Skip to main content

ആഹാരവും ആരോഗ്യവും

ഇസ്‌ലാം മനുഷ്യന്റെ സമ്പൂര്‍ണ നന്‍മയാണ് ഉദ്ദേശിക്കുന്നത്. അവന്റെ ഭൗതിക ജീവിത വിജയവും അതിന്റെ അജണ്ടയില്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടുണ്ട്. ആഹാരത്തിന് ആരോഗ്യവുമായി അഭേദ്യബന്ധമുണ്ട്. ഓരോ വ്യക്തിയുടെയും മനസ്സും ശരീരവും അതുവഴി സമൂഹവും രേഗാതുരമാകുന്നതില്‍ അഹിതവും അമിതവുമായ ആഹാരരീതിക്കുള്ള പങ്കു വ്യക്തമാണ്. ആയതിനാല്‍ ആഹാരം എന്ത്, എങ്ങനെ, എത്ര, എപ്പോള്‍ എന്നിത്യാദി കാര്യങ്ങളില്‍ ഇസ്‌ലാം കണിശത പുലര്‍ത്തുന്നു. 

ഹലാലും(അനുവദനീയം) ത്വയ്യിബു(ശുദ്ധമായത്)മായതേ കഴിക്കാവൂ. (വിശുദ്ധ ഖുര്‍ആന്‍ 5: 58). മോഷണം, പിടിച്ചുപറി, കൈക്കൂലി, കരിഞ്ചന്ത, കൊള്ളലാഭം, നോക്കു കൂലി, പലിശ, ചൂതുകളി തുടങ്ങിയവയിലൂടെ അന്യായമായി നേടുന്ന ഭക്ഷണം ഹലാലല്ല. ഇത്തരം ആഹാരം ഭൗതികമായി ദോഷകരമല്ലെങ്കിലും അവ ഉപയോഗിക്കുന്നതില്‍ മനഃസാക്ഷിക്കുത്ത് അനുഭവപ്പെടും. തന്‍മൂലം ഇത് ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് കാരണമാകും. അതുപോലെ മ്ലേഛമായത് കഴിക്കരുത്. ശവം, രക്തം, പന്നിമാംസം,  ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചു ചത്തത്, മാംസഭുക്കുകള്‍, എലി, കാക്ക, കഴുകന്‍ തുടങ്ങിയ ക്ഷുദ്രജീവികള്‍ എന്നിവയും മദ്യവും ആഹാരമാക്കരുതെന്ന് ഖുര്‍ആനും നബി(സ്വ)യുടെ വചനങ്ങളും നിര്‍ബന്ധിക്കുന്നു. 

ധാന്യങ്ങളും പയറും പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും പാലും തേനും മത്‌സ്യവും മാംസവുമെല്ലാം സമീകൃതാഹാരഭാഗമായതിനാല്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ ഒന്നും അമിതമാകരുത് (വി.ഖു 7:31). നിറയ്ക്കാവുന്നതില്‍ ഏറ്റവും മോശമായ പാത്രം വയറാണ് എന്ന നബി(സ്വ)യുടെ വചനം ഈ ആശയമാണ് ഉണര്‍ത്തുന്നത്. ഖര-ദ്രവ ഭക്ഷണത്തോടൊപ്പം ആവശ്യമായ ഇടം വായുവിനായി വിട്ടേക്കണമെന്നും നബി(സ്വ) നിര്‍ദേശിക്കുന്നു. ഇവിടങ്ങളില്‍ ഇസ്‌ലാം പഠിപ്പിച്ച സൂക്ഷ്മത പാലിക്കാത്തതാണ് ഭക്ഷണം വിഷമാവാനും മരുന്ന് ഭക്ഷണമാവാനും വിഷം മരുന്നാകാനുമെല്ലാം സാഹചര്യമൊരുക്കിയത്.

ഭക്ഷണത്തിന് മുമ്പും ശേഷവും കൈ, വായ എന്നിവ വൃത്തിയാക്കണം, സാവകാകാശത്തോടെ അല്പാലപമായി ഭക്ഷിക്കണം, കുടിവെള്ളത്തില്‍ ഊതരുത്, പാത്രങ്ങള്‍ മൂടി വെക്കണം തുടങ്ങി മുഹമ്മദ് നബി(സ്വ)യുടെ ഭക്ഷണശീലവും നിര്‍ദേശങ്ങളും മതചിട്ട എന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്. 
 

Feedback
  • Friday Apr 26, 2024
  • Shawwal 17 1445