Skip to main content

മോഷണ വസ്തു, മായം, കൃത്രിമം

മോഷണ വസ്തു

മോഷണം, പിടിച്ചു പറി, കൊള്ള, കള്ളക്കടത്ത് എന്നിവയെല്ലാം പാപമാണ്. ഒരു വടിക്കഷ്ണം പോലും ഇങ്ങനെ കൈപ്പറ്റുന്നത് നിഷിദ്ധമാണ്. അവന്ന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുകയും നരകം നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ തട്ടിയെടുത്തത് ഒരു കഷ്ണം 'അറാകി'ന്റെ കമ്പോ തുണ്ട് ഭൂമിയോ ആണെങ്കിലും പരലോകത്ത് അതിന്റെ ഏഴു മടങ്ങ് ഭൂമിയും വഹിച്ചുകൊണ്ട് അവന്‍ ഹാജരാക്കപ്പെടും. ഇത്തരം വസ്തുക്കള്‍ എവിടെ കണ്ടെത്തിയാലും ഉടമക്ക് അര്‍ഹതപ്പെട്ടതാണ്. നമ്മുടെ സര്‍ക്കാര്‍ നിയമങ്ങളും ഇതിനെ അംഗീകരിക്കുന്നതാണ്. 

അപ്പോള്‍ ഈ മാര്‍ഗങ്ങളിലോ ഇതുപോലുള്ള ഏതെങ്കിലും നിഷിദ്ധമായ മാര്‍ഗത്തിലൂയോ ലഭിച്ച വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല. ബോധപൂര്‍വമാണ് അത് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തതെങ്കില്‍ അതിന്റെ പാപത്തിലും കുറ്റത്തിലും അവനും പങ്കാളിയാണെന്നാണ് നബി(സ്വ) ഉണര്‍ത്തുന്നത് (ബൈഹഖീ). കോടതി ഉത്തരവിലൂടെയും മറ്റും അന്യായമായി സമ്പാദിച്ച വസ്തുക്കള്‍, വീണുകിട്ടി ഉടമയെ അന്വേഷിക്കാത്ത സാധനങ്ങള്‍ എന്നിവയെല്ലാം ഈ ഇനത്തില്‍പെടും.

അനുവദനീയമായ കച്ചവട വസ്തുക്കളുടെ കൂടെ ഇത്തരം വസ്തുക്കളും വില്പനക്കെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ഇടപാടു നടത്തുന്നതും ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. മദ്യക്കടയില്‍ നിന്ന് മറ്റുവസ്തുക്കള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇസ്‌ലാം വിലക്കിയതാണ്. വിപണി മിക്കവാറും നികുതി വെട്ടിപ്പിന്റെയും കള്ളക്കച്ചവടത്തിന്റെയും പിടിയിലമര്‍ന്ന കാലത്ത് ഇത്തരം കാര്യങ്ങളില്‍ ആവുന്നത്ര സൂക്ഷ്മതപാലിക്കാനേ വിശ്വാസികള്‍ക്ക് ബാധ്യതയുള്ളൂ.

മായം, കൃത്രിമം

കച്ചവട മേഖലയെ മുച്ചൂടും ബാധിച്ച അധാര്‍മികതയാണ് മായം. സത്യസന്ധത നഷ്ടപ്പെട്ട വിപണി ലോബികള്‍ എങ്ങനെയെങ്കിലും ലാഭമുണ്ടാക്കുക എന്ന ഏക ലക്ഷ്യത്തില്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിധത്തില്‍ മരുന്നിലും ഭക്ഷണത്തിലും പോലും മായം ചേര്‍ക്കുകയാണ്. അളവിലും ഗുണത്തിലും കൃത്രിമം കാണിക്കാനായി ചേര്‍ക്കുന്ന വസ്തുക്കള്‍ മാരകവിഷങ്ങള്‍ പോലുമാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സ്വര്‍ണത്തിലെ ചെമ്പ്, ധാന്യങ്ങളിലെ കല്ല്, അരിപ്പൊടിയിലെ മൈദ, വിലകൂടിയ മല്ലിയില്‍ വിലകുറഞ്ഞ മല്ലി, നല്ല പഴങ്ങള്‍ മുകളിലും മോശം അടിയിലും, പുതിയ മത്സ്യത്തിനൊപ്പം ചീഞ്ഞമത്സ്യം.. എല്ലാം മായമയമാണ്. 

ഗുണം കൂടിയതും കുറഞ്ഞതും നിര്‍മിക്കുന്നതും രണ്ടിനും വിലവ്യത്യാസം ഉണ്ടാവുന്നതുമെല്ലാം അനിവാര്യവും അതുകൊണ്ടു തന്നെ അനുവദനീയവുമാണ്. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന വിധത്തില്‍ ചില പൊടിക്കൈകളിലൂടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റകള്‍ ഒറിജിനലാക്കി തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തുന്നത് അധര്‍മമാണ്.

അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ്വ) ഒരു ഭക്ഷണക്കൂമ്പാരത്തിന്റെ അടുത്തു കൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താ എന്ന് ചോദിച്ചു, മഴപെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി(സ്വ) ചോദിച്ചു:ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ആ ഭാഗം മുകളിലാക്കരുതോ? വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല (മുസ്‌ലിം).

തന്റേതല്ലാത്ത കാരണത്താല്‍ സംഭവിച്ച ന്യൂനതപോലും അതു മറയ്ക്കാനുള്ള ശ്രമത്തെ എത്ര ശക്തമായാണ് നബി(സ്വ) ഇവിടെ ശാസിക്കുന്നത്. എങ്കില്‍ ചരക്കിന് തൂക്കം കൂട്ടാനായി നനയ്ക്കുന്നതും ഇറച്ചിയുടെ ഗുണം കാണിക്കാനായി ചോരയില്‍ മുക്കുന്നതും മീന്‍ പുതുമ തോന്നിക്കാനായി അമോണിയ വിതറുന്നതും ചായപ്പൊടി, കുരുമുളക്, മസാലക്കൂട്ടുകള്‍, ബേക്കറി വസ്തുക്കള്‍, ഹോട്ടല്‍ ഭക്ഷണങ്ങള്‍ തുടങ്ങിയവയിലെല്ലാം കാണിക്കുന്ന കൃത്രിമങ്ങളും മായം ചേര്‍ക്കലുകളും എന്തുമാത്രം ഗുരുതരമായിരിക്കും. മനുഷ്യരുടെ നിരീക്ഷണങ്ങള്‍ക്ക് പിടി തരാത്തവിധം ഉയര്‍ന്ന സാങ്കേതികതയില്‍ നടപ്പിലാക്കുന്ന ഇത്തരം അരുതായ്മകളെ കാണാനുള്ള കണ്ണും, പദവിയോ പണമോ കൊണ്ട്  സ്വാധീനിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരും അല്ലാഹുവിനുണ്ടെന്ന് ഓര്‍ക്കാതെ പോകുന്നതെന്ത്!

അറിവുകള്‍ മറച്ചുവെയ്ക്കാനോ കുത്തകയാക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ലെങ്കിലും ഏറെ അധ്വാനവും സമയവും പണവുമെല്ലാം ചെലവഴിച്ച് കണ്ടുപിടിക്കപ്പെടുന്ന വസ്തുക്കളും മറ്റും കോപ്പിയടിച്ച് ഉടമകളെ കഷ്ടപ്പെടുത്തുന്ന നിലയില്‍ കുറഞ്ഞ വിലയോടെ അനുഭവിക്കുന്ന ഡ്യൂപുകളുടെ ലോകത്ത് നേടുന്ന ലാഭം  മുതലും ചേര്‍ത്ത് നല്കിയാലും പരലോകത്ത് രക്ഷപ്പെടില്ലെന്നറിയാതെ പോകരുത്.

Feedback