Skip to main content

കവിതാ സാഹിത്യം

അറബി ഭാഷയിലെ ക്ലാസിക്കുകളായി ഇന്നും നിലനില്ക്കുന്നവയാണ് പ്രാചീന അറബി കവിതകള്‍. നിരക്ഷരരായ സമൂഹത്തില്‍ കവിയരങ്ങുകളിലും 'സാഹിത്യചന്തക'ളിലും കവിതയായിരുന്നു സാഹിത്യ വിനിമയ മാധ്യമം. ഇംറുഉല്‍ ഖൈസ്, ലബീദ്, ത്വറഫ തുടങ്ങിയ പ്രശസ്തരായ കവികളുടെ 'മുഅല്ലഖാത്ത്' നിത്യഹരിത അറബി സാഹിത്യങ്ങളാണ്. ഗദ്യമോ കവിതയോ അല്ലാത്ത സവിശേഷമായ വിശുദ്ധ ഖുര്‍ആനിന്റെ വരവോടെ കവിതയുടെ പ്രഭാവത്തിന് മങ്ങലേറ്റു. എന്നിരുന്നാലും സ്വഹാബിമാര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠരായ കവികളുണ്ടായിരുന്നു. 


ഭരണകേന്ദ്രവും സാഹിത്യസദസ്സുകളും കൂഫയിലേക്കും ബസ്വറയിലേക്കും നീങ്ങിയ അമവീഭരണ കാലഘട്ടത്തില്‍ സമ്പുഷ്ടമായ അറബിയില്‍ കവിതകള്‍ക്ക് സ്ഥാനമേറെയായിരുന്നു. അരമനകളിലെ ആസ്ഥാന ഗായകരും അധികാരികളുടെ സ്തുതി പാഠകരും ഉണ്ടായിരുന്നുവെങ്കിലും അറബി സാഹിത്യചരിത്രത്തില്‍ കവിതയ്ക്കുള്ള സ്ഥാനം നിസ്തുലമാണ്. മുഫദ്ദലുദ്ദബ്ബിയുടെ 'അല്‍ മുഫദ്ദലിയ്യാത്ത്' എന്ന കവിതാസമാഹാരം ഇതിനുദാഹരണമാണ്.


ബഗ്ദാദ് ആസ്ഥാനമായി ഭരണം നടത്തിയ അബ്ബാസീ കാലഘട്ടത്തില്‍ അറബി കവിതകള്‍ സാഹിത്യത്തിന് മുതല്‍ കൂട്ടി. അറബികളല്ലാത്തവരും ഈ രംഗത്തേക്കു വന്നു. അബ്ബാസിയാ ഘട്ടത്തിലെ കവിത്രയമായ ബശ്ശാര്‍ ബ്‌നു ബുര്‍ദ് (മരണം ഹി.178), അബുല്‍ അതാഹിയ (ഹി. 130-211), അബൂനവാസ് (ഹി.145-199) എന്നിവരില്‍ അബുല്‍ അതാഹിയ മാത്രമാണ് അറബി വംശജന്‍. മറ്റുള്ളവര്‍ പേര്‍ഷ്യക്കാരും. അബൂതമാം (ഹി.188-231), ബുഹ്തുരി (ഹി.206-234), മുതനബ്ബി (ഹി.303-354), ഇബ്‌നു റൂമി (ഹി.221-284) തുടങ്ങിയവര്‍ പ്രസിദ്ധ കവികളാണ്.

 
മുസ്‌ലിം പ്രഭാവം സ്‌പെയിനിലെത്തിയപ്പോള്‍ സാഹിത്യത്തില്‍ പൊതുവിലും കവിതയില്‍ വിശേഷിച്ചും ആ സാഹചര്യം പ്രതിഫലിച്ചു. അറേബ്യന്‍ ഊഷരതയില്‍ നിന്ന് സ്പാനിഷ് ശാദ്വലതയിലേക്കെത്തിയപ്പോള്‍ ആ മാറ്റം കവിതകളില്‍ പ്രതിബിംബിച്ചു. സുപ്രസിദ്ധ ഇഖ്ദുല്‍ ഫരീദിന്റെ കര്‍ത്താവ് ഇബ്‌നു അബ്ദി റബ്ബിഹി (ഹി.234-338), ഇബ്‌നുഹാനി (ഹി.326-363), ഇബ്‌നു സൈദൂന്‍ (394-462) എന്നിവര്‍ ഈ രംഗത്തെ പ്രമുഖരാണ്. 
കവിതാസാഹിത്യം ഇതര സാഹിത്യ ശാഖകള്‍ പോലെ     സമൂഹാന്തര സ്വാധീനം ചെലുത്തി എന്ന് പറഞ്ഞുകൂടാ. അതേസമയം ഈ ലോകോത്തര ഭാഷയുടെ ഒരു പ്രധാന ഘടകമത്രെ കവിതാസാഹിത്യം. 

Feedback