Skip to main content

നിഷിദ്ധമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ (4)

ശരീരപോഷണത്തിനായി മനുഷ്യന്‍ ആഹരിക്കുന്നതിന് വിശിഷ്ടമായ ഭക്ഷ്യവിഭവങ്ങളെ അല്ലാഹു അനുവദനീയമാക്കിതന്നിരിക്കുന്നു. നല്ല ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കണമെന്ന് അല്ലാഹു വിശ്വാസികളെ പ്രത്യേകം ഉണര്‍ത്തുന്നു. ''സത്യവിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളിലെ വിശിഷ്ടമായവയില്‍ നിന്ന് ഭക്ഷിക്കുക. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുന്നവരാണെങ്കില്‍ അവനോട് നന്ദി കാണിക്കുകയും ചെയ്യുക. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ (2:172, 173). 

ഇവിടെ പരാമര്‍ശിക്കപ്പെട്ട നാലിനങ്ങളാണ് നിഷിദ്ധങ്ങളുടെ പട്ടികയില്‍ വരുന്നത്. ഇവയുടെ ഒരു വിശദീകരണം സൂറത്തുമാഇദയില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണു ചത്തത്, മറ്റ് മൃഗങ്ങളുടെ കുത്തേറ്റ് ചത്തത്, വന്യമൃഗങ്ങള്‍ കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ജീവനോടെ നിങ്ങള്‍ അറുത്തത് ഇതിലുള്‍പ്പെടുകയില്ല. പ്രതിഷ്ഠകള്‍ക്കായി അറുക്കപ്പെട്ടതും നിഷിദ്ധമത്രെ (5:3). പത്ത് നിഷിദ്ധവസ്തുക്കളെ എണ്ണിപ്പറഞ്ഞ ഈ ഖുര്‍ആന്‍ സൂക്തം നാലെണ്ണത്തില്‍ പരിമിതപ്പെടുത്തിയ മുന്‍വാക്യത്തിന്റെ വിശദീകരണമാണ്. 

ഈ നാലു വസ്തുക്കള്‍ കൂടി നബി(സ്വ) വിരോധിച്ചിട്ടുണ്ട്.  കാട്ടുജീവികളില്‍ നിന്ന് ദന്തമുള്ളവ, നീണ്ട നഖമുള്ളവ, അഥവാ തേറ്റപ്പല്ലുകള്‍ വഴി ജന്തുക്കളെ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളും, കാലിലെ നഖം ഉപയോഗിച്ച് ജന്തുക്കളെ വേട്ടയാടിപിടിക്കുന്ന മാംസഭുക്കുകളായ പക്ഷികളും വളര്‍ത്തു കഴുത എന്നിവയുമാണ് നബി(സ്വ) നിരോധിച്ചത്. അതുകൊണ്ട് വിശുദ്ധഖുര്‍ആനില്‍ പറഞ്ഞ നാലു വസ്തുക്കള്‍ക്ക് പുറമെ ഇവകൂടി ഭക്ഷിക്കാന്‍ പാടില്ലാത്തവയായിട്ടാണ് മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇസ്‌ലാമികദൃഷ്ട്യാ ഭക്ഷ്യവസ്തുക്കള്‍ രണ്ടുതരത്തില്‍ ഹറാം(നിഷിദ്ധം) ആയിത്തീരുന്നു. ഒന്ന്: വസ്തുത തന്നെ നിരോധിക്കപ്പെട്ടതാവുക. പന്നിമാംസവും ശവങ്ങളും ഈയിനത്തില്‍ പ്പെടുന്നു. രണ്ട്: നിഷിദ്ധമല്ലാത്ത വസ്തുവിലേക്ക് നിഷിദ്ധമായ ആശയം കടന്നുവരുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കിയ ആടും പ്രതിഷ്ഠക്കു മുന്നില്‍ ബലിയര്‍പ്പിച്ച കോഴിയും നിഷിദ്ധമാണ്. കാരണം അനുവദനീയവും വിശിഷ്ഠവുമായ ആടും കോഴിയും ശിര്‍ക്കായ ആശയം കലര്‍ന്നു. മോഷ്ടിച്ചെടുത്ത വസ്തു നിഷിദ്ധമായത് അത് വന്നവഴി നിഷിദ്ധമായതിലൂടെയാണ്. 

Feedback