Skip to main content

സാക്ഷി, രേഖ, മുന്‍തൂക്കം, വിട്ടുവീഴ്ച

ഇടപാടുകള്‍ റൊക്കമല്ലാത്ത സന്ദര്‍ഭങ്ങളില്‍ രേഖപ്പെടുത്തുന്നതും സാക്ഷി നിര്‍ത്തുന്നതും അഭികാമ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ''നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു''(2: 282). എന്നു പറഞ്ഞത് നിര്‍ബന്ധത്തെ കുറിക്കുന്നതാണ് എന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അഭികാമ്യമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. പിന്നീട് സംശയങ്ങളില്ലാതിരിക്കാനും തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനും ഇടപാടുകള്‍ക്ക് രേഖയും സാക്ഷിയും ഉണ്ടായിരിക്കുന്നതാണ് നല്ലത്; പ്രത്യേകിച്ചും വലിയതും സമയം നിശ്ചയിക്കുന്നതുമായ കച്ചവടങ്ങളില്‍.

മുന്‍തൂക്കം 

ഇടപാടുകളില്‍ അളവും തൂക്കവും കൃത്യമായിരിക്കണമെന്നതും അതില്‍ കൃത്രിമം പാടില്ലെന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. വിശുദ്ധ ഖുര്‍ആനിലെ ഈ വചനങ്ങള്‍ ശ്രദ്ധേയമാണ്. ''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്'' (83:13). 

എന്നാല്‍ എല്ലാകാര്യങ്ങളിലും വിശാലതയും വിട്ടുവീഴ്ചയും മാതൃകയാക്കേണ്ട സത്യവിശ്വാസി മറ്റുള്ളവര്‍ക്ക് അളന്നോ തൂക്കിയോ നല്കുമ്പോള്‍ അല്പം അധികരിപ്പിക്കുക എന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഭൂമിയിലെ ലാഭത്തെക്കാള്‍ പരലോകത്തെ നന്മകളുടെ അളവു തൂക്കങ്ങളില്‍ പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് അതു പുണ്യമാണ്. കാരണം റസൂല്‍ (സ്വ) അവനില്‍ നിന്നും അത് ആവശ്യപ്പെട്ടിരിക്കുന്നു.

സുവൈദ്(റ) പറയുന്നു: ഞാനും മഖ്‌റമത്തും(റ) (ബഹ്‌റൈനിലെ) ഹജറില്‍ നിന്ന് പട്ട് കയറ്റുമതി ചെയ്തു. നബി(സ്വ) ഞങ്ങളുടെ അടുത്തു വന്ന് ഞങ്ങളില്‍ നിന്ന് പൈജാമ കച്ചവടം ചെയ്തു. എന്റെ അടുക്കല്‍ തൂക്കിക്കൊടുക്കുന്ന ഒരു കൂലിക്കാരനുണ്ടായിരുന്നു. നബി(സ്വ) തൂക്കുന്നവനോട് പറഞ്ഞു: നീ തൂക്കിക്കൊടുക്കുകയും അല്പം കൂടുതലാക്കുകയും ചെയ്യൂ (അബൂദാവൂദ്, തിര്‍മിദി).

വിട്ടുവീഴ്ച 

ഇടപാടുകള്‍ രേഖകള്‍ക്കും വാക്കുകള്‍ക്കുമെല്ലാം ഏറെ വിലയുള്ള മേഖലയാണ്. ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ തൂങ്ങിയാടുന്ന കച്ചവടക്കാരന്‍ മുസ്‌ലിമാണെങ്കില്‍ എപ്പോഴും ഇത്തിരി വിട്ടുവീഴ്ചയുടെയും വിശാലതയുടെയും പരോപകാരത്തിന്റെയും മനസ്സലിവുള്ളവനായിരിക്കണം. അവന്‍ അളവിലും തൂക്കത്തിലും അടവിലും അവധിയിലുമെല്ലാം കൃത്യതക്കാരനാകുന്നതോടൊപ്പം, തന്റെ ഉപഭോക്താവിന്റെ മുമ്പില്‍ കല്ലുപോലെ പരുക്കനാകരുത്. തന്റെ കണക്കു നോക്കുന്ന അല്ലാഹു തന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവന് തീര്‍ച്ചയായും വിട്ടുവീഴ്ച ചെയ്യുന്നവനായേ പറ്റൂ. അത് അല്ലാഹു സ്വീകരിക്കുമെന്ന് നബി(സ്വ) സന്തോഷവാര്‍ത്തയായി നല്കിയെങ്കില്‍ പിന്നെയെന്തിനു പിശുക്കണം.

ജാബിര്‍(റ) നിവേദനം: നബി(സ്വ) അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും (ബുഖാരി).

അബൂഹുറയ്‌റ(റ) നിവേദനം: നബി(സ്വ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി (ബുഖാരി).
 

Feedback