Skip to main content

സന്താനോത്പാദനവും ഗര്‍ഭനിരോധവും

മനുഷ്യവര്‍ഗത്തിന്റെ നിലനില്പാണ് വിവാഹത്തിന്റ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം. മതബോധവും സംസ്‌കാരവും ഉള്ളവരെ ഇണയായി തെരഞ്ഞെടുത്ത് വിവാഹത്തിലൂടെ ഒന്നിക്കുന്ന ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനായി ആഗ്രഹിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണ്ടതുണ്ട്.  

നബി(സ്വ) പറഞ്ഞു: 'സ്‌നേഹശീലയായ, പ്രസവിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക'. വന്ധ്യത ചികിത്സിച്ചു മാറ്റാന്‍ പറ്റുമെങ്കില്‍ പുരുഷനായാലും സ്ത്രീയായാലും ആ മാര്‍ഗം സ്വീകരിക്കാമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. വന്ധ്യയെന്ന് വിധിയെഴുതപ്പെട്ടിട്ടും അല്ലാഹുവിനോട് ഉള്ള പ്രാര്‍ഥനയുടെ ഉത്തരമായി അവര്‍ പ്രസവിച്ച സംഭവം അല്ലാഹു വിവരിക്കുന്നുണ്ട്.

കൂടുതല്‍ സന്താനങ്ങളുണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമായി ആധുനികകാലത്ത് ചിലര്‍ കുടുംബാസൂത്രണത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു, സന്താനോത്പാദനം, സന്താന നിയന്ത്രണം, ഗര്‍ഭധാരണ നിയന്ത്രണം, സന്താനങ്ങള്‍ക്കിടയിലുള്ള പ്രായവ്യത്യാസം തുടങ്ങിയ കുടുംബാസൂത്രണ സംവിധാനങ്ങളോട് ഇസ്ലാമിന് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുണ്ട്. ഭ്രൂണഹത്യമുതല്‍ പ്രത്യുത്പാദനാവയവങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റുന്നതു വരെയുള്ള കുടുംബാസൂത്രണ സങ്കേതങ്ങള്‍ ആധുനികതയുടെ പേരില്‍ വ്യാപകമാകുമ്പോള്‍ അവയെല്ലാം നിഷിദ്ധവും പ്രകൃതിവിരുദ്ധവുമായി ഇസ്‌ലാം വിലയിരുത്തുന്നു. കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകവചനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്, അകാരണമായി സന്താനോത്പാദനം തടയുന്നതും സന്താന നിയന്ത്രണമേര്‍പ്പെടുത്തുന്നതും മതത്തിന്റെ ശരിയായ മാര്‍ഗമല്ല.

സമൂഹത്തില്‍ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും നിലനില്ക്കുന്നതിന് കാരണം ജനസംഖ്യാ വര്‍ധനവാണെന്നാണ് പോപ്പുലേഷന്‍ പ്രൊജക്ടുകാരുടെ പ്രചാരണം. ഇത് അര്‍ധസത്യമോ അസത്യമോ ആണ്. ഭക്ഷ്യസാമ്പത്തിക മേഖലകളിലുള്ള വന്യമായ ചൂഷണവും ജുഗുപ്‌സാവഹമായ കുത്തകകളും പ്രകൃതിവിഭവങ്ങളുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നതും ഭക്ഷ്യവിഭവങ്ങളുടെ ക്ഷാമത്തിന് കാരണമാവുന്നു. എക്കാലത്തെയും മാനവരാശിയുടെ സുഗമമായ വളര്‍ച്ചയ്ക്കും വികാസത്തിനും ഉള്ള വിഭവങ്ങള്‍ പ്രപഞ്ചനാഥന്‍ ഭൂമിയില്‍ തികഞ്ഞ ആസൂത്രണ വൈഭവത്തോടെ സംവിധാനിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയും സുഖലോലുപതയും മൂലം കൃത്യമായ ആസൂത്രണമില്ലാതെ ഭൂമിയില്‍ വിനാശം വിതച്ചപ്പോള്‍ ഭക്ഷ്യക്ഷാമം അതിന്റെ ദുരന്ത പരിണതിയായി മനുഷ്യന്‍ അനുഭവിക്കേണ്ടിവന്നതാണ്.

പട്ടിണി ഭയന്നുകൊണ്ട് പ്രത്യക്ഷമോ പരോക്ഷമോ ആയ സന്താനഹത്യ മഹാപാതകമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: 'ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു' (17:31). കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദാരിദ്ര്യം തടസ്സം നില്‍ക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ആന്‍ വ്യക്തമായി ഇവിടെ പഠിപ്പിക്കുന്നു.

ലിംഗവിവേചനത്തിന്റെ പേരില്‍ ജീവനോടെ കുഴിച്ചുമൂടുന്നതുമുതല്‍ ആംനിയോ സെന്റസിസ് (amniocentesis) വഴി ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതുവരെ കൊലപാതകത്തിന്റെ പരിധിയില്‍പെടുന്ന മഹാപാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അല്ലാഹു പറയുന്നു: 'നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാണ്' (24:32).

Feedback