Skip to main content

പ്രതിമ, ചിത്രം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി

മനുഷ്യന് ദൈവം നല്കിയ വലിയ അനുഗ്രഹമാണ് ആവിഷ്‌കാര ശേഷി. ജീവിതം യാന്ത്രികമാകാതിരിക്കാനും മടുപ്പും മരവിപ്പും തോന്നാതിരിക്കാനും അവന് ലഭിച്ച വരദാനമാണ് കലാസാഹിത്യങ്ങള്‍. പുരാതനകാലം മുതല്‍ പാടിയും പറഞ്ഞും അഭിനയിച്ചും ചിത്രങ്ങള്‍ വരച്ചും രൂപങ്ങള്‍ നിര്‍മിച്ചുമെല്ലാം  അവന്‍ തന്റെ ലോകം മനോഹരമാക്കിയിട്ടുണ്ട്. സംഗീതം, സിനിമ, നാടകം, ഫോട്ടോഗ്രഫി, വീഡിയോ ഗ്രഫി തുടങ്ങിയവയെല്ലാം ഇതിന്റെ പുതിയകാല രൂപങ്ങളാണ്. ഇത്തരം സര്‍ഗശേഷി മനുഷ്യന്റെ ജീവിതം രസദായകമാക്കാന്‍ മാത്രമല്ല മറ്റുപല അനിവാര്യതകളും നിറവേറ്റാന്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നു.

കൃത്യമായി നിഷിദ്ധം എന്ന് വ്യക്തമാക്കപ്പെടാത്ത കാര്യങ്ങളുടെയെല്ലാം പൊതുവായ ഇസ്‌ലാമിക വിധി അവയെല്ലാം അനുവദനീയമാണെന്നാണ്. എന്നാല്‍ അവ നിഷിദ്ധങ്ങള്‍ക്ക് പ്രേരകമാവുകയോ തിന്മള്‍ക്ക് പ്രചോദനമാവുകയോ നന്മകള്‍ക്ക് വിഘാതം സൃഷ്ടിക്കുകയോ നിര്‍ബന്ധങ്ങള്‍ക്ക് തടസ്സമാകുകയോ ചെയ്താല്‍ നിഷിദ്ധമാവുകയും ചെയ്യും. ഈ മാനദണ്ഡത്തില്‍ വേണം, പ്രതിമ, ചിത്രം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി തുടങ്ങിയ സര്‍ഗാവതരണങ്ങളുടെ മതവിധി തെരയുന്നത്.

photography

വീരാരാധനയ്ക്കും ബിംബാരാധനയ്ക്കും കാരണമായേക്കാവുന്ന പ്രതിമകളും ചിത്രങ്ങളും യാതൊരു കാരണവശാലും ഇസ്‌ലാം അനുവദിക്കുന്നില്ല. അതുപോലെ അഹങ്കാരത്തിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വഴിവെക്കുന്ന ഇത്തരം ആവിഷ്‌കാരങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നില്ല. അല്ലാഹുവിന്റെ സൃഷ്ടി കര്‍മത്തിനോട് സമാനത പുലര്‍ത്തുന്നവര്‍ അന്ത്യദിനത്തില്‍ ഏറ്റവും കടുത്ത ശിക്ഷ അനുഭവിക്കുന്നവരായിരിക്കും എന്നും (ബുഖാരി), തങ്ങള്‍ നിര്‍മിച്ചവയ്ക്ക് ജീവന്‍ നല്കാന്‍ അവിടെ അല്ലാഹു അവരോട് ആവശ്യപ്പെടുമെന്നും അവര്‍ക്കതിന് സാധിക്കില്ലെന്നും ചിത്രങ്ങളുള്ള വീട്ടില്‍ മലക്കുകള്‍ ഇറങ്ങുകയില്ലെന്നും നബി(സ്വ) മുന്നറിയിപ്പു നല്കുന്നതിനെ ഈ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. 

എന്നാല്‍ കുട്ടികളുടെ പാവകള്‍, പഠനോപകരണങ്ങള്‍ എന്നീ ആവശ്യങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും നിര്‍മിക്കുന്നത് അനുവദനീയമാണ്. ആഇശ(റ)ക്ക് ഇത്തരം കളിപ്പാവകള്‍ ഉണ്ടായിരുന്നുവെന്നു ഹദീസുകളില്‍ സ്ഥിരപ്പെട്ടത് ഇതിനു തെളിവാണ്. അതുപോലെ വീട്ടിലെ ചിത്രാങ്കിത വിരിപ്പ് മുറിച്ച് തലയിണയാക്കിയപ്പോള്‍ നബി(സ്വ) അത് അനുവദിക്കുകയുണ്ടായി എന്നതില്‍ നിന്നും ധൂര്‍ത്തും  പൊങ്ങച്ചത്തിനുമല്ലാത്ത നിലയില്‍ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളും മറ്റും ആകാവുന്നതാണെന്നു മനസ്സിലാക്കാം.

ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. ഫോട്ടോയില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് മത്സരിക്കുന്ന ഭാഗമില്ലെന്നും പ്രകാശത്തിന്റെ സഹായത്തോടെ ചിത്രം ഒപ്പിയെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നും അതിനാല്‍ അത് നിരുപാധികം അനുവദനീയമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, അതിനെയും ചിത്രം പോലെ നിഷിദ്ധമായി കാണുന്ന മറ്റു ചിലര്‍ അത് നിഷിദ്ധമാക്കുന്നു. ഫോട്ടോകള്‍ സാധാരണ ചിത്രങ്ങളോട് താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നതോടൊപ്പം, ആവശ്യഘട്ടങ്ങളില്‍ ഫോട്ടോ എടുക്കാമെന്നും എന്നാല്‍ അഹന്തയും പൊങ്ങച്ചവും ആഡംബരവും ധൂര്‍ത്തുമെല്ലാം ആകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നുമാണ് മറ്റൊരഭിപ്രായമുള്ളത്. ഇതായിരിക്കും കൂടുതല്‍ സൂക്ഷ്മതയുള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.

ചിത്രങ്ങളുടെ ചലന രൂപമായ വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയുടെ വിധിയാണുള്ളത്. ഇവയുടെയെല്ലാം ഗുണപരമായ പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അതിനായി അവ വാങ്ങുകയും വില്ക്കുകയും നിര്‍മിക്കുകയും പങ്കാളികളാവുകയുമെല്ലാം ചെയ്യാവുന്നതാണ്. ഏതായാലും ആല്‍ബങ്ങളും സെല്ഫികളുമായി കൂടുതല്‍ അഭിരമിക്കുന്നത് അഭികാമ്യമല്ല തന്നെ.


 


 

Feedback