Skip to main content

ഇഖ്‌വാന്‍: ചരിത്രവഴികള്‍

2012ല്‍, ഈജിപ്തിന് മുഹമ്മദ് മുര്‍സിയെന്ന ആദ്യ ജനാധിപത്യ പ്രസിഡണ്ടിനെ സമ്മാനിച്ചതുവരെയുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ചരിത്ര പാത അത്യന്തം ക്ലേശ ഭരിതമായിരുന്നു. ഫലസ്തീനെ ഭാഗിച്ച് 1948ല്‍ യഹൂദ രാഷ്ട്രമായ ഇസ്‌റാഈല്‍ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഫലസ്തീനിലെത്തി സായുധ ജിഹാദ് നടത്തി. 1949 ഫെബ്രുവരി 12ന് രൂപീകരണം മുതല്‍ രണ്ട് ദശാബ്ദം സംഘടനയെ നയിച്ച ഹസനുല്‍ ബന്ന ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1966ല്‍ ആഗസ്ത് 29ന് നാസിര്‍ ഗവണ്‍മെന്റ് സയ്യിദ് ഖുതുബ് ഉള്‍പ്പെടെ മൂന്ന് ഇഖ്‌വാന്‍ നേതാക്കളെ തൂക്കിലേറ്റി.

ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലേക്ക് ഇഖ്‌വാന്റെ സ്ഥാനാര്‍ഥികള്‍ പല സമയങ്ങളിലായി മത്സരിച്ചു. 1976ല്‍ ആറുപേരും 1984ല്‍ ഏഴുപേരും 2005ല്‍ 38 പേരും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ ഇഖ്‌വാന്‍ കൂടി നേതൃത്വം നല്‍കിയ വിപ്ലവത്തില്‍ ഹുസ്‌നി മുബാറക്ക് പ്രസിഡണ്ട് പദത്തില്‍ നിന്ന് പുറത്തായി. 2012 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടു നേടി ഇഖ്‌വാന്റെ മുഹമ്മദ് മുര്‍സി പ്രസിഡണ്ടുമായി. എന്നാല്‍ 2013 ജൂലൈയില്‍ മുര്‍സിയെ അബ്ദുല്‍ ഫത്താഹ് സി സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ഇഖ്‌വാന്‍ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു.

1948, 1954 എന്നീ വര്‍ഷങ്ങളിലും ഒടുവില്‍ 2013 സപ്തംബര്‍ 23നും ഇഖ്‌വാന്‍ മുസ്‌ലിമൂനെ സര്‍ക്കാര്‍ നിരോധിച്ചു. 2010 മുതല്‍ മുഹമ്മദ് ബദീഅ് ആയിരുന്നു സംഘടനയുടെ മുഖ്യകാര്യദര്‍ശി. അദ്ദേഹം ജയിലിലായതോടെ 2013 ആഗസ്തില്‍ മഹ്മൂദ് ഇസ്സത്തിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 

ഇഖ്‌വാനല്‍ മുസ്‌ലിമൂന്‍, അന്നദീര്‍, അല്‍മനാര്‍, അശ്ശിഹാബ്, അദ്ദഅ്‌വ, ലിവാഉല്‍ ഇസ്‌ലാം എന്നീ പ്രസിദ്ധീകരണങ്ങള്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നടത്തുന്നുണ്ട്. അല്‍അഖവാത്തുല്‍ മുസ്‌ലിമാത്ത് എന്ന പേരില്‍ വനിതാ ഘടകവും പ്രവര്‍ത്തിക്കുന്നു.

 

Feedback
  • Sunday May 5, 2024
  • Shawwal 26 1445