെ പെരുമാറി. ബറാഅ്(റ) പറയുന്നു. ഒരിക്കല്‍ ഞാന്‍ നബി(സ്വ)യുടെ ചുമലില്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ട്. അല്ലാഹുവേ, നിശ്ചയമായും ഞാന്‍ ഇവനെ സ്‌നേഹിക്കുന്നുണ്ട്. നീയും ഇവനെ സ്‌നേഹിക്കേണമേ (സ്വഹീഹുല്‍ബുഖാരി 3749).

കുട്ടികളൊടൊത്ത് കളിക്കാന്‍ സമയം കണ്ടെത്തിയ പ്രവാചകന്‍(സ്വ) അവരെ സന്തോഷിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. നബി(സ്വ) ഒരിക്കല്‍ ഹസനുബ്‌നു അലി(റ)യെ ചുമലിലേറ്റി പോകുകയായിരുന്നു. അത് ഒരാള്‍ കാണുകയും ഇപ്രകാരം പറയുകയും ചെയ്തു. ''കുട്ടീ, നീ കയറിയിരിക്കുന്ന വാഹനം എന്തൊരു നല്ല വാഹനമാണ്!''. നബി(സ്വ) പറഞ്ഞു. ''യാത്രക്കാരനും നല്ലവന്‍ തന്നെ'' (സുനനുത്തിര്‍മിദി 3784).

സന്താനങ്ങളോടുള്ള പ്രഥമബാധ്യതയെന്ന നിലയ്ക്ക് അവര്‍ക്ക് സ്‌നേഹവാത്സല്യങ്ങളും കരുണയും പിശുക്കില്ലാതെ ചൊരിഞ്ഞുകടുക്കുകയാണ് വേണ്ടത്. അവരുടെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. സാമ്പത്തികശേഷിയനുസരിച്ച് കുട്ടികളുടെ പഠനം, ചികിത്സ, ഭക്ഷണം, വസ്ത്രം, മറ്റു ജീവിതാവശ്യങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ്വ)യുടെ മൗലയായ സൗബാന്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ നാണയമാണ് തന്റെ കുടുംബത്തിന്റെ പേരില്‍ ചെലവ് ചെയ്യുന്ന നാണയം (സ്വഹീഹു ഇബ്‌നുമാജ 2248).

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: താന്‍ ചെലവു കൊടുക്കാന്‍ ബാധ്യതയുള്ളവര്‍ക്ക് അത് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് തന്നെ മതി, ഒരാള്‍ പാപിയായിത്തീരാന്‍. (മുസ്‌നദ് അഹ്മദ് 11/64). അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് കുടുംബത്തിനുവേണ്ടി ചെലവു ചെയ്യുന്നതെല്ലാം ധര്‍മമായി പരിഗണിക്കപ്പെടുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് നല്‍കേണ്ട ശിക്ഷണം മാതാപിതാക്കളുടെ ബാധ്യതയാണ്. പ്രായത്തിനനുസരിച്ച് അവരില്‍ മൂല്യബോധവും സന്മാര്‍ഗചിന്തയും ഉണ്ടാക്കാനുപകരിക്കുന്ന ശിക്ഷണ പ്രക്രിയയാണ് ആവശ്യമായിട്ടുള്ളത്. കുട്ടികള്‍ക്ക് ഏഴു വയസ്സായാല്‍ നമസ്‌കാരം ശീലിപ്പിക്കുകയും പത്ത് വയസ്സായാല്‍ നിര്‍ബന്ധിക്കണമെന്നും നബി(സ്വ) നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഈ ശിക്ഷണത്തിന്റെ ഭാഗമായാണ്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം തന്നെയാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ശരിയായ ശിക്ഷണം. സദുപദേശങ്ങള്‍ സന്ദര്‍ഭോചിതം ആവശ്യമായി വന്നേക്കാമെങ്കിലും അനുകരണീയമായ പ്രവൃത്തികള്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കാണാനിടവന്നാല്‍ അത് കണ്ടുവളരുന്ന കുഞ്ഞുങ്ങളും നന്മ പകര്‍ത്തും. നബി(സ്വ) പറഞ്ഞു: ''ഒരു പിതാവിനും തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തേക്കാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാന്‍ കഴിയില്ല'' (സുനനുത്തിര്‍മിദി 1952).

സന്താനങ്ങള്‍ക്ക് നല്ല പേരിടുന്നതും മാതാപിതാക്കളുടെ ബാധ്യതയാണ്. മക്കള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ് വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മക്കള്‍ക്കിടയില്‍ തുല്യത പാലിച്ച് നീതി ചെയ്യുന്നവരെ അല്ലാഹു ഏറെ സ്‌നേഹിക്കുന്നു. തന്റെ മകന്ന് യുവാവായ ഒരു അടിമയെ നല്‍കിയെന്ന് സന്തോഷത്തോടെ വന്നുപറഞ്ഞ ഒരു പിതാവിനോട് നബി(സ്വ) ചോദിച്ചു. എല്ലാ മക്കള്‍ക്കും ഇതുപോലെ നല്‍കിയിട്ടുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. എങ്കില്‍ ഒരു മകനു മാത്രം നല്‍കിയത് തിരിച്ചുവാങ്ങുക എന്ന് ആവശ്യപ്പെട്ടു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക.

പെണ്‍മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ മാതാപിതാക്കളെ ഇസ്‌ലാം ഉണര്‍ത്തുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ആര്‍ക്കെങ്കിലും അല്ലാഹു പെണ്‍കുട്ടികളെ പ്രദാനം ചെയ്തുകൊണ്ട് പരീക്ഷിക്കുകയും അവന്‍ ആ പെണ്‍കുട്ടികള്‍ക്ക് നന്മ ചെയ്യുകയുമാണെങ്കില്‍ അവര്‍ അവന്ന് നരകാഗ്നിയില്‍ നിന്ന് തടുക്കുന്ന ഒരു മറയാവുന്നതാണ്'' (ബുഖാരി 1418).

ഇസ്‌ലാം നിര്‍ദേശിക്കുന്ന വ്യവസ്ഥയും നിബന്ധനയും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെ മരണശേഷവും സന്താനങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ ധനം മുഴുവന്‍ ധര്‍മം ചെയ്യാന്‍ സന്നദ്ധനായ ഒരു സ്വഹാബിയോട് നബി(സ്വ) ഇപ്രകാരം പറഞ്ഞു: ''നിന്റെ അനന്തരാവകാശികളെ പരാശ്രയമുക്തരാക്കിക്കൊണ്ട് നീ മരിക്കുന്നതാണ് മറ്റുള്ളവരോട് കൈ നീട്ടി നടക്കുന്നവരാക്കിക്കൊണ്ട് മരിക്കുന്നതിനേക്കാള്‍ ഉത്തമം ( മജ്മഉസ്സവാഇദ് 4/216).
 

Feedback