Skip to main content

മൃഗബലി

പുരാതനകാലം മുതല്‍ മതസമൂഹങ്ങളില്‍ ദൈവപ്രീതിക്കായുള്ള മൃഗബലി പുണ്യകര്‍മമായി കരുതപ്പെട്ടുവരുന്നു. ഇസ്‌ലാമും പ്രപഞ്ച സ്രഷ്ടാവിന് വണങ്ങുന്നതിനുള്ള ഒരു രൂപമായി ബലിയെ നിശ്ചയിച്ചിട്ടുണ്ട്. ജീവനെടുക്കുന്നത് ഇസ്‌ലാമില്‍ മഹാപാപമാണ്. മനുഷ്യനെന്നല്ല ഒരു ജീവിയെയും വെറുതെ കൊല്ലാന്‍ പാടില്ല. എന്നാല്‍, ചില ജീവികള്‍ മനുഷ്യന്റെ ഭക്ഷണത്തിനായി നിശ്ചയിക്കപ്പെട്ടവയാണ്. അവയുടെ നിലനില്പും മനുഷ്യന്റെ നിലനില്പുമെല്ലാം ഇങ്ങനെ അനുകൂലനം ചെയ്യപ്പെട്ടതാണ്. അതിനാല്‍ ന്യായമായ തോതിലും രൂപത്തിലും അവയെ അറുക്കുന്നതും തിന്നുന്നതും ഇസ്‌ലാം അനുവദിച്ചു. അതിനാല്‍ പാവപ്പെട്ടവന് ഭക്ഷണമാകാനും തനിക്ക് ദാനം പുണ്യമാകാനുമായി ഒട്ടകങ്ങളെയും ആടുമാടുകളെയും ബലിയറുത്ത് ദരിദ്രര്‍ക്ക് ഭക്ഷണമായി നല്കാവുന്നതാണ്. ''ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെമേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പെടുത്തിത്തന്നിരിക്കുന്നു''(22:36).

ബലി മൃഗത്തിന്റെ മാംസമോ രക്തമോ ഒന്നും ദൈവത്തിനായി മാറ്റിവെക്കുന്നില്ല. അതൊന്നും നേര്‍ച്ചയായി അല്ലാഹു സ്വീകരിക്കുകയുമില്ല. ആ സന്ദര്‍ഭത്തിലുള്ള ഭക്തന്റെ മനസ്സാണ് പ്രതിഫലത്തിന് മാനദണ്ഡം. ''അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നിരിക്കുന്നു. (നബിയേ,) സദ്വൃത്തര്‍ക്ക് നീ സന്തോഷ വാര്‍ത്ത അറിയിക്കുക''(22:37).

തനിക്കു പ്രിയപ്പെട്ടതെന്തും, ജീവന്‍പോലും, ദൈവശാസനമുണ്ടെങ്കില്‍  ബലിനല്കാന്‍ തയ്യാറാണെന്ന സന്ദേശമാണ് ബലിയിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.  ഇബ്‌റാഹീം(അ) പ്രവാചകന്റെയും കുടുംബത്തിന്റെയും മഹത്തായ ബലിയുടെ ഓര്‍മ പുതുക്കുന്ന ഹജ്ജില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബലി പ്രസക്തമാവുകയാണ്. ഇതിനുവേണ്ടി തെരഞ്ഞെടുക്കുന്ന മൃഗങ്ങള്‍ ന്യൂനതകളില്ലാത്തവയും പ്രായം തികഞ്ഞവയുമാകണം. ഒട്ടകത്തിലും മാടുകളിലും ഏഴുവരെ പേര്‍ക്ക് പങ്കുചേരാവുന്നതാണ്.  

കഅ്ബയുമായി ബന്ധപ്പെട്ടു നടക്കുന്ന ബലിക്കാണ് ഹദ്‌യ് എന്നു പറയുന്നത്. ഹാജിമാരോ അല്ലാത്തവരോ ആയ ആര്‍ക്കും ഇങ്ങനെ ബലി നിര്‍വഹിക്കാവുന്നതാണ്. ഇത് എപ്പോഴും എത്രയും ആകാവുന്നതാണ്. മൂന്നുതരം ബലികളാണ് ഹജ്ജിലുള്ളത്. (ഒന്ന്) ഹജ്ജിന്റെ നിര്‍ബന്ധഭാഗമായ (വാജിബ്) ബലി. മുതമത്തിഉം ഖാരിനും ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്. (രണ്ട്) ഹജ്ജ് കര്‍മത്തിലെ ഏതെങ്കിലും വാജിബ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട പ്രായശ്ചിത്ത(കഫ്ഫാറത്)മായി നടത്തുന്ന ബലി. (മൂന്ന്) ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നതില്‍നിന്ന് തടയപ്പെട്ടാല്‍ നടത്തേണ്ട ബലി ''നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത്‌ വരെ നിങ്ങള്‍ തലമുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്) പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്‌വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലി കഴിക്കേണ്ടതാണ്). ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്ന വര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക(2:196). 

മൂന്നുതരം നിര്‍ബന്ധ ബലിയും(ഹദ്‌യ്)  ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എല്ലാ ഹാജിമാരും ബലി നല്‌കേണ്ടതില്ല. ഖിറാന്‍, തമത്തുഅ് എന്നീ രൂപത്തില്‍ ഹജ്ജ് തീരുമാനിച്ചവര്‍ക്കാണ് ബലി നിര്‍ബന്ധമാകുന്നത്. ഇത് ദുല്‍ഹിജ്ജ പത്തിന് ജംറതുല്‍ അഖബയിലെ കല്ലേറ് കഴിഞ്ഞതു മുതല്‍ അയ്യാമുത്തശ്‌രീഖ് കഴിയുന്നതുവരെ നിര്‍വഹിക്കാവുന്നതാണ്. ഇവിടെ ഹാജിയുടെ ശേഷിയനുസരിച്ച് എത്ര മൃഗത്തെയും ബലി അറുക്കാവുന്നതാണ്. സമയത്തിനു മുമ്പായാല്‍ അത് ഹജ്ജിന്റെ നിര്‍ബന്ധബലിയായി പരിഗണിക്കപ്പെടില്ല. പകരം വേറെ ബലി നടത്തണം. ബലി മിനായില്‍ എവിടെയും നിര്‍വഹിക്കാമെങ്കിലും അതിനായി നിശ്ചിത സ്ഥലമുണ്ട്. ഹാജിക്ക് വേണമെങ്കില്‍ മൃഗത്തെ വാങ്ങി സ്വയം അറുക്കാം. ബിസ്മില്ലാഹി വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഇന്ന ഹാദാ മിന്‍ക വലക അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ എന്നു പറഞ്ഞാണ് അറുക്കേണ്ടത്. മറ്റുദാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് ബലിദാനം ചെയ്തവര്‍ക്ക് തിന്നുകയും ബന്ധുക്കളെയോ കൂട്ടുകാരെയോ തീറ്റുകയും ചെയ്യാം. നിര്‍ബന്ധമല്ല. ദരിദ്രര്‍ക്കുള്ള അവകാശം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. 

ഇന്ന് സുഊദി സര്‍ക്കാര്‍ ബലിയറുക്കുവാനുള്ള മൃഗത്തിനുള്ള വില ഹാജിമാരില്‍ നിന്ന് ശേഖരിച്ച് അവിടെവെച്ച് തന്നെ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ (ദുല്‍ഹിജ്ജ പത്തുമുതല്‍ പതിമൂന്നുവരെ) അറുത്ത് മാംസം സംസ്‌കരിച്ച് ഗുണമേന്മയോടെ വിവിധ രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് എത്തിക്കാനുള്ള വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ഹാജി അതിനുള്ള ബാങ്ക് അക്കൗണ്ടില്‍ പണമടച്ചാല്‍ മതി. ബലിക്ക് സാമ്പത്തികമായോ മറ്റോ സാധിക്കാതെവന്നാല്‍ അവര്‍ പത്ത് ദിവസം നോമ്പനുഷ്ഠിക്കണം. ഇതില്‍ മൂന്നെണ്ണം മക്കയില്‍ നിന്നും ബാക്കി സ്വന്തം നാട്ടിലെത്തിയ ശേഷവും നിര്‍വഹിക്കേണ്ടതാണ്. മക്കയിലെ നോമ്പ് അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുണ്ട്.

Feedback