Skip to main content

ഊഹക്കച്ചവടം, കാണാത്ത വസ്തു, മൂപ്പെത്താത്ത പഴങ്ങള്‍

ഊഹക്കച്ചവടം

ഗുണഭോക്താക്കള്‍ക്ക് അനിശ്ചിതമായ നഷ്ടങ്ങളുണ്ടാക്കുന്നതാണ് ഊഹക്കച്ചവടം. ഇസ്‌ലാമില്‍ കച്ചവടം സാധുവാകണമെങ്കില്‍ വസ്തുവും വിലയുമെല്ലാം നിര്‍ണയിക്കപ്പെട്ടതായിരിക്കണം. ഉണ്ടാക്കാനിരിക്കുന്ന ചരക്കും വിലയുമെല്ലാം പ്രതീക്ഷിച്ച് നടത്തുന്ന ഊഹക്കച്ചവടം  അതിനാല്‍ തന്നെ നിഷിദ്ധമാണ്. ഈ ഇടപാട് ഏതെങ്കിലും ഒരു കക്ഷിക്ക് അനിര്‍വചനീയമായ നഷ്ടം വരുത്തുന്നു എന്നതാണ് ഇത് നിരോധിക്കാനുള്ള പ്രധാനകാരണം.

മതിപ്പു കച്ചവടം ഊഹക്കച്ചവടമാണെങ്കിലും അതില്‍ ചരക്ക് നിലവിലുള്ളതും സാഹചര്യത്തില്‍ നിന്ന് ഏകദേശം കൃത്യമായി അളവും ഗുണവുമെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്. ഇത് ഇസ്‌ലാം അനുവദിച്ച ഇടപാടാണ്. 

കാണാത്തവസ്തു

ചരക്ക് കാണാന്‍ കഴിയുക എന്നത് കച്ചവടത്തിന്റെ സാധുതയുടെ പ്രധാന നിബന്ധനയാണ്. ഒന്നുകില്‍ നേരിട്ട് കാണുകയോ അല്ലെങ്കില്‍  അതിന്റെ ഗുണം, അളവ് എന്നിവയെല്ലാം മറ്റുമാര്‍ഗങ്ങളിലൂടെ വ്യക്തമായി മനസ്സിലാവുകയോ വേണം. ഇങ്ങനെ കാണാതെ നടന്ന ഇടപാടിലെ ചരക്ക് ഇടപാടു തീരുമാനത്തിനനുസരിച്ചല്ലെന്നു കണ്ടാല്‍ കച്ചവടം റദ്ദുചെയ്യാന്‍ ക്രേതാവിന് അവകാശമുണ്ടായിരിക്കും. നബി(സ്വ) പറഞ്ഞു: കാണാത്ത വസ്തു വാങ്ങിയാല്‍ കാണുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള അവകാശമുണ്ട് (ബൈഹഖീ).

കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത ഭൂമിക്കടിയിലുള്ള കിഴങ്ങുകള്‍ പാക്കറ്റുകള്‍ക്കകത്തുള്ള വസ്തുക്കള്‍ എന്നിവ സാധാരണയുള്ള നാട്ടു നടപ്പനുസരിച്ച് കച്ചവടം നടത്താവുന്നതാണ്. ഇതില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുകയോ ഉപയോഗ ശൂന്യമാണെന്ന് മനസ്സിലാവുകയോ ചെയ്താല്‍ കച്ചവടക്കാരന്‍ നഷ്ടപരിഹാരം നല്‌കേണ്ടതുണ്ട്.

മൂപ്പെത്താത്ത പഴങ്ങള്‍

പഴങ്ങളും ഫലങ്ങളും ഉപയോഗിക്കാനുള്ള പാകമാകുമ്പോഴേ വില്‍പന നടത്താന്‍ പാടുള്ളൂ. വിളവെടുപ്പിന് മുമ്പ് നശിക്കാനോ കേടുബാധിക്കാനോ സാധ്യതയുള്ളതിനാല്‍ ക്രേതാവിന് നഷ്ടമുണ്ടായേക്കും എന്ന കാരണത്താലാണ് അവ്യവക്തയുള്ള ഈ കച്ചവടം ഇസ്‌ലാം നിരോധിക്കുന്നത്. പൂക്കുല നോക്കി പഴത്തിനോ ധാന്യത്തിനോ വേണ്ടി തോട്ടം കച്ചവടമാക്കാന്‍ പാടില്ല. 

ഇബ്‌നു ഉമര്‍(റ) പറയുന്നു: ഈത്തപ്പഴം തിളങ്ങുന്നതുവരെയും (ധാന്യങ്ങള്‍)കതിരില്‍ മണിഉറയ്ക്കുന്നതുവരെയും കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു (മുസ്‌ലിം).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഈത്തപ്പനയില്‍ 'സലം' കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് തന്നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേല്‍ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആകുന്നതിനു മുമ്പ് കച്ചവടം ചെയ്യുന്നത് നബി(സ്വ) വിരോധിച്ചിട്ടുണ്ട് (ബുഖാരി).

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: പഴങ്ങള്‍ അതിന്റെ കേടുപാടുകളുടെ ഘട്ടങ്ങള്‍ കഴിഞ്ഞ് അവയുടെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെടും വരേയും അവയെ നിങ്ങള്‍ വില്‍ക്കരുത്. ഉണങ്ങാത്ത ഈത്തപ്പഴത്തിന്ന് ഉണങ്ങിയ ഈത്തപ്പഴം നിങ്ങള്‍ വില്‍ക്കരുത് (ബുഖാരി).

സൈദ്ബ്‌നു സാബിത്(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ജനങ്ങള്‍ (വൃക്ഷങ്ങളിന്മേല്‍ നില്‍ക്കുന്ന)ഫലങ്ങള്‍ വില്‍ക്കാറുണ്ടായിരുന്നു. വിലയ്ക്ക് വാങ്ങിയ ആളുകള്‍ പഴം പറിക്കാന്‍ ആരംഭിക്കുകയും തോട്ടങ്ങളുടെ ഉടമസ്ഥന്‍ പണം ആവശ്യപ്പെട്ടു വരികയും ചെയ്യുമ്പോള്‍ തോട്ടത്തിലെ ഫലങ്ങള്‍ക്ക് രോഗം പിടികൂടി. അതിനെ ഇന്ന രോഗം ബാധിച്ചു, കാലക്കേട് ബാധിച്ചു. എന്നെല്ലാം പറയാന്‍ തുടങ്ങും. അതെല്ലാം തെളിവാക്കി വഴക്ക് കൂടാനാരംഭിക്കും. അങ്ങനെ നബി(സ്വ)യുടെ അടുത്ത് ആവലാതികള്‍ വളരെയെണ്ണം വരാന്‍ തുടങ്ങിയപ്പോള്‍ ഒരുപദേശമെന്ന നിലക്ക് നബി(സ്വ) അരുളി: ഈ വഴക്ക് നിങ്ങള്‍ക്ക് അവസാനിപ്പിക്കുവാന്‍ സാധ്യമല്ലെങ്കില്‍ ഫലങ്ങള്‍ അവയുടെ ഗുണങ്ങള്‍ ശരിക്ക് പ്രത്യക്ഷപ്പെടും വരേക്കും നിങ്ങള്‍ ക്രയവിക്രയം നടത്തരുത്. സൈദ്(റ) സുറൈയ്യാ നക്ഷത്രം ഉദിച്ചുയരുന്നത് വരെ തന്റെ ഭൂമിയിലെ ഫലങ്ങള്‍ വില്‍ക്കാറില്ല. അങ്ങനെ മഞ്ഞ ചുവപ്പില്‍ നിന്നു വ്യക്തമാവും (ബുഖാരി).

അനസ്(റ) പറയുന്നു: പഴങ്ങള്‍ ചുവപ്പ് നിറം പ്രാപിക്കും മുമ്പ് അവയെ വില്‍പ്പന നടത്തുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: നിങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കൂ. അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞുവെച്ചു. എങ്കില്‍ എന്തു ന്യായത്തിന്മേലാണ് സ്വസഹോദരന്റെ പക്കല്‍ നിന്ന് നിങ്ങള്‍ വില വസൂലാക്കുക? (ബുഖാരി).

കച്ചവട സമയത്തുള്ള അവസ്ഥയില്‍ ഉപയോഗിക്കാനാണെങ്കില്‍ വില്‍പന അനുവദനീയമാണ്. ഉപ്പിലിടാനും അച്ചാറിനും മറ്റും ഉപയോഗിക്കാനായി കണ്ണിമാങ്ങ കച്ചവടമാക്കാവുന്നതാണ്. 

Feedback