Skip to main content

മൃഗത്തിന്റെ ഗര്‍ഭസ്ഥശിശു, ഏറുകച്ചവടം, തൊട്ടുകച്ചവടം

മൃഗത്തിന്റെ ഗര്‍ഭസ്ഥശിശു


പ്രസവത്തിനു മുമ്പ് കുഞ്ഞിന് വിലനിര്‍ണയിക്കുന്നത് സാധുവല്ല. അത് ചത്തുപോകാനോ എന്തെങ്കിലും വൈകല്യത്തോടെ ജനിക്കാനോ സാധ്യതയുണ്ട്. ഇത് ക്രേതാവിന് നഷ്ടമുണ്ടാക്കും. അബ്ദുല്ല(റ) പറയുന്നു: ഒട്ടകത്തിന്റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ കച്ചവടം ചെയ്തിരുന്നു. നബി(സ്വ) അതു വിരോധിച്ചു (ബുഖാരി).
ഇബ്‌നുഉമര്‍(റ) പറയുന്നു: നിശ്ചയം നബി(സ്വ) ഒരു മൃഗത്തിന്റെ ഗര്‍ഭത്തിലുള്ള കുട്ടിയെ വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞ് വീണ്ടും പ്രസവിക്കുമ്പോള്‍ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവര്‍ കച്ചവടം നടത്തിയിരുന്നത് (ബുഖാരി).

ഏറുകച്ചവടം, തൊട്ടുകച്ചവടം

നിരത്തിവെച്ച വസ്തുക്കളിലേക്ക് വളയമോ മറ്റോ എറിയുകയും ഏതിലാണ് ഏറു കൊണ്ടത് അത് ക്രേതാവിന് ലഭിക്കുന്നതുമായ കച്ചവടമാണ് മുനാബദ എന്നു പറയുന്ന ഏറു കച്ചവടം. എറിഞ്ഞു പിടിക്കുന്ന വസ്തുക്കള്‍ കച്ചവടമാകുന്ന മറ്റൊരു ഏറുകച്ചവട രീതിയുമുണ്ട്. ഇതനുസരിച്ച് ചരക്ക് കാണാനോ പരിശോധിക്കാനോ സാധ്യമല്ല. നിരത്തിവെച്ച വസ്തുക്കളില്‍ കണ്ണടച്ച് സ്പര്‍ശിക്കുകയും ഏതിലാണോ തൊട്ടത് അത് അയാള്‍ക്ക് ലഭിക്കുകയും ചെയ്യുന്നതാണ് മുലാമസ എന്ന തൊട്ടുകച്ചവടം. ഭാഗ്യപരീക്ഷണവും ചരക്കിന്റെ അവ്യക്തതയും കാരണം ഇസ്‌ലാം കച്ചവടത്തിന്റെ ഈ രണ്ടു രീതികളും നിഷിദ്ധമാക്കി.

അബൂസഈദ്(റ) പറയുന്നു: നബി(സ്വ) മുനാബദ കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിനു മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസ കച്ചവടവും നബി(സ്വ) നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പര്‍ശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത് (ബുഖാരി). ഇതിനോടു സാമ്യമുള്ള കച്ചവടത്തിന്റെ പല രീതികളും കളികളായും അല്ലാതെയും പണവുമായി ബന്ധപ്പെടുത്തി നമ്മുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഇവ വര്‍ജിക്കേണ്ടതാണ്.

Feedback